2007ലെ ടി-20 ലോകകപ്പ് സ്റ്റുവര്‍ട്ട് ബ്രോഡ് ഒരിക്കലും മറക്കാനിടയില്ല. ഫ്‌ളിന്റോഫിനോടും പോള്‍ കോളിങ്‌വുഡിനോടുമുള്ള കലിപ്പ് യുവരാജ് സിങ് ബ്രോഡിന്റെ നെഞ്ചത്ത് തീര്‍ത്തപ്പോള്‍ ക്രിക്കറ്റ് ലോകം ഒന്നടങ്കം ആവേശത്തിലായിരുന്നു.
ഗ്രൗണ്ടിന്റെ നാല് ഭാഗത്തേക്കും പന്തടിച്ചുപറത്തിയാണ് യുവരാജ് തന്റെ ക്ലാസിക് പ്രതികാരം പുറത്തെടുത്തത്. ചൊറിയാന്‍ പോയത് ടീമിലെ സീനിയര്‍ താരങ്ങളാണെങ്കിലും എട്ടിന്റെ പണി കിട്ടിയത് അന്നത്തെ യുവതാരമായിരുന്ന ബ്രോഡിനായിരുന്നു. എല്ലാ പന്തിലും സിക്‌സറടിച്ച യുവരാജ് ആ ഓവറില്‍ മാത്രം 36 റണ്‍സായിരുന്നു നേടിയത്.
ആ സംഭവത്തിന്റെ ഓര്‍മകള്‍ പതിയെ മാഞ്ഞ്, ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച ബൗളര്‍മാരില്‍ ഒരാളായി തുടരവെയാണ് ബ്രോഡിനെ തേടി വീണ്ടും ഒരു ഇന്ത്യന്‍ താരത്തിന്റെ തകര്‍പ്പന്‍ പ്രകടനമെത്തിയത്.
2007 ലോകകപ്പില്‍ ഒരോവറില്‍ 36 റണ്‍സാണ് താരം വിട്ടുനല്‍കിയതെങ്കില്‍ ഇത്തവണ 35 റണ്‍സാണ് ബ്രോഡ് വിട്ടുനല്‍കിയത്. 2007ല്‍ ബ്രോഡിനെ പഞ്ഞിക്കിട്ടത് യുവരാജ് സിങ്ങാണെങ്കില്‍ 15 വര്‍ഷങ്ങള്‍ക്കിപ്പുറം ജസ്പ്രീത് ബുംറയാണ് എന്ന വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്.
ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും എക്‌സ്‌പെന്‍സീവായ ഓവര്‍ കൂടിയായിരുന്നു ഇത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയതിന്റെ മോശം റെക്കോഡും ഇപ്പോള്‍ ബ്രോഡിന്റെ പേരിലാണ്.
ഇന്ത്യന്‍ ഇന്നിങ്‌സിലെ 84ാം ഓവറിലായിരുന്നു ബുംറയുടെ വെടിക്കെട്ട്. ടെസ്റ്റില്‍ ടി-20 കളിച്ചാണ് ബുംറ ബ്രോഡിനെ ഒരിക്കല്‍ക്കൂടി തലതാഴ്ത്തി നിര്‍ത്തിച്ചത്.
ഇന്ത്യ 377/ 9 എന്ന നിലയില്‍ നില്‍ക്കവെയായിരുന്നു ബ്രോഡ് തന്റെ 18ാം ഓവര്‍ എറിയാനെത്തിയത്. പിന്നെ നടന്നത് ചരിത്രം. ബ്രോഡിന്റെ ഓവറില്‍ ബുംറ 29 റണ്‍സ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തപ്പോള്‍ ആറ് റണ്‍സ് എക്‌സ്ട്രാ എന്ന നിലയിലും ഇന്ത്യന്‍ ടോട്ടലില്‍ കയറി.
ബ്രോഡിന്റെ 18ാം ഓവറില്‍ നടന്നതിങ്ങനെ
ആദ്യ പന്ത് : ഫോര്‍
രണ്ടാം പന്ത് : വൈഡ്, കീപ്പറിന്റെ കൈകളില്‍ പെടാതെ പന്ത് ബൗണ്ടറിയിലേക്ക്, അങ്ങനെ രണ്ടാം പന്തില്‍ പിറന്നത് അഞ്ച് റണ്‍സ്
മൂന്നാം പന്ത്: സിക്‌സ് ഒപ്പം ഓവര്‍ സ്‌റ്റെപ്പിങ് നോ ബോളും, അതോടെ മൂന്നാം പന്തില്‍ ഇന്ത്യ നേടിയത് ഏഴ് റണ്‍സ്
നാലാം പന്ത് : ഫോര്‍
അഞ്ചാം പന്ത് : ഫോര്‍
ആറാം പന്ത് : ഫോര്‍
ഏഴാം പന്ത് : സിക്‌സര്‍
എട്ടാം പന്ത് : സിംഗിള്‍
ബുംറയുടെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഇന്ത്യയെ 400 കടത്തിയത്. നേരത്തെ റിഷബ് പന്തിന്റെയും ജഡേജയുടെയും സെഞ്ച്വറിയായിരുന്നു ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ഒടുവില്‍ എല്ലാ വിക്കറ്റും നഷ്ടമാവുമ്പോള്‍ ഇന്ത്യ 416 റണ്‍സാണ് സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 6.3 ഓവറില്‍ 31ന് രണ്ട് എന്ന നിലയില്‍ നില്‍ക്കവെ മഴകാരണം മാച്ച് തടസ്സപ്പെടുകയായിരുന്നു. ഓപ്പണര്‍മാരായ അലക്‌സ് ലീസിന്റെയും സാക്ക് ക്രോളിയുടെയും വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. രണ്ട് പേരെ മടക്കിയതും ബുംറ തന്നെ.
Content Highlight: Jasprit Bumrah slams Stuart Broad for the most expensive over in Test cricket