| Monday, 26th September 2022, 7:42 am

ചരിത്രത്തില്‍ തന്നെ ആദ്യം, തല കുനിച്ച് ബുംറ; ഇന്ത്യക്ക് ആ പ്രതീക്ഷയും നഷ്ടമാവുന്നുവോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ഓസ്‌ട്രേലിയ ടി-20 പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ 2-1ന് പരമ്പരയും തങ്ങളുടെ പേരിലാക്കാന്‍ ഇന്ത്യന്‍ പടക്ക് കഴിഞ്ഞു.

ബാറ്റിങ്ങില്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലിയും സൂര്യകുമാര്‍ യാദവും കത്തിക്കയറിയതോടെയാണ് ഇന്ത്യന്‍ വിജയം അനായാസമായത്. ബാറ്റിങ് നിരയില്‍ ഇന്ത്യ തങ്ങളുടെ ക്ലാസ് ഒരിക്കല്‍ക്കൂടി പുറത്തെടുത്തപ്പോള്‍, ബൗളിങ്ങില്‍ വീണ്ടും പരാജയമായി മാറി.

കഴിഞ്ഞ മത്സരത്തില്‍ ഏറ്റവും മികച്ച രീതിയില്‍ അടിവാങ്ങിക്കൂട്ടിയത് ഇന്ത്യയുടെ വിശ്വസ്തന്‍ ജസ്പ്രീത് ബുംറയായിരുന്നു. ഇന്ത്യന്‍ പേസ് ബൗളിങ്ങിന്റെ കുന്തമുനയായ ബുംറയുടെ മുനയൊടിച്ചുവിടുന്ന പ്രകടനമായിരുന്നു ഓസീസ് ബാറ്റര്‍മാര്‍ നടത്തിയത്.

ബുംറയുടെ നാലോവറിലും ഓസീസ് ബാറ്റര്‍മാര്‍ അദ്ദേഹത്തെ അടിച്ചൊതുക്കുകയായിരുന്നു. നാല് ഓവറില്‍ 12.50 എക്കോണമിയില്‍ 50 റണ്‍സാണ് ബുംറ വിട്ടുനല്‍കിയത്. ഒറ്റ വിക്കറ്റ് പോലും നേടാനുമായില്ല.

തന്റെ കരിയറിലെ ഏറ്റവും മോശം പ്രകടനമാണ് ബുംറ കഴിഞ്ഞ ദിവസം പുറത്തെടുത്തത്. അന്താരാഷ്ട്ര ടി-20 മത്സരത്തില്‍ ഇതാദ്യമായാണ് ബുംറ 50 റണ്‍സ് വഴങ്ങുന്നത്.

ബുംറക്ക് പുറമെ പേസ് ബൗളിങ്ങില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ഭുവനേശ്വര്‍ കുമാര്‍ കഴിഞ്ഞ മത്സരത്തിലും മികച്ച രീതിയില്‍ അടിവാങ്ങിക്കൂട്ടി. മൂന്ന് ഓവറില്‍ 13 എന്ന എക്കോണമിയില്‍ 39 റണ്‍സാണ് താരം വഴങ്ങിയത്.

ഇന്ത്യന്‍ മണ്ണില്‍ പോലും ഇത്രയും മോശം പ്രകടനമാണ് ഇന്ത്യന്‍ പേസര്‍മാര്‍ കാഴ്ചവെക്കുന്നതെങ്കില്‍ ഓസീസ് പിച്ചില്‍ സ്ഥിതി ഇതിലും പരിതാപകരമാവും. ഇതോടെ പേസിനെ തുണക്കുന്ന ഓസ്‌ട്രേലിയന്‍ പിച്ചില്‍ അവസരം മുതലാക്കാന്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് കഴിയാതെ വന്നേക്കും.

ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് ഏറ്റവും വലിയ തിരിച്ചടിയായത് ബുംറയുടെ അഭാവമാണെന്നായിരുന്നു എല്ലാവരും വിലയിരുത്തിയത്. ഒരുപക്ഷേ ജസ്പ്രീത് ബുംറ ഇന്ത്യന്‍ ടീമിനൊപ്പമുപണ്ടായിരുന്നുവെങ്കില്‍ ഇന്ത്യ ഫൈനല്‍ കളിച്ചേനേ എന്ന് വിശ്വസിക്കുന്നവരുമുണ്ട്.

ലോകകപ്പ് ടീമില്‍ ബുംറ ഇടം നേടിയതുകൊണ്ട് ഇന്ത്യന്‍ ആരാധകര്‍ ഏറ്റവുമധികം ആവേശം കൊണ്ടതും ഇക്കാര്യത്താലാണ്.

എന്നാല്‍ പരിക്ക് മാറി ടീമിലെത്തിയ ബുംറക്ക് റണ്‍സ് വഴങ്ങാനല്ലാതെ കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. ഇന്ത്യ – ഓസ്‌ട്രേലിയ പരമ്പരയില്‍ രണ്ടാം മത്സരം മുതലാണ് ബുംറ കളത്തിലിറങ്ങിയത്. എന്നാല്‍ ഈ രണ്ട് മത്സരവും ബുംറയെയും സംബന്ധിച്ച് മോശം റിസള്‍ട്ടായിരുന്നു നല്‍കിയത്.

മഴ കാരണം എട്ട് ഓവറാക്കി ചുരുക്കിയ രണ്ടാം മത്സരത്തില്‍ രണ്ട് ഓവര്‍ എറിഞ്ഞ് 23 റണ്‍സാണ് ബുംറ വഴങ്ങിയത്, അതായത് എക്കോണമി 11.50. കഴിഞ്ഞ മത്സരത്തിലെ എക്കോണമിയാകട്ടെ 12.50ഉം. റണ്‍സ് വഴങ്ങുന്ന കാര്യത്തില്‍ നിലവില്‍ താനും മോശമല്ലെന്നാണ് ബുംറ തെളിയിക്കുന്നത്.

ഇന്ത്യന്‍ പേസര്‍മാര്‍ ഒന്നാകെ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് തലവേദനയായിരിക്കുന്ന സമയത്ത് ബുംറയുടെ മോശം ഫോം ഇന്ത്യയുടെ തലവേദന കൂട്ടിയിരിക്കുകയാണ്.

Content Highlight: Jasprit Bumrah’s worst bowling figure in his international T20 career

Latest Stories

We use cookies to give you the best possible experience. Learn more