Sports News
ഞാന്‍ എപ്പോഴും അഗ്രസീവാണ്, പക്ഷെ ബാറ്റര്‍മാരോട് സ്ലെഡ്ജ് ചെയ്ത് കോമാളിയാവാന്‍ ഞാനില്ല; വെളിപ്പെടുത്തലുമായി ജസ്പ്രീത് ബുംറ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jul 26, 03:25 am
Friday, 26th July 2024, 8:55 am

ജൂണ്‍ 27ന് ആരംഭിക്കുന്ന ഇന്ത്യ- ശ്രീലങ്ക പരമ്പരയിലെ ഏകദിന ഫോര്‍മാറ്റിലേക്ക് ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും വിരാട് കോഹ്‌ലിയേയും തിരിച്ച് വിളിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയ്ക്ക് മാത്രമാണ് ഗൗതം ഗംഭീറും അജിത് അഗാക്കറും അടങ്ങുന്ന മാനേജ്‌മെന്റ് വിശ്രമം അനുവദിച്ചത്.

കളിക്കളത്തില്‍ പന്ത്‌കൊണ്ട് അമ്മാനമാടുന്ന ബുംറയെ എതിരിടാന്‍ ഏത് ബാറ്ററും ഒന്ന് പരുങ്ങും. പക്ഷെ മറ്റെല്ലാത്തിലും നിന്ന് താരത്തെ വ്യത്യസ്തനാക്കുന്നത് ബുംറയുടെ ശാന്ത സ്വഭാവമാണ്. വിരാട് കോഹ്‌ലി മുതല്‍ മറ്റ് ഒരുപാട് താരങ്ങള്‍ വ്യത്യസ്തരീതിയില്‍ അമിത വികാരം പുറത്തെടുക്കാറുണ്ട്. എന്നാല്‍ ബുംറ ഒരിക്കലും അത്തരത്തില്‍ പ്രതികരിക്കാറില്ല എന്നാണ് ഇപ്പോള്‍ തുറന്ന് പറയുന്നത്. അതേ സമയം താന്‍ അഗ്രസീവാണെന്നും താരം പറഞ്ഞു.

‘ഞങ്ങള്‍ക്ക് കുറച്ച് അഗ്രസീവായിട്ടുള്ള കളിക്കാര്‍ ഉണ്ട്. അത് അവര്‍ക്ക് ഗുണകരമാണ്. പക്ഷെ എനിക്ക് ഒരിക്കലും അത് സ്യൂട്ടബിള്‍ അല്ല, ഞാന്‍ ആരെയും കോപ്പി ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. റണ്‍സ് അടിച്ചാലോ അപ്‌സറ്റായാലോ നിങ്ങള്‍ നിങ്ങളുടെ എനര്‍ജി എല്ലാവരേയും മുന്നില്‍ കാണിക്കേണ്ടതില്ല.

കോമ്പറ്റീഷനൊക്കെ എപ്പോളും മനസില്‍ ഉണ്ടാകണം. ചെറിയ പ്രായത്തില്‍ എനിക്ക് ദേഷ്യം വന്നാല്‍ ഞാന്‍ ബൗണ്‍സര്‍ എറിയുമായിരുന്നു. എന്നാല്‍ അത് എനിക്ക് ഒരിക്കലും വര്‍ക്ക് ആയില്ലായിരുന്നു, എനിക്ക് എന്റെ ഡെലിവറിയുടെ ലൈനും ലെങ്ത്തും നഷ്ടപ്പെട്ടു.

എന്നാല്‍ ദേഷ്യപ്പെട്ടുകൊണ്ട് തന്റെ മനസികനില പുറത്ത് കാണിക്കാത്ത ബൗളര്‍മാര്‍ ഉണ്ട്. ഞാന്‍ എറിയുന്ന പന്തുകളാണ് എനിക്ക് വേണ്ടി സംസാരിക്കുന്നത്. ബാറ്റര്‍മാരോട് സ്ലഡ്ജിങ്ങില്‍ ഏര്‍പ്പെട്ട് അഗ്രസീവായിട്ടുള്ള സെലിബ്രേഷന്‍ നടത്തി കോമാളിയാകാന്‍ എനിക്ക് കഴിയില്ല,’ ജസ്പ്രീത് ബുംറ പറഞ്ഞു.

അതേ സമയം ഇന്ത്യയുടെ ശ്രീലങ്ക പര്യടനം ജൂലൈ 27 മുതലാണ് നടക്കുന്നത്. മൂന്ന് ടി-20യും മൂന്ന് ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍.

 

Content Highlight: Jasprit Bumrah Talking About His Attitude Against Batter