|

'ഞാൻ എപ്പോഴും നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന മനുഷ്യനാണ് അദ്ദേഹം' വൈറലായി ബുംറയുടെ പോസ്റ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയിലെ ഇഷ്ടപ്പെട്ട താരത്തിനോടുള്ള ആരാധന പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. രജ്നി കാന്തിനൊപ്പമുള്ള ഫോട്ടോ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെക്കുകയായിരുന്നു ബുംറ.

മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ആനന്ദ് അംബാനിയുടെയും രാധികയുടെയും വിവാഹ ചടങ്ങില്‍ രജനികാന്തിനെ കണ്ട ആവേശമാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ പങ്കുവെച്ചത്.

‘ഞാന്‍ എപ്പോഴും കാണാന്‍ ആഗ്രഹിക്കുന്ന ആളെ നേരിട്ട് കാണാന്‍ അവസരം ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്,’ ഈ അടിക്കുറിപ്പോടുകൂടിയാണ് ബുംറ ചിത്രം പോസ്റ്റ് ചെയ്തത്.

അതേസമയം അടുത്തിടെ അവസാനിച്ച ടി-20യിലെ ഇന്ത്യയുടെ കിരീടനേട്ടത്തില്‍ ബുംറ വഹിച്ച പങ്ക് വളരെ നിര്‍ണായകമായിരുന്നു. ടൂര്‍ണമെന്റില്‍ എട്ടു മത്സരങ്ങളില്‍ നിന്നും 15 വിക്കറ്റുകള്‍ ആണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ നേടിയത്.

ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും താരം സ്വന്തമാക്കിയിരുന്നു. ബാറ്റിങ്ങില്‍ ഒരു റണ്‍സ് പോലും നേടാതെയാണ് ബുംറ ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു റണ്‍സ് പോലും നേടാതെ ആദ്യമായി പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡ് നേടുന്ന ആദ്യ താരമായിമാറാനും ബുംറക്ക് സാധിച്ചിരുന്നു.

ലോകകപ്പ് കഴിഞ്ഞതിനുശേഷം നടന്ന സിംബാബ്വേക്കെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ ബുംറ കളിച്ചിരുന്നില്ല. ലോകകപ്പ് വിജയിച്ച പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചുകൊണ്ട് ഒരുപിടി യുവനിരയുമാണ് ഇന്ത്യ ഹരാരെയിലേക്ക് വിമാനം കയറിയത്.

ഈ പരമ്പര 4-1ന് സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചിരുന്നു. ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ശ്രീലങ്കന്‍ പര്യടനമാണ്. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെ മൂന്ന് വീതം ഏകദിനവും ടി-20യുമാണ് പരമ്പരയില്‍ ഉള്ളത്.

ശ്രീലങ്കന്‍ പര്യടനത്തില്‍ ബുംറക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് വിശ്രമം അനുവദിക്കുകയായിരുന്നു. ഇതിനുശേഷം സെപ്റ്റംബറില്‍ നടക്കുന്ന ബംഗ്ലാദേശിനെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ താരം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlight: Jasprit Bumrah Post A Photo With Rajanikanth in Social Media