'ലോകത്തോട് പറഞ്ഞേക്ക്'; ഇമോഷണല്‍ പോസ്റ്റുമായി ബുംറ
Sports News
'ലോകത്തോട് പറഞ്ഞേക്ക്'; ഇമോഷണല്‍ പോസ്റ്റുമായി ബുംറ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 18th July 2023, 9:11 pm

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളറാകാനുള്ള എല്ലാവിധ ടാലെന്റുമുള്ള താരമാണ് ജസ്പ്രീത് ബുംറ. അണ്‍ ഓര്‍ത്തഡോക്സായിട്ടുള്ള ആക്ഷനും ടോ ബ്രേക്കിങ് യോര്‍ക്കറുംകൊണ്ട് ഏറെ ശ്രദ്ധപിടിച്ചുപറ്റിയ താരമായിരുന്നു അദ്ദേഹം. കരിയറിന്റെ തുടക്കം മുതല്‍ അദ്ദേഹത്തിന്റെ ആക്ഷനും പേസിനും ആരാധകര്‍ ഏറെയാണ്.

ഇപ്പോള്‍ കുറെ നാളുകളായി പരിക്കിന്റെ പിടിയിലായി ചികിത്സയിലാണ് താരം. പരിക്ക് കാരണം കഴിഞ്ഞ ഐ.പി.എല്ലുള്‍പ്പടെ ഒരുപാട് മത്സരങ്ങള്‍ അദ്ദേഹത്തിന് നഷ്ടമായിട്ടുണ്ട്. ഇപ്പോള്‍ നാഷണല്‍ ക്രിക്കറ്റ് അക്കാഡമയില്‍ ട്രെയിനിങ്ങിലാണ് ബുംറ. മാര്‍ച്ചിലായിരുന്നു അദ്ദേഹത്തിന്റെ സര്‍ജറി.

എന്നാല്‍ ഇപ്പോള്‍ ആരാധകര്‍ക്കും ഇന്ത്യന്‍ ടീമിനും ഒരുപാട് സന്തോഷവും ആശ്വാസവും തരുന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്. ഉടനെ തന്നെ ബുംറ കളിക്കളത്തിലേക്ക് തിരിച്ചെത്തിയേക്കും. ബുംറ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ ഇക്കാര്യം അറിയിച്ചത്. ‘ടെല്‍ ദി വേള്‍ഡ്, ഐ ആം കമിങ് ഹോം’ എന്ന പാട്ട് വെച്ചുകൊണ്ടായിരുന്നു അദ്ദേഹം വീഡിയോ പങ്കുവെച്ചത്.

സെപ്റ്റംബറില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ ബുംറയെ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാരും ടീം മാനേജ്‌മെന്റും നോക്കുകയായിരുന്നു, എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചകളിലെ അദ്ദേഹത്തിന്റെ ആരാഗ്യത്തിലെ പുരോഗതി കാരണം അയര്‍ലന്‍ഡിനെതിരെയുള്ള പരമ്പരയില്‍ കളിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ പങ്കാളിത്തം സംബന്ധിച്ച് വരും ദിവസങ്ങളില്‍ തീരുമാനമുണ്ടാകും.

View this post on Instagram

A post shared by jasprit bumrah (@jaspritb1)

കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പിലും, ട്വന്റി-20 ലോകകപ്പിലും അദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിച്ചില്ലായിരുന്നു. പിന്നീട് ഐ.പി.എല്ലില്‍ കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും അതില്‍ നിന്നും പിന്മാറുകയായിരുന്നു. പിന്നീട് അദ്ദേഹം സര്‍ജറിക്ക് വിധേയനാകുകയും എന്‍.സി.എയില്‍ ട്രെയിനിങ്ങിലുമായിരുന്നു.

ഏകദിന ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് ബുംറയുടെ തിരിച്ചുവരവ് നല്‍കുന്ന കോണ്‍ഫിഡെന്‍സ് ചെറുതൊന്നുമല്ല. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പിലും ട്വന്റി-20 ലോകകപ്പിലും, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ ടീമിന് അദ്ദേഹത്തിന്റെ നഷ്ടം നികത്താന്‍ സാധിച്ചില്ലായിരുന്നു.

Content Highlights: Jasprit Bumrah Share the post of His comeback