തിരുവനന്തപുരം ടി-20യിലെ വിജയത്തിന് പിന്നാലെ ഇന്ത്യയുടെ നെഞ്ചില്‍ വെള്ളിടി വെട്ടി സൂപ്പര്‍ താരത്തിന്റെ പരിക്ക്. ഇന്ത്യന്‍ ഫൈവ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പരിക്കാണ് ഇന്ത്യക്ക് വമ്പന്‍ തിരിച്ചടിയായിരിക്കുന്നത്. ഇതോടെ ബുംറ ലോകകപ്പ് കളിക്കില്ല എന്ന കാര്യം ഉറപ്പായിരിക്കുകയാണ്.
പുറം വേദനയെ തുടര്‍ന്നാണ് താരത്തിന് മാറി നില്‍ക്കേണ്ടി വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ മത്സരത്തിന് മുന്നോടിയായി പ്രാക്ടീസ് ചെയ്യവെയായിരുന്നു ബുംറക്ക് കഠിനമായ പുറം വേദന അനുഭവപ്പെട്ടത്.
ഇതോടെ ആദ്യ ടി-20യില്‍ നിന്നും താരം പുറത്താവുകയായിരുന്നു. എന്നാല്‍ ബുംറയുടെ പരിക്ക് സാരമുള്ളതല്ലെന്നും അസം ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന രണ്ടാം ടി-20യില്‍ താരം കളിക്കുമെന്നുമായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ബുംറക്ക് ആറ് മാസത്തോളം വിശ്രമം വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ഒക്ടോബര്‍ അവസാനം നടക്കുന്ന ലോകകപ്പ് താരത്തിന് ഇതോടെ നഷ്ടമാവും.
ഏഷ്യാ കപ്പിലും ബുംറക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല. പരിക്ക് തന്നെയായിരുന്നു ബുംറക്ക് വെല്ലുവിളിയായത്. ബുംറയില്ലാത്തതിന്റെ തിരിച്ചടി ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് നേരിടേണ്ടി വന്നിരുന്നു.
ഏഷ്യാ കപ്പിന് ശേഷം രണ്ടേ രണ്ട് മത്സരമാണ് ബുംറക്ക് കളിക്കാന്‍ സാധിച്ചത്. ഇന്ത്യ – ഓസ്‌ട്രേലിയ പരമ്പരയിലെ രണ്ട്, മൂന്ന് ഇന്നിങ്‌സുകള്‍ മാത്രമാണ് ബുംറ കളിച്ചത്.
ബുംറയുടെ ബൗളിങ് ആക്ഷന്‍ തന്നെയാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. കൈമുട്ട് മടക്കാതെയുള്ള ബുംറയുടെ ബൗളിങ് ആക്ഷന്‍ അപകടകരമാണെന്നാണ് വിലയിരുത്തിപ്പോരുന്നത്.
ഐ.പി.എല്ലിലും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടിയ നിമിഷം മുതല്‍ തന്നെ താരത്തിന്റെ ബൗളിങ് ആക്ഷനും വിമര്‍ശനത്തിന്റെ മുള്‍മുനയിലായിരുന്നു. ഈ ബൗളിങ് ആക്ഷന്‍ കാരണം അധികകകാലം ബുംറക്ക് പന്തെറിയാന്‍ സാധിക്കില്ല എന്നായിരുന്നു വിദഗ്ധര്‍ വിലയിരുത്തിയത്.
ബൗളിങ് ആക്ഷന്‍ ഒന്നുകൊണ്ട് മാത്രം താരത്തിന് നഷ്ടപ്പെട്ട പരമ്പരകളും ഏറെയാണ്.
ബുംറ പരിക്കേറ്റ് പുറത്തായത് ഇന്ത്യയെ സംബന്ധിച്ച് വമ്പന്‍ തിരിച്ചടി തന്നെയാണ്. ലോകകപ്പില്‍ താരത്തിന് പകരക്കാരനായി ആരെയായിരിക്കും ഇന്ത്യ കളത്തിലിറക്കുക എന്നാണ് ഇനി നോക്കേണ്ടത്.
ഒക്ടോബര്‍ ഒമ്പത് വരെ ടീമിനെ ഉടച്ചുവാര്‍ക്കാന്‍ അവസരമുണ്ടെന്നിരിക്കെ ഇന്ത്യ അതിനൊരുങ്ങുമോ, അതോ സ്റ്റാന്‍ഡ് ബൈ താരങ്ങളില്‍ നിന്നും ഷമിയെയോ ചഹറിനെയോ കളത്തിലിറങ്ങുമോ അതോ മറ്റെന്തെങ്കിലും പ്ലാന്‍ ഇന്ത്യക്കുണ്ടാവുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
Content highlight: Jasprit Bumrah ruled out from T20 World Cup