ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്കെതിരെ അച്ചടക്ക നടപടി കൈക്കൊണ്ട് ഐ.സി.സി. ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ സംഭവ വികാസങ്ങള്‍ക്ക് പിന്നാലെയാണ് താരത്തിന് ഒരു ഡീമെറിറ്റ് പോയിന്റ് നല്‍കി ഐ.സി.സി ശിക്ഷിച്ചിരിക്കുന്നത്.
മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ ഒല്ലി പോപ്പിനെ സിംഗിള്‍ നേടുന്നതില്‍ തടസമുണ്ടാക്കിയതിന് പിന്നാലെയാണ് താരത്തിനെതിരെ അച്ചടക്ക നടപടി കൈക്കൊണ്ടിരിക്കുന്നത്.
ഐ.സി.സി പെരുമാറ്റച്ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.12 പ്രകാരമുള്ള കുറ്റമാണ് ബുംറ ചെയ്തിരിക്കുന്നത്. രണ്ട് വര്‍ഷത്തിനിടെ ഇതാദ്യമായാണ് താരത്തിനെതിരെ നടപടിയുണ്ടാകുന്നത്.
‘ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സിന്റെ 81ാം ഓവറിലാണ് സംഭവം നടന്നത്. തന്റെ ഫോളോ ത്രൂ പൂര്‍ത്തിയാക്കിയ ശേഷം, ബാറ്റര്‍ ഒരു റണ്ണിനായി ശ്രമിച്ചപ്പോള്‍ ബുംറ ബോധപൂര്‍വം ഒല്ലി പോപ്പിന്റെ റണ്ണിങ് പാത്തിലേക്ക് കയറി നിന്നു. ഇതിലൂടെ അനുചിതമായ ഫിസിക്കല്‍ കോണ്‍ടാക്ടുണ്ടായി,’ ഐ.സി.സി ഒരു പ്രസ്താവനയില്‍ പറഞ്ഞു.
മാച്ച് റഫറി റിച്ചി റിച്ചാര്‍ളിസണ്‍ ബുംറക്കെതിരെ കുറ്റം ആരോപിച്ചപ്പോള്‍ താരം അത് സമ്മതിച്ചതിനാല്‍ ഒഫീഷ്യല്‍ ഹിയറിങ്ങിന്റെ ആവശ്യമുണ്ടായിരുന്നില്ല. ഫീല്‍ഡ് അമ്പയര്‍മാരായ പോള്‍ റെയ്ഫല്‍, ക്രിസ് ഗെഫാനി, തേര്‍ഡ് അമ്പയര്‍ മാരിയസ് എറാസ്മസ്, നാലാം അമ്പയര്‍ രോഹന്‍ പണ്ഡിറ്റ് എന്നിവര്‍ ചേര്‍ന്നാണ് ബുംറക്കെതിരെ കുറ്റം ചുമത്തിയത്.
മോശമല്ലാത്ത രീതിയിലാണ് ബുംറ ഇംഗ്ലണ്ടിനെതിരെ പന്തെറിഞ്ഞത്. ആദ്യ ഇന്നിങ്‌സില്‍ 8.3 ഓവറില്‍ 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ബുംറ രണ്ടാം ഇന്നിങ്‌സില്‍ 16.1 ഓവറില്‍ 41 റണ്‍സിന് നാല് വിക്കറ്റും നേടി.
അതേസമയം, അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 28 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി.
രണ്ടാം ഇന്നിങ്‌സില്‍ സൂപ്പര്‍ താരം ഒല്ലി പോപ്പിന്റെ സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 278 പന്തില്‍ 196 റണ്‍സാണ് ഒല്ലി പോപ് കുറിച്ചത്.
231 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയെ സ്പിന്നര്‍ ടോം ഹാര്‍ട്‌ലി എറിഞ്ഞിടുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ താരം രണ്ടാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് നേടിയാണ് വരവറിയിച്ചത്.
രോഹിത് ശര്‍മ, യശസ്വി ജെയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, അക്സര്‍ പട്ടേല്‍, എസ്. ഭരത്, ആര്‍. അശ്വിന്‍, മുഹമ്മദ് സിറാജ് എന്നിവരുടെ വിക്കറ്റാണ് ഇടംകയ്യന്‍ ഓര്‍ത്തഡോക്‌സ് സ്പിന്നര്‍ സ്വന്തമാക്കിയത്. അഞ്ച് മെയ്ഡനടക്കം 26.5 ഓവറില്‍ 62 റണ്‍സ് വഴങ്ങിയാണ് ഹാര്‍ട്‌ലി ഏഴ് വിക്കറ്റ് വീഴ്ത്തിയത്.
ജോ റൂട്ടും ജാക്ക് ലീച്ചും ശേഷിക്കുന്ന ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴ്ത്തി മത്സരം തങ്ങളുടേതാക്കി. ഫെബ്രുവരി രണ്ടിനാണ് പരമ്പരയിലെ രണ്ടാം മത്സരം. വിശാഖപട്ടണമാണ് വേദി.
Content Highlight: Jasprit Bumrah received one demerit point by ICC