ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് കേപ് ടൗണിലെ ന്യൂലാന്‍ഡ്‌സ് സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. രണ്ടാം ഇന്നിങ്‌സില്‍ സൗത്ത് ആഫ്രിക്ക 176 റണ്‍സിന് പുറത്തായിരിക്കുകയാണ്.
പ്രോട്ടിയാസിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഫൈഫര്‍ നേട്ടവുമായി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ആതിഥേയരെ കടന്നാക്രമിച്ചത്. സൂപ്പര്‍ താരം കൈല്‍ വെരായ്‌നെയുടേതടക്കം ആറ് വിക്കറ്റാണ് ബുംറ തന്റെ പേരില്‍ കുറിച്ചത്.
ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഡേവിഡ് ബെഡ്ഡിങ്ഹാം, കൈല്‍ വെരായ്‌നെ, മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, ലുന്‍ഗി എന്‍ഗിഡി എന്നിവരാണ് ബുംറക്ക് മുമ്പില്‍ വീണത്. താരത്തിന്റെ കരിയറിലെ ഒമ്പതാം ടൈസ്റ്റ് ഫൈഫര്‍ നേട്ടമാണിത്. സൗത്ത് ആഫ്രിക്കന്‍ മണ്ണിലെ മൂന്നാം ഫൈഫര്‍ നേട്ടവും.
ഈ അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടം ബുംറയെ തേടിയെത്തിയിരിക്കുകയാണ്. സേന രാജ്യങ്ങളില്‍ ഏറ്റവുമധികം ഫൈഫര്‍ തികയ്ക്കുന്ന രണ്ടാമത് താരം എന്ന നേട്ടമാണ് ബുംറയെ തേടിയെത്തിയിരിക്കുന്നത്. ഇന്ത്യന്‍ ലെജന്‍ഡ് സഹീര്‍ ഖാനൊപ്പമാണ് ബുംറ ഈ ലിസ്റ്റില്‍ രണ്ടാം സ്ഥാനം പങ്കിടുന്നത്.
മുന്‍ ഇന്ത്യന്‍ നായകനും ക്രിക്കറ്റ് ഇതിഹാസവുമായ കപില്‍ ദേവ് മാത്രമാണ് പട്ടികയില്‍ ബുംറക്ക് മുമ്പിലുള്ളത്.
സേന രാജ്യങ്ങില്‍ ഏറ്റവുമധികം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങള്‍
കപില്‍ ദേവ് – 7 തവണ
സഹീര്‍ ഖാന്‍ – 6 തവണ
ജസ്പ്രീത് ബുംറ – 6 തവണ*
അതേസമയം, ബുംറയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിന് പിന്നാലെ സൗത്ത് ആഫ്രിക്ക 176 റണ്‍സിന് ഓള്‍ ഔട്ടായിരിക്കുകയാണ്.
സെഞ്ച്വറി നേടിയ ഏയ്ഡന്‍ മര്‍ക്രമാണ് പ്രോട്ടിയാസ് നിരയില്‍ കരുത്തായത്. 103 പന്തില്‍ 17 ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടെ 106 റണ്‍സാണ് മര്‍ക്രം സ്വന്തമാക്കിയത്. 12 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗറാണ് പ്രോട്ടിയാസ് നിരയിലെ രണ്ടാമത് ഉയര്‍ന്ന റണ്‍ സ്‌കോറര്‍.
ബുംറക്ക് പുറമെ മുകേഷ് കുമാര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റും സ്വന്തമാക്കി.
രണ്ടാം ഇന്നിങ്‌സിന് പിന്നാലെ 79 റണ്‍സിന്റെ വിജയലക്ഷ്യമാണ് സൗത്ത് ആഫ്രിക്ക ഇന്ത്യക്ക് മുമ്പില്‍ വെച്ചിരിക്കുന്നത്. ഈ ലക്ഷ്യം മറികടക്കാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് 1-1 എന്ന നിലയില്‍ പരമ്പര സമനിലയിലെത്തിക്കാം.
Content highlight: Jasprit Bumrah picks his 6th Fifer in SENA countries