ന്യൂദല്‍ഹി: ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ കളിക്കില്ല. മുതുകിനേറ്റ പരിക്കുമൂലമാണ് ബുംറയെ ടീമില്‍ നിന്നും പുറത്താക്കിയത്. ഒക്ടോബര്‍ രണ്ടിനാണ് മത്സരം തുടങ്ങുന്നത്.
ബുംറ പരിക്കുമൂലം പുറത്തുനില്ക്കുമെന്ന് ചൊവ്വാഴ്ച ബി.സി.സി.ഐ അറിയിച്ചു. ബുംറക്കു പകരം പേസര്‍ ഉമേഷ് യാദവിനെയാണ് പരമ്പരയിലെ മൂന്നു കളികള്‍ക്കായി ടീം ഇറക്കാനിരിക്കുന്നത്. 2018 പെര്‍ത്തില്‍ വച്ച് നടന്ന കളിയില്‍ ഓസ്ട്രേലിയക്കെതിരെയാണ് ഉമേഷ് അവസാനമായി കളിച്ചത്.
വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ടെസ്റ്റ് സീരീസില്‍ മികച്ച പ്രകടനമാണ് ബുംറ കാഴ്ചവച്ചത്. അടുത്തു നടന്ന എല്ലാ കളികളിലും ഫോം നിലനിര്‍ത്താന്‍ ബുംറക്കായിരുന്നു.
ടെസ്റ്റ് മത്സരത്തില്‍ ഹാട്രിക്ക് നേടിയ മൂന്നാമത്തെ ഇന്ത്യന്‍ കളിക്കാരനാവാന്‍ ബുംറയ്ക്കു കഴിഞ്ഞിരുന്നു. ഹാട്രിക്ക് നേടിക്കൊണ്ടുള്ള മികച്ച കളിയോടെ കരിയറിലെ തന്നെ ഉയര്‍ന്ന സ്കോറായ 835 പോയിന്റ് നേടാന്‍ ബുംറക്കായി.
ഐ.സി.സി ടെസ്റ്റ് ബൗള്‍ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്താണ് ബുംറയുള്ളത്. 12 ടെസ്റ്റ് മാച്ചുകളിലായി 19.24 ശരാശരിയില്‍ 62 വിക്കറ്റ് നേടിക്കൊണ്ടായിരുന്നു ബുംറ റാങ്ക് ഉയര്‍ത്തിയത്.