ഐ.സി.സി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി സൂപ്പര്‍ താരം ജസ്പ്രീത് ബുംറ. ഐ.സി.സിയുടെ പുതുക്കിയ റാങ്കിങ്ങിലാണ് ബുംറ ഒന്നാം സ്ഥാനത്ത് തന്നെ ഇരിപ്പുറപ്പിച്ചത്. നിലവില്‍ നടക്കുന്ന ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയുടെ മെല്‍ബണ്‍ ടെസ്റ്റിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ബുംറയ്ക്ക് തന്റെ ഒന്നാം റാങ്ക് കൈവിടാതെ നിലനിര്‍ത്താന്‍ സാധിച്ചത്.
കരിയര്‍ ബെസ്റ്റ് റാങ്കിങ്ങുമായാണ് ബുംറ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 907 റേറ്റിങ്ങാണ് നിലവില്‍ ബുംറയ്ക്കുള്ളത്.
ഈ റേറ്റിങ് നേടിയതിന് പിന്നാലെ ഒരു ചരിത്ര റെക്കോഡും ബുംറയെ തേടിയെത്തി. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച റേറ്റിങ് എന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്. ഇതിഹാസ താരം ആര്‍. അശ്വിന്റെ 904 എന്ന റേറ്റിങ്ങാണ് ഇതോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ നിലവില്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം ഡെറക് അണ്ടര്‍വുഡിനൊപ്പം 17ാം സ്ഥാനം പങ്കിടുകയാണ് ബുംറ. ആക്ടീവ് ക്രിക്കറ്റേഴ്‌സില്‍ രണ്ടാം സ്ഥാനമാണ് ബുംറയ്ക്കുള്ളത്.
2019ല്‍ 914 റേറ്റിങ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സാണ് ഒന്നാമന്‍. ഓള്‍ ടൈം റാങ്കിങ്ങില്‍ ഗ്ലെന്‍ മഗ്രാത്തിനൊപ്പം അഞ്ചാം സ്ഥാനം പങ്കിടുകയാണ് കമ്മിന്‍സ്.
അശ്വിന് പുറമെ ഇതിഹാസ താരങ്ങളായ ഷെയ്ന്‍ വോണ്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവരെയടക്കം മറികടക്കാനും ബുംറയ്ക്കായി.
ഇംഗ്ലണ്ട് ഇതിഹാസ താരം സിഡ്‌നി ബാര്‍നെസിന്റെ പേരിലാണ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച റേറ്റിങ് രേഖപ്പെടുത്തിയത്. 1914ല്‍ ഫെബ്രുവരിയില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന് പിന്നാലെ 932 എന്ന ചരിത്ര റേറ്റിങ്ങാണ് താരം സ്വന്തമാക്കിയത്.
ജോര്‍ജ് ലോമാന്‍ (931), ഇമ്രാന്‍ ഖാന്‍ (922), മുത്തയ്യ മുരളീധരന്‍ (920), ഗ്ലെന്‍ മഗ്രാത് & പാറ്റ് കമ്മിന്‍സ് (914) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്.
(എക്കാലത്തെയും മികച്ച ടെസ്റ്റ് ബൗളര്‍മാരുടെ പട്ടിക കാണാന്‍ ഇവിടെ ക്ലിക്ചെയ്യുക)
അതേസമയം, പുതുക്കിയ ഐ.സി.സി റാങ്കിങ്ങില്‍ ജോഷ് ഹെയ്‌സല്‍വുഡും, ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സും മുന്നേറ്റമുണ്ടാക്കി. ഇരുവരും ഓരോ റാങ്ക് വീതം മെച്ചപ്പെടുത്തി യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തി.
പ്രോട്ടിയാസ് സൂപ്പര്‍ താരം കഗീസോ റബാദ രണ്ട് സ്ഥാനം നഷ്ടപ്പെട്ട് നാലാം റാങ്കിലെത്തിയപ്പോള്‍ സൂപ്പര്‍ താരം മാര്‍കോ യാന്‍സെന്‍ ഒറ്റയടിക്ക് ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അഞ്ചാമതെത്തി.
ഒരോ സ്ഥാനം വീതം നഷ്ടപ്പെട്ട മാറ്റ് ഹെന്‌റി, നഥാന്‍ ലിയോണ്‍, പ്രഭാത് ജയസൂര്യ, നോമന്‍ അലി, രവീന്ദ്ര ജഡേജ എന്നിവരാണ് യഥാക്രമം ആറ് മുതല്‍ പത്ത് വരെ റാങ്കിലുള്ളത്.
(ഐ.സി.സി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്ക് പട്ടികയുടെ പൂര്‍ണരൂപത്തിനായി ഇവിടെ ക്ലിക്ചെയ്യുക)
Content highlight: Jasprit Bumrah surpassed R Ashwin to become the best test bowler of India