| Monday, 9th September 2024, 2:40 pm

ബുംറയെ വൈസ് ക്യാപ്റ്റനാക്കില്ല, ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള പരമ്പര നടക്കാനിരിക്കുകയാണ്. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യുമടങ്ങുന്ന പരമ്പരയാണ് ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കുക. ആദ്യം നടക്കുന്നത് ടെസ്റ്റ് പരമ്പരയാണ്. സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്.

ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ സ്‌ക്വാഡ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ്. 16 പേരടങ്ങുന്ന സ്‌ക്വാഡാണ് ബ.സി.സി.ഐ പുറത്ത് വിട്ടത്. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ഇറങ്ങുന്നത്. 2024 ടി-20 ലോകകപ്പിന്റെ വിശ്രമത്തില്‍ നിന്ന് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ കളത്തില്‍ തിരിച്ചെത്തിയത് ടീമിന് ഊര്‍ജ്ജമാണ്.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബുംറയ്ക്ക് വൈസ് ക്യാപ്റ്റന്‍ റോള്‍ നല്‍കില്ലെന്നാണ് സൂചന. ഇതോടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഡെപ്യൂട്ടിയെ ബി.സി.സി.ഐ തെരഞ്ഞെടുത്തിട്ടില്ല. നിലവില്‍ വൈറ്റ് ബോള്‍ വൈസ് ക്യാപ്റ്റനായ ശുഭ്മന്‍ ഗില്ലിനെ റെഡ് ബോള്‍ ഡെപ്യൂട്ടി സ്ഥാനത്തേക്ക് പരിഗണിക്കില്ല.

അതേസമയം 2022ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയെ നയിച്ച ബുംറ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു. നേരത്തെ ക്യാപ്റ്റനാകാന്‍ താന്‍ എന്തുകൊണ്ടും യോഗ്യനാണെന്ന് ബുംറ പ്രസതാവിച്ചിരുന്നു. ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ കെ.എല്‍. രാഹുലും ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിട്ടുണ്ട്.

എന്നാല്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പോലുള്ള വലിയ ഇവന്റുകള്‍ മുന്നിലുള്ളപ്പോള്‍ ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റന്‍ ആരാകും എന്ന ആകാംക്ഷയിലാണ് ആരാധകര്‍. നവംബര്‍ 26നാണ് ഓസീസിനെതിരെയുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ആരംഭിക്കുന്നത്. അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 26 മുതല്‍ 30 വരെയാണ് നടക്കുക.

രണ്ടാം മത്സരം ഡിസംബര്‍ ആറ് മുതല്‍ 10 വരെയും മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14 മുതല്‍ 18 വരെയും, നാലാം ടെസ്റ്റ് 26 മുതല്‍ 30 വരെയും നടക്കും. ശേഷം അവസാന ടെസ്റ്റ് 2025 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയും നടക്കും.

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാല്‍.

Content Highlight: Jasprit Bumrah removed as Team India’s vice-captain, Report

We use cookies to give you the best possible experience. Learn more