Sports News
'രണ്ടാം ജന്മത്തിലെ രണ്ടാം പന്തില്‍ വിക്കറ്റ്'; കരിയര്‍ എന്‍ഡ്, പരിക്ക്, ബൗളിങ് ആക്ഷന്‍... വിമര്‍ശകരേ കണ്‍തുറന്ന് കാണ്
സ്പോര്‍ട്സ് ഡെസ്‌ക്
2023 Aug 18, 02:37 pm
Friday, 18th August 2023, 8:07 pm

ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിലെ ആദ്യ മത്സരത്തില്‍ തീയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ. കരിയര്‍ പോലും അവസാനിച്ചേക്കാവുന്ന പരിക്കില്‍ നിന്നും തിരിച്ചുവന്ന് എറിഞ്ഞ രണ്ടാം പന്തില്‍ തന്നെ വിക്കറ്റ് നേടിയാണ് ബുംറ ഇന്ത്യന്‍ ആരാധകരുടെ മനസ് ഒരിക്കല്‍ക്കൂടി കീഴടക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ജസ്പ്രീത് ബുംറ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ദി വില്ലേജില്‍ പോള്‍ സ്‌റ്റെര്‍ലിങ്ങിന്റെ ക്യാപ്റ്റന്‍സിയില്‍ കളത്തിലിറങ്ങിയ അയര്‍ലന്‍ഡിനെ ആദ്യ ഓവറില്‍ തന്നെ ഞെട്ടിച്ചുകൊണ്ടാണ് ബുംറ തുടങ്ങിയത്.

ആദ്യ ഓവറിലെ ആദ്യ പന്തില്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണി ഇന്ത്യന്‍ ക്യാപ്റ്റനെ ബൗണ്ടറി കടത്തിയിരുന്നു. ബുംറയുടെ പന്ത് സ്‌ക്വയര്‍ ലെഗിലേക്ക് ഫ്‌ളിക് ചെയ്തായിരുന്നു ബാല്‍ബിര്‍ണി ഐറിഷ് അക്കൗണ്ട് തുടങ്ങിയത്.

തിരിച്ചുവരവിലെ ആദ്യ പന്തില്‍ തന്നെ ബുംറ ബൗണ്ടറി വഴങ്ങിയപ്പോള്‍ ചില കോണുകളില്‍ നിന്നും മുറുമുറുപ്പുയര്‍ന്നിരുന്നു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ തന്നെ ബൂം ബൂം അതിനുള്ള മറുപടിയും നല്‍കി.

ഓഫ് സൈഡിന് പുറത്ത് ഗുഡ്‌ലെങ്ത്തില്‍ പിച്ച് ചെയ്ത പന്ത് ഡിഫന്‍ഡ് ചെയ്യാന്‍ ശ്രമിച്ച ബാല്‍ബിര്‍ണിക്ക് പിഴച്ചു. ക്ലാസിക് ബുംറയെ അനുസ്മരിപ്പിച്ച ആ പന്ത് ഐറിഷ് വിക്കറ്റിനെ തഴുകിയെത്തിയപ്പോള്‍ വിമര്‍ശകര്‍ പോലും കയ്യടിച്ചിരുന്നു. ഡ്രീം കംബാക്ക് എന്ന് പറയാന്‍ പോന്ന വിക്കറ്റായിരുന്നു അത്.

തുടര്‍ന്ന് രണ്ട് പന്തുകളില്‍ റണ്‍സ് വഴങ്ങാതിരുന്ന ബുംറ വണ്‍ ഡൗണായെത്തിയ ലോര്‍കന്‍ ടക്കറിനെ സഞ്ജുവിന്റെ കൈകളിലെത്തിച്ചും മടക്കി. ആറാം പന്തും ഡോട്ട് ആയതോടെ തിരിച്ചുവരവിലെ ആദ്യ ഓവറില്‍ തന്നെ നാല് റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുമായി താരം തിളങ്ങി.

തന്റെ കരിയര്‍ അവസാനിച്ചു എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു ആദ്യ ഓവറില്‍ ബുംറ നല്‍കിയത്. തന്റെ പരിക്കിന് കാരണമായി എന്ന് പലരും വിശ്വസിക്കുന്ന അതേ ബൗളിങ് ആക്ഷനില്‍ നിന്നും കടുകിട മാറാതെ വീണ്ടും വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ തിളങ്ങിയത്.

അതേസമയം, അഞ്ചാം ഓവര്‍ അവസനിക്കുമ്പോള്‍ ആതിഥേയരുടെ രണ്ടാം മൂന്നാം വിക്കറ്റും വീണിരിക്കുകയാണ്. 16 പന്തില്‍ ഒമ്പത് റണ്‍സ് നേടിയ ഹാരി ടെക്ടറിനെ തിലക് വര്‍മയുടെ കൈകളിലെത്തിച്ച് അരങ്ങേറ്റക്കാരന്‍ പ്രസിദ്ധ് കൃഷ്ണ തന്റെ ആദ്യ അന്താരാഷ്ട്ര ടി-20 വിക്കറ്റും നേടി.

നിലവില്‍ അഞ്ച് ഓവറില്‍ 27ന് മൂന്ന് എന്ന നിലയിലാണ് അയര്‍ലന്‍ഡ്.

 

ഇന്ത്യ ഇലവന്‍

ഋതുരാജ് ഗെയ്ക്വാദ്, യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, റിങ്കു സിങ്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, പ്രസിദ്ധ് കൃഷ്ണ, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌ണോയ്.

അയര്‍ലന്‍ഡ് ഇലവന്‍

ആന്‍ഡ്രൂ ബാല്‍ബിര്‍ണി, പോള്‍ സ്‌റ്റെര്‍ലിങ് (ക്യാപ്റ്റന്‍), ലോര്‍കന്‍ ടക്കര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ടെക്ടര്‍, കര്‍ട്ടിസ് കാംഫര്‍, ജോര്‍ജ് ഡോക്രെല്‍, മാര്‍ക് അഡയര്‍, ജോഷ്വ ലിറ്റില്‍, ബാരി മക്കാര്‍ത്തി, ബെഞ്ചമിന്‍ വൈറ്റ്, ക്രെയ്ഗ് യങ്.

 

Content Highlight: Jasprit Bumrah picks wicket in 1st over