|

ക്യാപ്റ്റന്‍ ന്നാ സുമ്മാവാ... സഹതാരത്തിന്റെ റെക്കോഡും തട്ടിയെടുത്ത് ഇന്ത്യന്‍ നായകന്‍, ഇതാ ബൂം ബൂം ബുംറ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് സീരീസില്‍ ഒന്നിന് പിറകെ ഒന്നായി റെക്കോഡ് തകര്‍ത്തുകൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ. അഞ്ചാം ടെസ്റ്റിന് മുമ്പ് തന്നെ റെക്കോഡിട്ടു തുടങ്ങിയ ബുംറ വീണ്ടും വീണ്ടും റെക്കോഡ് ബുക്കില്‍ തന്റെ പേരെഴുതിച്ചേര്‍ക്കുകയാണ്.

കപില്‍ ദേവിന് ശേഷം നായകനാകുന്ന ആദ്യ ഇന്ത്യന്‍ പേസര്‍ എന്ന റെക്കോഡായിരുന്നു ബുംറയെ തേടി ആദ്യമെത്തിയത്. കപില്‍ ദേവ് ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടറും ബുംറ ഒരു പ്രോപ്പര്‍ ബൗളര്‍ ആണെന്നതുമായിരുന്നു പ്രധാന വ്യത്യാസം.

ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ പഞ്ഞിക്കിട്ടായിരുന്നു അടുത്ത റെക്കോഡ് താരം സ്വന്തമാക്കിയത്. ഒരോവറില്‍ 35 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിലേക്ക് കയറിയത്, അതില്‍ 29 റണ്‍സും ബുംറ അടിച്ചെടുത്തത് തന്നെയായിരുന്നു.

ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയുടെയും ഓസീസ് സൂപ്പര്‍ താരം ജോര്‍ജ് ബെയ്‌ലിയുടെയും 28 റണ്‍സിന്റെ റെക്കോഡാണ് ബുംറ മറികടന്നത്.

ഇപ്പോഴിതാ, സഹതാരം ഭുവനേശ്വര്‍ കുമാറിന്റെ സൂപ്പര്‍ റെക്കോഡുകൂടി ബുംറ മറികടന്നിരിക്കുകയാണ്. ഒരു ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവുമധികം വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന റെക്കോഡാണ് ബുംറ സ്വന്തമാക്കിയിരിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ഇതുവരെയുള്ള മത്സരത്തില്‍ നിന്നുമായി 21 വിക്കറ്റാണ് താരം പിഴുതത്. കഴിഞ്ഞ എട്ടുവര്‍ഷമായി ഭുവി തന്റെ കുത്തകയാക്കിവെച്ച റെക്കോഡാണ് താരം തകര്‍ത്തത്.

2014 സീസണില്‍ 19 വിക്കറ്റുകളായിരുന്നു ഭുവി പിഴുതത്. ഇംഗ്ലണ്ടിനെതിരെ ഒരു ഇന്നിങ്‌സ് കൂടി ബാക്കിയിരിക്കെ ബുംറ വിക്കറ്റ് മാര്‍ജിന്‍ വര്‍ധിപ്പിക്കുമെന്നുറപ്പാണ്.

സഹീര്‍ ഖാനും ഇഷാന്ത് ശര്‍മയുമാണ് പട്ടികയിലെ മൂന്നാം സ്ഥാനക്കാര്‍. 18 വിക്കറ്റാണ് ഇരുവരും സ്വന്തമാക്കിയത്.

മൂന്നാം ദിവസം കളിയവസാനിപ്പിക്കെ 45 ഓവറില്‍ 125ന് മൂന്ന് എന്ന നിലയിലാണ് ഇന്ത്യ. ഓപ്പണര്‍ ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ഹനുമ വിഹാരി എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായിരിക്കുന്നത്. ആദ്യ ഇന്നിങ്‌സില്‍ നേടിയ ലീഡ് അടക്കം 257 റണ്‍സാണ് ഇപ്പോള്‍ ഇന്ത്യയ്ക്കുള്ളത്.

Content Highlight:  Jasprit Bumrah overtakes Bhuvneshwar Kumar to break another record in Test cricket