| Tuesday, 28th November 2023, 4:55 pm

നേരത്തേ ഫോളോ ചെയ്യുന്നില്ല, പിന്നല്ലേ അണ്‍ഫോളോ ചെയ്യുന്നത്; താരത്തിന്റെ പ്രവൃത്തിയില്‍ ഞെട്ടി ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ പഴയ സൂപ്പര്‍ താരമായ ഹര്‍ദിക് പാണ്ഡ്യയെ വീണ്ടും തങ്ങളുടെ പാളയത്തിലെത്തിച്ചിരുന്നു. 15 കോടി രൂപക്കാണ് ട്രേഡിങ്ങിലൂടെ ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ഹര്‍ദിക്കിനെ മുംബൈ തിരികെ കൊണ്ടുവന്നിരിക്കുന്നത്.

യുവതാരം കാമറൂണ്‍ ഗ്രീനിനെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വിട്ടുനല്‍കിയാണ് മുംബൈ ഹര്‍ദിക്കിനെ സ്വന്തമാക്കാനുള്ള പണം കണ്ടെത്തിയത്. 17.50 കോടി രൂപക്കായിരുന്നു ഗ്രീന്‍ ആര്‍.സി.ബിയിലെത്തിയത്.

2022 മെഗാ ലേലത്തിന് മുന്നോടിയായി മുംബൈ നിലനിര്‍ത്തിയ നാല് താരങ്ങളില്‍ ഹര്‍ദിക് പാണ്ഡ്യ ഉള്‍പ്പെട്ടിരുന്നില്ല. താരത്തെ ലേലത്തില്‍ തിരികെയെത്തിക്കാനായിരുന്നു മുംബൈ പള്‍ട്ടാന്‍സിന്റെ ശ്രമമെങ്കിലും ലേലത്തിന് മുമ്പ് തന്നെ ജി.ടി ഹര്‍ദിക്കുമായി കരാറിലെത്തുകയായിരുന്നു. ഇപ്പോള്‍ കുങ്ഫു പാണ്ഡ്യ മടങ്ങിയെത്തിയതില്‍ ആരാധകരും ഏറെ ഹാപ്പിയാണ്.

എന്നാല്‍ ആരാധകരെ ഞെട്ടിക്കുന്ന സംഭവവികാസങ്ങളാണ് മുംബൈ ക്യാമ്പില്‍ നടന്നുകൊണ്ടിരിക്കുന്നത്. സൂപ്പര്‍ താരം ജസ്പ്രീത് ബുംറ മുംബൈ വിട്ടേക്കാമെന്ന അഭ്യൂഹങ്ങളാണ് ആരാധകരെ നിരാശയിലേക്ക് തള്ളിവിടുന്നത്.

ഈ അഭ്യൂഹങ്ങള്‍ക്ക് കരുത്തേകുന്ന പ്രവൃത്തികളും ബുംറയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. ബുംറയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് ആരാധകരുടെ ആശങ്കക്ക് കാരണവും.

മൗനമാണ് ചില സമയങ്ങളിലെ മികച്ച ഉത്തരം എന്നാണ് താരം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചത്. ഇതിന് പിന്നാലെയാണ് ബുംറക്ക് ടീമിന്റെ പ്രവൃത്തിയില്‍ വിയോജിപ്പുകളും അതൃപ്തിയുമുണ്ടെന്ന് റിപ്പോര്‍ട്ടുകളുയര്‍ന്നത്.

ഇതിന് പിന്നാലെ ബുംറ മുംബൈ ഇന്ത്യന്‍സിനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്‌തെന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ഇതോടെ താരം ടീം വിടുകയാണെന്ന അഭ്യൂഹങ്ങളും ചര്‍ച്ചയായി.

എന്നാല്‍ ഇതിന് മുമ്പും ജസ്പ്രീത് ബുംറ മുംബൈ ഇന്ത്യന്‍സിനെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടര്‍ന്നിരുന്നില്ല. കഴിഞ്ഞ ആഴ്ചയില്‍ താരം പിന്തുടരുന്ന അതേ ആളുകളെ തന്നെയാണ് ഇപ്പോഴും ബുംറ ഫോളോ ചെയ്യുന്നത്.

66 പേരെയാണ് ബുംറ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. സൂപ്പര്‍ താരം ലയണല്‍ മെസി, ആര്‍. അശ്വിന്‍ എന്നിവരെ പിന്തുടരുന്ന ബുംറയുടെ ഫോളോയിങ് ലിസ്റ്റില്‍ മുംബൈ ഇന്ത്യന്‍സ് ഉള്‍പ്പെടുന്നില്ല എന്നതാണ് രസകരമായ വസ്തുത. എന്നാല്‍ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും ബുംറയെ ഇപ്പോഴും പിന്തുടരുന്നുമുണ്ട്.

ഇതിന് പിന്നാലെ ബുംറ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കോ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലേക്കോ ചേക്കാറാന്‍ സാധ്യതകളുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തിലുള്ള ചര്‍ച്ചകളും സജീവമാണ്.

Content Highlight: Jasprit Bumrah’s cryptic Instagram story goes viral

We use cookies to give you the best possible experience. Learn more