Sports News
വിരമിക്കലിനെക്കുറിച്ച് വെളിപ്പെടുത്തലുമായി ജസ്പ്രീത് ബുംറ!
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jul 05, 11:03 am
Friday, 5th July 2024, 4:33 pm

ടി-20 ഫൈനലില്‍ ഒരുഘട്ടത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരെ പ്രോട്ടിയാസ് തലങ്ങും വിലങ്ങും അടിച്ച് റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ ലോകകപ്പ് ഇന്ത്യയ്ക്ക് നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. 15 ഓവര്‍ പിന്നിട്ടപ്പോള്‍ 30 റണ്‍സായിരുന്നു സൗത്ത് ആഫ്രിക്കയ്ക്ക് വിജയിക്കാന്‍ വേണ്ടത്.

എന്നാല്‍ ഡെത്ത് ഓവറില്‍ ജസ്പ്രീത് ബുംറ വെറും ആറ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. അപകടകാരിയായ ഹെന്റിച്ച് ക്ലാസനെ പുറത്താക്കിയ ശേഷം അവസാന ഓവറില്‍ പാണ്ഡ്യ ഡേവിഡ് മില്ലറിനെ സൂര്യകുമാര്‍ യാദവിന്റെ കയ്യില്‍ എത്തിച്ച് കിരീടത്തിലേക്ക് കുതിക്കുകയായിരുന്നു ഇന്ത്യ.

മികച്ച രീതിയില്‍ ഓവര്‍ പൂര്‍ത്തിയാക്കിയ ബുംറ നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി 2 വിക്കറ്റായിരുന്നു നേടിയത്. ഇതോടെ ബുംറയെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. മത്സര ശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയും ടി-20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യയുടെ രണ്ടാം കിരീടനേട്ടത്തിന്റെ വിജയാഘോഷത്തില്‍ മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് ബുംറ.

‘ ഇപ്പോള്‍ ഞാന്‍ വിരമിക്കുന്നില്ല, ഞാന്‍ തുടങ്ങിയിട്ടേ ഉള്ളൂ. ഈ ചോദ്യം ഭാവിയില്‍ ഒരുപാട് കാലത്തിന് ശേഷമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,’ അനുമോദന ചടങ്ങില്‍ ബുംറ പറഞ്ഞു.

2007ല്‍ എം.എസ്. ധോണിക്ക് ശേഷം 2024ല്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ടി-20 കിരീടം സ്വന്തമാക്കിയത്. ഇതോടെ നാട്ടില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിന് മുംബൈയിലെ മറൈന്‍ ഡ്രൈവിലും വാംഖഡെ സ്റ്റേഡിയത്തിലും അമ്പരപ്പിക്കുന്ന സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. ആയിരക്കണക്കിന് ആളുകളാണ് മുംബൈയില്‍ തടിച്ചുകൂടിയത്.

 

Content Highlight: Jasprit Bumrah Talking About Retirement