ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ഏകദിന മത്സരം ഇന്ത്യന്‍ ബൗളര്‍മാരുടെ മത്സരമായിരുന്നു. വെടിക്കെട്ടിന് പേരുകേട്ട ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകര്‍ത്തെറിയുകയായിരുന്നു ഇന്ത്യ. വെറും 110 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിനെ ഇന്ത്യ തകര്‍ത്തത്.
ഇന്ത്യന്‍ ബൗളിങ് നിരയെ നയിച്ചത് ജസ്പ്രിത് ബുംറയായിരുന്നു. മൂന്ന് ബാറ്റര്‍മാരെ പൂജ്യത്തിന് പുറത്താക്കിയ ബുംറ ആറ് ഇംഗ്ലീഷ് വിക്കറ്റുകളാണ് കൊയ്തത്. 7.2 ഓവറില്‍ വെറും 19 റണ്‍സ് വഴങ്ങിയാണ് ബുംറ ആറ് വിക്കറ്റുകള്‍ നേടിയത്. മത്സരത്തിലെ താരവും ബുംറയായിരുന്നു.
എന്നാല്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏകദിനത്തിലെ ബെസ്റ്റ് സ്‌പെല്‍ ഇതല്ല. മൂന്നാമതാണ് ബുംറയുടെ സ്ഥാനം. ഈ ലിസ്റ്റില്‍ രണ്ടാമതുള്ളത് മുന്‍ നായകന്‍ അനില്‍ കുംബ്ലയാണ്. 1993ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 12 റണ്‍സ് വഴങ്ങി കുംബ്ലെ ആറ് വിക്കറ്റ് നേടിയിരുന്നു.
ഇത് രണ്ടും മികച്ച ബൗളിങ് സ്‌പെല്ലുകളാണ്. എന്നാല്‍ ഇതിനേക്കാള്‍ മികച്ചതായ, ലോക ക്രിക്കറ്റിലെ തന്നെ മികച്ച സ്‌പെല്‍ എന്ന് വിഷേശിപ്പിക്കാവുന്ന സ്‌പെല്ലാണ് ഈ ലിസ്റ്റില്‍ ഒന്നാമതുള്ളത്. സ്റ്റുവര്‍ട്ട് ബിന്നിയാണ് ആ റെക്കോഡിനുടമ. 2014ല്‍ ബംഗ്ലാദേശിനെതിരെയായിരുന്നു ബിന്നിയുടെ മാരക സ്‌പെല്‍.
വെറും നാല് റണ്‍സ് വഴങ്ങിയാണ് ബിന്നി ആറ് വിക്കറ്റ് വീഴ്ത്തിയത്. സുരേഷ് റെയ്‌നയുടെ കീഴിലിറങ്ങിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും 105 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ വെറും 58 റണ്‍സില്‍ ഒതുക്കുകയായിരുന്നു ഇന്ത്യ.
ബംഗ്ലാദേശ് 44ന് രണ്ട് എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു ബിന്നി പന്തെടുക്കുന്നത്. പിന്നെ നടന്നത് ചരിത്രം. പിന്നീടുള്ള എട്ട് വിക്കറ്റുകള്‍ വെറും 14 റണ്‍സിനാണ് ഇന്ത്യ നേടിയത്. ഇതില്‍ ആറ് വിക്കറ്റും നേടിയത്. ബിന്നിയായിരുന്നു.
ഒരുപക്ഷെ ആ റെക്കോഡ് നമ്പറുകള്‍ വെച്ച് ഏറ്റവും മികച്ചതായിരിക്കില്ല. ഒരു മത്സരത്തില്‍ എട്ടും ഏഴും വിക്കറ്റുകള്‍ നേടിയ ബൗളര്‍മാരുണ്ട്. എന്നാല്‍ മത്സരത്തിന്റെ സാഹചര്യം വെച്ച് നോക്കുമ്പോള്‍ ബിന്നിയുടെ ഏറ്റവും മികച്ച സ്‌പെല്ലായി കണക്കാക്കാവുന്നതാണ്.