ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരിക്കുകയാണ്. അഞ്ചാം ദിവസവും വില്ലനായി മഴയെത്തിയതോടെയാണ് മത്സരം സമനിലയില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
അഞ്ചാം ദിവസത്തിന്റെ തുടക്കത്തില്‍ ഇന്ത്യയുടെ അവസാന വിക്കറ്റും വീഴ്ത്തി ലീഡ് സ്വന്തമാക്കിയ ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സില്‍ 89 റണ്‍സ് നേടി ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. 275 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രമുള്ളപ്പോഴാണ് മഴയെത്തിയതും മത്സരം സമനിലയില്‍ അവസാനിച്ചതും.
സ്‌കോര്‍
ഓസ്ട്രേലിയ: 445 & 89/7
ഇന്ത്യ: 260 & 8/0 (T: 275)
പ്രതീക്ഷിച്ചതുപോലെ രണ്ടാം ഇന്നിങ്‌സില്‍ അതിവേഗം സ്‌കോര്‍ ചെയ്യാനും ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാനുമായിരുന്നു ഓസ്‌ട്രേലിയയുടെ ശ്രമം. എന്നാല്‍ അവിടെയും ഇന്ത്യന്‍ ബൗളര്‍മാര്‍ ആതിഥേയര്‍ക്ക് തലവേദന സൃഷ്ടിച്ചു. വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജും ആകാശ് ദീപും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.
ഇതോടെ ഒരു ചരിത്ര നേട്ടമാണ് ബുംറയെ തേടിയെത്തിയത്. ഒരു വിദേശ രാജ്യത്തില്‍ ഏറ്റവുമധികം വിക്കറ്റ് സ്വന്തമാക്കുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്. ഇതിഹാസ താരം കപില്‍ ദേവിനെയും സൂപ്പര്‍ താരം ഇഷാന്ത് ശര്‍മയെയും മറികടന്നുകൊണ്ടാണ് ബുംറ ഈ ചരിത്ര നേട്ടത്തില്‍ ഒന്നാമതെത്തിയത്.
ഗാബ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നേടിയതിന് പിന്നാലെ ഓസ്‌ട്രേലിയയില്‍ 50 വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കാന്‍ ബുംറക്ക് സാധിച്ചിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ആദ്യ വിക്കറ്റ് വീഴ്ത്തിയതോടെ ഇഷാന്ത് ശര്‍മയ്ക്കും കപില്‍ ദേവിനുമൊപ്പമെത്തിയ ബുംറ രണ്ടാം വിക്കറ്റിന് പിന്നാലെ ഇരുവരെയും മറികടക്കുകയും ചെയ്തു.
നിലവില്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ കളിച്ച 20 ഇന്നിങ്‌സില്‍ നിന്നും 53 വിക്കറ്റുകളാണ് ബുംറയ്ക്കുള്ളത്. അതായത് ടെസ്റ്റില്‍ ആകെ വീഴ്ത്തിയ 194 വിക്കറ്റുകളില്‍ 53 എണ്ണവും ഓസ്‌ട്രേലിയന്‍ മണ്ണിലാണെന്നര്‍ത്ഥം.
(താരം – എതിരാളികള്‍/ രാജ്യം – വിക്കറ്റ് എന്നീ ക്രമത്തില്‍)
ജസ്പ്രീത് ബുംറ – ഓസ്ട്രേലിയ – 53*
കപില്‍ ദേവ് – ഓസ്ട്രേലിയ – 51
ഇഷാന്ത് ശര്‍മ – ഇംഗ്ലണ്ട് – 51
അതേസമയം, ബ്രിസ്‌ബെയ്‌നില്‍ സമനില പാലിച്ചതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും 1-1 എന്ന നിലയില്‍ തുല്യത പാലിക്കുകയാണ്.
രണ്ട് ടെസ്റ്റുകളാണ് ഇനി പരമ്പരയില്‍ അവശേഷിക്കുന്നത്. ഡിസംബര്‍ 26ന് ആരംഭിക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിന് മെല്‍ബണ്‍ വേദിയാകുമ്പോള്‍ ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ ഷെഡ്യൂള്‍ ചെയ്യപ്പെട്ട അവസാന ടെസ്റ്റിന് സിഡ്നിയും വേദിയാകും.
Content highlight: Jasprit Bumrah surpassed Kapil Dev and Ishanth Sharma in most wickets in an overseas country by an Indian bowler