ഇന്ത്യ പ്രൊഡ്യൂസ് ചെയ്ത എക്കാലത്തെയും മികച്ച ബൗളര്‍മാരില്‍ പ്രധാനിയാണ് ജസ്പ്രീത് ബുംറ. ഒറ്റ പന്ത് കൊണ്ട് കളി തിരിക്കാന്‍ സാധിക്കും എന്നത് തന്നെയാണ് ബുംറയുടെ മികവ്. ഇക്കഴിഞ്ഞ ടി-20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരം ഇന്ത്യക്ക് അനുകൂലമായതും ബുംറയുടെ മികവ് കൊണ്ടുതന്നെയാണ്.
എം.എസ്. ധോണിക്കും വിരാട് കോഹ്‌ലിക്കും കീഴില്‍ കളിച്ചിട്ടുണ്ടെങ്കിലും ജസ്പ്രീത് ബുംറയെന്ന ബൗളറുടെ നൂറ് ശതമാനവും ഉപയോഗപ്പെടുത്തിയത് രോഹിത് ശര്‍മയാണ്. മുംബൈ ഇന്ത്യന്‍സിനൊപ്പം ഒരേ ഡ്രസ്സിങ് റൂം പങ്കിടുന്നതിനാല്‍ ഹിറ്റ്മാന്റെയും ബുംറയുടെയും കെമിസ്ട്രിയും അപാരമാണ്.
ഇപ്പോള്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇന്ത്യന്‍ ക്യാപ്റ്റനെ കുറിച്ച് പറയുകയാണ് ജസ്പ്രീത് ബുംറ. ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിനിടെ ‘പ്രിയപ്പെട്ട ഇന്ത്യന്‍ ക്യാപ്റ്റനാര്’ എന്ന ചോദ്യത്തിന് മറുപടിയായാണ് ബുംറ ഇക്കാര്യം പറയുന്നത്.
‘നോക്കൂ, എന്റെ ഏറ്റവും പ്രിയപ്പെട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ ഞാന്‍ തന്നെയാണ്. കാരണം ചില മത്സരങ്ങളില്‍ ഞാന്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. തീര്‍ച്ചയായും മികച്ച നിരവധി ക്യാപ്റ്റന്‍മാര്‍ ഇന്ത്യക്ക് ഉണ്ടായിട്ടുണ്ട്. പക്ഷേ എന്റെ ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റനായി ഞാന്‍ എന്നെ തന്നെ തെരഞ്ഞെടുക്കും (ചിരി),’ ബുംറ പറഞ്ഞു.
ഒരു ടെസ്റ്റും രണ്ട് ടി-20യും അടക്കം മൂന്ന് മത്സരങ്ങളിലാണ് ബുംറ ഇന്ത്യയെ നയിച്ചിട്ടുള്ളത്.
2022ല്‍ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ചാം ടെസ്റ്റിലാണ് ബുംറ ക്യാപ്റ്റന്റെ കുപ്പായത്തിലെത്തിയത്. രോഹിത് ശര്‍മ കൊവിഡ് ബാധിതനായതിന് പിന്നാലെയാണ് ബുംറ ക്യാപ്റ്റന്‍സിയേറ്റെടുത്തത്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണായിരുന്നു ബുംറയുടെ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിന് സാക്ഷ്യം വഹിച്ചത്.
ഇതിഹാസ താരം കപില്‍ ദേവിന് ശേഷം ഇന്ത്യയെ നയിക്കുന്ന ആദ്യ പേസര്‍ എന്ന ഐതിഹാസിക നേട്ടവും ബുംറ അന്ന് സ്വന്തമാക്കിയിരുന്നു.
എന്നാല്‍ ഈ മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ മാത്രം ബുംറക്ക് സാധിച്ചില്ല. അഞ്ചാം ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ പരമ്പര സമനിലയില്‍ അവസാനിക്കുകയും ചെയ്തു.
എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന് മുമ്പ് 2-1 എന്ന നിലയില്‍ ഇന്ത്യക്ക് ലീഡ് ഉണ്ടായിരുന്നു. രണ്ട് മത്സരത്തില്‍ ഇന്ത്യയും ഒരു മത്സരത്തില്‍ ഇംഗ്ലണ്ടും വിജയിച്ചപ്പോള്‍ ശേഷിക്കുന്ന മത്സരം സമനിലയിലും പിരിഞ്ഞു.
എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ് സമനിലയില്‍ അവസാനിപ്പിച്ചാലും ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ജോണി ബെയര്‍സ്റ്റോ മറുവശത്ത് നിന്നും ആഞ്ഞടിച്ചതോടെ ഇംഗ്ലണ്ട് വിജയിക്കുകയും പരമ്പര 2-2ന് സമനിലയില്‍ അവസാനിപ്പിക്കുകയും ചെയ്തു.
സ്‌കോര്‍
ഇന്ത്യ: 416 & 245
ഇംഗ്ലണ്ട്: 284 & 378/3 (T:378)
ഈ മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചില്ലെങ്കിലും ഒരു ചരിത്ര റെക്കോഡ് തന്റെ പേരിലെഴുതിച്ചേര്‍ക്കാന്‍ ബുംറക്ക് സാധിച്ചിരുന്നു. ടെസ്റ്റില്‍ ഒരു ഓവറില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്.
ഇതിഹാസ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ ഒരു ഓവറില്‍ 35 റണ്‍സാണ് ബുംറ സ്വന്തമാക്കിയത്. 4, 4W, 6NB, 4, 4, 4, 6, 1 എന്നിങ്ങനെയാണ് ബ്രോഡിന്റെ ഓവറില്‍ റണ്‍സ് പിറന്നത്.
ശേഷം 2023ല്‍ ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിലാണ് ബുംറ വീണ്ടും ക്യാപ്റ്റന്റെ കുപ്പായത്തിലെത്തിയത്. മൂന്ന് ടി-20കള്‍ അടങ്ങുന്ന പരമ്പരക്കായാണ് ഇന്ത്യ ഐറിഷ് മണ്ണിലെത്തിയത്.
പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ വിജയിച്ചപ്പോള്‍ മൂന്നാം മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. ഇതോടെ 2-0 എന്ന നിലയില്‍ പരമ്പര സ്വന്തമാക്കാനും ഇന്ത്യക്കായി.
Content Highlight: Jasprit Bumrah picks himself as his favorite Indian captain