ഞാന്‍ അങ്ങനെ ചെയ്താല്‍ ഈ ലോകത്തിലെ ആര്‍ക്കും എന്നെ തടയാന്‍ സാധിക്കില്ല: ബുംറ
Sports News
ഞാന്‍ അങ്ങനെ ചെയ്താല്‍ ഈ ലോകത്തിലെ ആര്‍ക്കും എന്നെ തടയാന്‍ സാധിക്കില്ല: ബുംറ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 30th August 2024, 4:26 pm

ഇന്ത്യ പ്രൊഡ്യൂസ് ചെയ്ത എക്കാലത്തെയും മികച്ച പേസര്‍മാരില്‍ ഒരാളാണ് സൂപ്പര്‍ താരം ജസ്പ്രീത് ബുംറ. റണ്‍സ് വഴങ്ങാതെ പന്തെറിയാനും വിക്കറ്റ് വീഴ്ത്തി മത്സരം തന്റെ ടീമിന് അനുകൂലമാക്കാനും പ്രത്യേക കഴിവുള്ള ബുംറയുടെ മികവില്‍ ഇന്ത്യ പല തവണ തോല്‍വിയെ ജയമാക്കി മാറ്റിയിട്ടുണ്ട്.

ഡെത്ത് ഓവറുകളില്‍ റണ്‍സ് വഴങ്ങാതെ പന്തെറിയാനുള്ള മികവാണ് ബുംറയെ അപകടകാരിയാക്കി മാറ്റുന്നത്. കൃത്യമായി ലൈനിലും ലെങ്ത്തിലും പന്തെറിയുന്ന ബുംറയുടെ വേഗതയെ മറികടന്ന് റണ്‍സ് കണ്ടെത്തുകയെന്നത് ബാറ്റര്‍മാരെ സംബന്ധിച്ച് അല്‍പം ബുദ്ധിമുട്ടേറിയ കടമ്പയാണ്.

ഇപ്പോള്‍ ഏത് ബാറ്ററിനെതിരെ പന്തെറിയാനാണ് ബുദ്ധിമുട്ട് എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് ബുംറ. ഒരു ചടങ്ങിനിടെ അവതാരക ചോദിച്ച ചോദ്യത്തിന് ബുംറ നല്‍കിയ മറുപടിയാണ് ക്രിക്കറ്റ് ആരാധകര്‍ ആഘോഷമാക്കുന്നത്.

ഒരു ബാറ്ററുടെയും പേര് പറയാതെയാണ് താരം ഈ ചോദ്യത്തിന് ഉത്തരം നല്‍കിയത്.

‘നോക്കൂ, ഈ ചോദ്യത്തിന് മികച്ച ഒരു ഉത്തരം തരണമെന്ന് തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പക്ഷേ ഒരു ബാറ്ററുടെയും പേര് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം എല്ലാ ബാറ്റര്‍മാരെയും ഞാന്‍ ബഹുമാനിക്കുന്നു.

പക്ഷേ എന്റെ ജോലി ഞാന്‍ കൃത്യമായി ചെയ്യുകയാണെങ്കില്‍ ഈ ലോകത്തില്‍ ഒരാള്‍ക്ക് പോലും എന്നെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കില്ല എന്നാണ് ഞാന്‍ സ്വയം പറയാറുള്ളത്.

ഞാന്‍ എതിരാളികളെക്കാളേറെ എന്നെ കുറിച്ചാണ് ചിന്തിക്കാറുള്ളത്. എല്ലാത്തിനും മേലെ എനിക്ക് നിയന്ത്രണമുണ്ടെന്ന് ഞാന്‍ കരുതുകയും, മികച്ച അവസരം ലഭിക്കുകയും ചെയ്താല്‍ ബാക്കിയെല്ലാം അതിന്റെ വഴിക്ക് നടക്കും,’ ബുംറ പറയുന്നു.

കളിക്കളത്തില്‍ കൃത്യമായ വേഗത കൊണ്ടും സമ്മര്‍ദ ഘട്ടങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിക്കൊണ്ടും ടീമിനെ വിജയത്തിലെത്തിക്കാനുള്ള കഴിവാണ് ബുംറയെ മറ്റു താരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

ഇക്കഴിഞ്ഞ ടി-20 ലോകകപ്പിലെ ഇന്ത്യയുടെ കിരീടനേട്ടത്തില്‍ ബുംറയുടെ പങ്ക് വളരെ വലുതായിരുന്നു. ടൂര്‍ണമെന്റില്‍ എട്ട് മത്സരങ്ങളില്‍ നിന്നും 15 വിക്കറ്റുകളാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ വീഴ്ത്തിയത്. ഇതിന് പുറമെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായും ബുംറ തിളങ്ങിയിരുന്നു.

ഇതിന് പുറമെ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ അയര്‍ലാന്‍ഡിനെതിരെയും പാകിസ്ഥാനെതിരെയുമുള്ള മത്സരത്തില്‍ പ്ലെയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡും ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ സ്വന്തമാക്കിയിരുന്നു.

കലാശപ്പോരാട്ടത്തില്‍ സൗത്ത് ആഫ്രിക്കക്കെതിരെ അവസാന ഘട്ടത്തില്‍ നഷ്ടമായ മത്സരം ഇന്ത്യയുടെ കൈകളിലേക്ക് തിരിച്ചെത്തിച്ചതും ബുംറ തന്നെയായിരുന്നു.

 

Content Highlight: Jasprit Bumrah’s smart answer to the question of which batsman gave him trouble