| Sunday, 26th June 2022, 6:13 pm

35 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിക്കപ്പെടുമോ? അങ്ങനെയെങ്കില്‍ വിരാടേ വിട

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിന് മുമ്പേ രോഹിത് ശര്‍മയ്ക്ക് കൊവിഡ് സ്ഥിരീകിച്ചത് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്കയുണര്‍ത്തുന്നുണ്ട്. ജൂലൈ ഒന്നിന് ആരംഭിക്കുന്ന പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ രോഹിത് ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ക്യാപ്റ്റനില്ലാത്തത് അഞ്ചാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. ഏറ്റവും പുതിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിലാണ് രോഹിത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. താരമിപ്പോള്‍ ഐസൊലേഷനിലാണ്.

ലെസ്റ്റര്‍ഷെയറിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ചതുര്‍ദിന സന്നാഹ മത്സരത്തിന്റെ രണ്ടാം ഇന്നിങ്സില്‍ അദ്ദേഹം ബാറ്റ് ചെയ്തില്ല. ഇംഗ്ലണ്ടിനെതിരെ കളി തുടങ്ങാന്‍ ആറ് ദിവസം മാത്രം ബാക്കി നില്‍ക്കെ ബര്‍മിങ്ഹാം ടെസ്റ്റില്‍ അദ്ദേഹം കളിക്കുമോ എന്നത് ഇപ്പോള്‍ സംശയത്തിലാണ്.

രോഹിത്തില്ലെങ്കില്‍ ആര് എന്ന ചോദ്യത്തിനാണ് ഇനി ഉത്തരം ലഭിക്കേണ്ടത്. ഉപനായകന്‍ കെ.എല്‍. രാഹുല്‍ നേരത്തെ പരിക്കേറ്റ് പുറത്തായതിനാല്‍ ഇന്ത്യക്ക് മുമ്പില്‍ ആ വഴിയും അടഞ്ഞിരിക്കുകയാണ്.

വിരാട് കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനത്തിന് എന്തുകൊണ്ടും യോഗ്യനാണെങ്കിലും അദ്ദേഹത്തെ പരിഗണിക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്.

എന്നാലിപ്പോള്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സര്‍വധാ യോഗ്യനായ മറ്റൊരു താരവും ടീമിനൊപ്പമുണ്ട്. മുന്‍ കാലങ്ങളില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ ജസ്പ്രീത് ബുംറയാണ് ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന മറ്റൊരു പേര്.

നേരത്തെ, സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള പരമ്പരയില്‍ ഉപനായകന്റെ റോളില്‍ താരമെത്തിയിരുന്നു. ടീമിന്റെ നായക സ്ഥാനം നല്‍കിയാല്‍ അത് സന്തോഷപൂര്‍വം സ്വീകരിക്കുമെന്നും ബുംറ വ്യക്തമാക്കിയിരുന്നു.

‘ഇന്ത്യയെ നയിക്കാനുള്ള അവസരം ലഭിച്ചാല്‍ അത് ഒരു അംഗീകാരം തന്നെയാണ്. ഒരാള്‍ പോലും അത് വേണ്ട എന്ന പറയും എന്ന് ഞാന്‍ കരുതുന്നില്ല. ദൈവത്തിന്റെ പദ്ധതിയില്‍ വിശ്വസിക്കുന്നതിനാല്‍ ഞാന്‍ ഒന്നിന്റെയും പുറകെ പോവാറില്ല.

എന്നോട് എന്ത് ആവശ്യപ്പെട്ടാലും എന്റെ മുഴുവന്‍ കഴിവും ഉപയോഗിച്ച് ഞാന്‍ അത് ചെയ്യും. എല്ലാം മാറ്റാന്‍ എനിക്കാഗ്രഹമില്ല. ടീമിലെ സീനിയര്‍ താരങ്ങളില്‍ ഒരാളാകുമ്പോള്‍ നിങ്ങള്‍ എപ്പോഴും ലീഡറാണ്,’ അദ്ദേഹം പറഞ്ഞു.

നേരത്തെ വിരാട് കോഹ്‌ലി ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ജസ്പ്രീത് ബുംറ ഇന്ത്യയുടെ നായകസ്ഥാനമേറ്റെടുക്കുകയാണെങ്കില്‍ 35 വര്‍ഷത്തെ ചരിത്രമാവും മാറ്റിയെഴുതപ്പെടുക. കപില്‍ ദേവിന് ശേഷം ടെസ്റ്റില്‍ ഇന്ത്യയുടെ നായകനാവുന്ന ഫാസ്റ്റ് ബൗളര്‍ എന്ന നിലയില്‍ ചരിത്രമാവാനും താരത്തിന് സാധിക്കും.

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറായിരുന്ന കപില്‍ ദേവ് 1987 മാര്‍ച്ചിലാണ് അവസാനമായി ക്യപ്റ്റന്റെ കുപ്പായമണിഞ്ഞത്.

നിലവില്‍ പരമ്പരയില്‍ 2-1 എന്ന നിലയില്‍ മുമ്പിലാണ് ഇന്ത്യ. അവസാന മത്സരത്തില്‍ വിജയിച്ചാലോ സമനില പിടിച്ചാലോ 2007ന് ശേഷം ആദ്യമായി ഇംഗ്ലണ്ടില്‍ ഇന്ത്യക്ക് പരമ്പര നേടാം.

ഞായറാഴ്ച പുലര്‍ച്ചെ ഒരു ഔദ്യോഗിക പത്രക്കുറിപ്പിലായിരുന്നു ബി.സി.സി.ഐ രോഹിത്തിന്റെ കൊവിഡ് വാര്‍ത്ത പുറത്തുവിട്ടത്. നിലവില്‍ ബി.സി.സി.ഐ.യുടെ മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തിലാണ് അദ്ദേഹത്തെ ടീം ഹോട്ടലില്‍ ഐസൊലേറ്റ് ചെയ്തിരിക്കുന്നത്.

Content Highlight: Jasprit Bumrah set to become the first fast bowler in 35 years to captain India in Test cricket

We use cookies to give you the best possible experience. Learn more