| Saturday, 27th July 2024, 8:07 am

അദ്ദേഹത്തെ പുറത്താക്കിയതാണ് എന്റെ ക്രിക്കറ്റ് കരിയറിലെ ഫേവറിറ്റ് വിക്കറ്റ്: ബുംറ

സ്പോര്‍ട്സ് ഡെസ്‌ക്

നിലവില്‍ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലെയും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. കളിക്കളത്തില്‍ കൃത്യമായ വേഗത കൊണ്ടും സമ്മര്‍ദ ഘട്ടങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയും ടീമിനെ വിജയത്തിലെത്തിക്കാനുള്ള കഴിവാണ് ബുംറയെ മറ്റു താരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

ഇപ്പോഴിതാ ബുംറ തന്റെ കരിയറില്‍ നേടിയിട്ടുള്ള ഏറ്റവും പ്രിയപ്പെട്ട വിക്കറ്റ് ഏതു താരത്തിന്റെതാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. 2013 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തന്റെ അരങ്ങേറ്റ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്‌ലിയെ പുറത്താക്കിയതാണ് തന്റെ ഏറ്റവും മികച്ച വിക്കറ്റ് എന്നാണ് ബുംറ പറഞ്ഞത്. ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു ബുംറ.

‘ഞാന്‍ വിരാട് കോഹ്‌ലിയെ തെരഞ്ഞെടുക്കും. അന്ന് ഞാന്‍ 19 വയസുള്ള ഒരു കുട്ടിയായിരുന്നു. ഞാനവിടെയാണെന്ന് എപ്പോഴും എന്നെ ബോധ്യപ്പെടുത്തും,’ ബുംറ പറഞ്ഞു.

ആ മത്സരത്തില്‍ വിരാടിനെ എല്‍.ബി.ഡബ്യൂ ആക്കിയായിരുന്നു ബുംറ തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. 14 പന്തില്‍ 24 റണ്‍സ് നേടിക്കൊണ്ടായിരുന്നു കോഹ്‌ലി മടങ്ങിയത്. വിരാടിനു പുറമേ മായങ്ക് അഗാര്‍വാള്‍, കരുണ്‍ നായര്‍ എന്നിവരെയും താരം പുറത്താക്കിയിരുന്നു. നാല് ഓവറില്‍ 32 റണ്‍സ് വിട്ടുനല്‍കി മൂന്നു വിക്കറ്റുകളായിരുന്നു ബുംറ വീഴ്ത്തിയത്.

എന്നാല്‍ മത്സരത്തില്‍ മുംബൈ രണ്ട് റണ്‍സിന് പരാജയപ്പെടുകയായിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ 156 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ മുംബൈയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ബുംറ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. 2016ല്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ബുംറ ഏകദിനത്തിലും ടി-20യിലും അരങ്ങേറ്റം കുറിച്ചത്. പിന്നീട് രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം സൗത്ത് ആഫ്രിക്കക്കെതിരെ ടെസ്റ്റിലും താരം കളിച്ചു.

ടെസ്റ്റ് ക്രിക്കറ്റില്‍ 36 മത്സരങ്ങളില്‍ 69 ഇന്നിങ്‌സില്‍ നിന്നും 159 വിക്കറ്റുകളും ഏകദിനത്തില്‍ 89 മത്സരങ്ങളില്‍ നിന്നും 149 വിക്കറ്റുകളും ആണ് ബുംറ നേടിയിട്ടുള്ളത്. കുട്ടി ക്രിക്കറ്റില്‍ 70 മത്സരങ്ങളില്‍ നിന്നും 89 വിക്കറ്റുകളും താരത്തിന്റെ പേരിലുണ്ട്.

അതേസമയം അടുത്തിടെ അവസാനിച്ച ഇന്ത്യയുടെ ടി-20 ലോകകപ്പ് നേട്ടത്തില്‍ ബുംറ വഹിച്ച പങ്ക് വളരെ നിര്‍ണായകമായിരുന്നു. ഈ ടൂര്‍ണമെന്റില്‍ എട്ടു മത്സരങ്ങളില്‍ നിന്നും എതിരാളികളുടെ 15 വിക്കറ്റുകള്‍ ആണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ വീഴ്ത്തിയത്.

ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും താരം സ്വന്തമാക്കിയിരുന്നു. ബാറ്റിങ്ങില്‍ ഒരു റണ്‍സ് പോലും നേടാതെയാണ് ബുംറ ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു റണ്‍സ് പോലും നേടാതെ ആദ്യമായി പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡ് നേടുന്ന ആദ്യ താരമായിമാറാനും ബുംറക്ക് സാധിച്ചിരുന്നു.

Content Highlight: Jasprit Bumrah Revels His Favourite Wicket In His Carrier

We use cookies to give you the best possible experience. Learn more