| Saturday, 27th July 2024, 10:00 am

മെസിയുമല്ല റൊണാള്‍ഡൊയുമല്ല! ഇഷ്ടപ്പെട്ട ഫുട്‌ബോള്‍ താരത്തെ തെരഞ്ഞെടുത്ത് ബുംറ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ പ്രധാന ബൗളര്‍മാരില്‍ ഒരാളാണ് ജസ്പ്രീത് ബുംറ. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയെ വിജയത്തിലെത്തിക്കുന്നതിൽ സുപ്രധാന പങ്കാണ് താരം വഹിക്കുന്നത്. 2024 ടി-20 ലോകകപ്പിലും ഇന്ത്യയുടെ വിജയക്കുതിപ്പിന് നിര്‍ണായകമായത് ബുംറ തന്നെയാണ്. മികച്ച വേഗത കൊണ്ടും മികച്ച യോര്‍ക്കറുകളിലൂടെയും എതിരാളികളെ സമ്മര്‍ദത്തിലാക്കാനുള്ള കഴിവാണ് ബുംറയെ വ്യത്യസ്തനാക്കുന്നത്.

2024 ടി-20 ലോകകപ്പ് ഫൈനലില്‍ സൗത്ത് ആഫ്രിക്കക്കെതിരെ ഒരു ഘട്ടത്തില്‍ ഇന്ത്യ പരാജയപ്പെട്ടു എന്ന നിലയിലായിരുന്നു. എന്നാല്‍ ബുംറ അടക്കമുള്ള ഇന്ത്യയുടെ തകര്‍പ്പന്‍ ബൗളിങ് യൂണിറ്റാണ് മത്സരം തിരിച്ച് പിടിച്ച് ഇന്ത്യക്ക് കിരീടം നേടിക്കൊടുത്തത്. ടൂര്‍ണമെന്റില്‍ എട്ടു മത്സരങ്ങളില്‍ നിന്നും എതിരാളികളുടെ 15 വിക്കറ്റുകള്‍ ആണ് ബുംറ വീഴ്ത്തിയത്.

ഇപ്പോള്‍ ഫുട്‌ബോളില്‍ തനിക്ക് ഇഷ്ടപ്പെട്ട താരത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബുംറ. ഫുട്‌ബോളിലെ  ഇതിഹാസതാരങ്ങളായ ക്രി സ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയെയും മറികടന്നുകൊണ്ട് സ്വീഡന്റെ ഇതിഹാസതാരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിനെയാണ് ബുംറ ഇഷ്ടപ്പെട്ട ഫുട്‌ബോള്‍ താരമായി തെരഞ്ഞെടുത്തത്.

‘ഞാൻ ഒരിക്കലും ഒരു ക്രൗഡ് ഫോളവർ ആയിരുന്നില്ല. 50 പേർ ഒരാളെ ഇഷ്ടപ്പെട്ടാൽ ഞാൻ ആ വ്യക്തിയെ ഇഷ്ടപ്പെടില്ല. ഞാൻ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ ആരാധകനാണ് കാരണം അദ്ദേഹത്തിന്റെ കഥ എന്നിൽ വളരെയധികം പ്രതിധ്വനിച്ചു. പ്രതിസന്ധികളോട് പൊരുതി വലിയ വിജയം നേടിയെടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഞാൻ കണ്ടത്. ഞാനും അതുപോലെ തന്നെയായിരുന്നു ക്രിക്കറ്റ് കളിക്കാത്ത ഒരു കുടുംബത്തിൽ നിന്നുമാണ് ഞാൻ വന്നത്. ഞാനൊരു വലിയ ക്രിക്കറ്റ് താരം ആവുമെന്ന് ആളുകൾക്ക് വലിയ വിശ്വാസമുണ്ടായിരുന്നില്ല. എന്നാൽ ഞാൻ ഒരു മികച്ച താരമാവുകയും വ്യത്യസ്തമായി പന്തെറിയുകയും ചെയ്തു,’ ബുംറ പറഞ്ഞു.

ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളാണ് ഇബ്രാഹിമോവിച്ച്. രണ്ടു പതിറ്റാണ്ടിലേറെയായി ഒരു അവിസ്മരണീയമായ ഫുട്‌ബോള്‍ കരിയറാണ് സ്വീഡിഷ് ഇതിഹാസം കെട്ടിപ്പടുത്തുയര്‍ത്തിയത്.

അജാക്‌സ്, ഇന്റര്‍ മിലാന്‍, എ.സി. മിലാന്‍, ബാഴ്‌സലോണ, പി.എസ്.ജി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടങ്ങിയ ഒരുപിടി മികച്ച ക്ലബ്ബുകളില്‍ പന്തുതട്ടാന്‍ സ്ലാട്ടന് സാധിച്ചു. ഫുട്‍ബോളിൽ 570ലധികം ഗോളുകള്‍ ഇബ്രാഹിമോവിച്ച് അടിച്ചു കൂട്ടിയിട്ടുണ്ട്. 34 ട്രോഫികളാണ് തന്റെ ഫുട്‌ബോള്‍ കരിയറില്‍ താരം നേടിയിട്ടുള്ളത്.

Content Highlight: Jasprit Bumrah Reveals His Favorite Football Player

We use cookies to give you the best possible experience. Learn more