| Friday, 12th April 2024, 12:44 pm

ഇന്ത്യ വിട്ട് കാനഡക്കായി ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിച്ചിരുന്നു: വെളിപ്പെടുത്തലുമായി ഇന്ത്യൻ സൂപ്പർ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റില്‍ ഒരുകാലത്ത് മികച്ച അവസരങ്ങള്‍ ലഭിക്കാനായി കാനഡയിലേക്ക് പോകണമെന്ന് തീരുമാനിച്ചിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ബുംറയുടെ ഭാര്യ സഞ്ജനയുമായുള്ള ജിയോ സിനിമയിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബുംറ.

‘ഞങ്ങള്‍ ഈ വിഷയം മുമ്പ് ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. എല്ലാവരെയും പോലെ തന്നെ ഇന്ത്യയുടെ ഒരു മികച്ച ക്രിക്കറ്റ് താരമാവാന്‍ ഞാന്‍ സ്വപ്നം കണ്ടു. എന്നാലും എന്റെ മുന്നില്‍ സാധ്യതകള്‍ വളരെ കുറവായിരുന്നു. ഈ സാഹചര്യത്തില്‍ മറ്റൊരു ബാക്കപ്പ് പ്ലാന്‍ ആവശ്യമായിരുന്നു.

അങ്ങനെ ഞാന്‍ എന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അതിനുശേഷം ഞങ്ങള്‍ കുടുംബമായി കൂടിയേറുന്നതിനെ കുറിച്ചാണ് ആലോചിച്ചത്. എന്നാല്‍ വിദേശത്തുള്ള സംസ്‌കാരം അമ്മക്ക് മടിയായിരുന്നു.

എന്നാല്‍ ഭാഗ്യം കൊണ്ട് ഇവിടെ എല്ലാ കാര്യങ്ങളും അനുയോജ്യമായി. ഇല്ലെങ്കില്‍ ഞാന്‍ കാനഡയ്ക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ പോകുമായിരുന്നു. ഇന്ത്യക്കായും മുംബൈ ഇന്ത്യന്‍സിനായും കളിക്കാന്‍ സാധിച്ചതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. സ്ഥിരതയോടു കൂടി പ്രയത്‌നിച്ചാല്‍ ജീവിതത്തില്‍ എന്ത് ലക്ഷ്യങ്ങളും നേടിയെടുക്കാന്‍ ഒരാള്‍ക്ക് സാധിക്കും,’ ബുംറ പറഞ്ഞു.

2013ലാണ് മുംബൈ ഇന്ത്യന്‍സിന് വേണ്ടി ബുംറ അരങ്ങേറ്റം കുറിക്കുന്നത്. അന്ന് തുടങ്ങിയ ബുംറയുടെ ക്രിക്കറ്റ് ജൈത്രയാത്ര ഇന്ന് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇന്ത്യന്‍ പേസര്‍ ആയിട്ടാണ് നില്‍ക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മൂന്ന് ഫോര്‍മാറ്റിലും ഒഴിച്ചുകൂടാന്‍ ആവാത്ത പ്രതിഭയാണ് നിലവില്‍ ബുംറ. വരാനിരിക്കുന്ന ടി-20 ലോകകപ്പിലും ഇന്ത്യന്‍ ബൗളിങ് നിരയില്‍ ബുംറ മിന്നും പ്രകടനം കാഴ്ചവെക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

മുംബൈ ബൗളിങ്ങില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ നടത്തിയത്. നാല് ഓവറില്‍ വെറും 21 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ബുംറ അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

5.25 എക്കോണമിയില്‍ പന്തെറിഞ്ഞ ബുംറ ബെംഗളൂരു താരങ്ങളായ വിരാട് കോഹ്ലി, നായകന്‍ ഫാഫ് ഡുപ്ലെസിസ്, മഹിപാല്‍ ലോമോര്‍, സൗരവ് ചൗഹാന്‍, വൈശാഖ് വിജയ് കുമാര്‍ എന്നിവരെ പുറത്താക്കിയാണ് കരുത്ത് കാട്ടിയത്.

ഈ സീസണിൽ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ പട്ടികയിലും ഒന്നാമതും ബുംറ തന്നെയാണ്. അഞ്ച് മത്സരങ്ങളില്‍ നിന്നും പത്ത് വിക്കറ്റുകളാണ് താരം നേടിയത്.

Content Highlight:  Jasprit Bumrah said that he decided to go to Canada to get opportunities in cricket

We use cookies to give you the best possible experience. Learn more