വിരാട് കോഹ്‌ലി ഇന്ത്യന്‍ നായകസ്ഥാനം രാജിവെച്ചതിന് പിന്നാലെ ഇനിയാര് എന്ന ചോദ്യമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തുയരുന്നത്. കെ.എല്‍. രാഹുല്‍, ഇന്ത്യന്‍ ഏകദിന-ടി20 നായകന്‍ രോഹിത് ശര്‍മ തുടങ്ങിയവരുടെ പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും ബി.സി.സി.ഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.
‘നായകനാവാന്‍ ഒരവസരം ലഭിക്കുകയാണെങ്കില്‍ അത് വളരെ ഭാഗ്യമായാണ് കണക്കാക്കുന്നത്. നായകനാവാന്‍ അവസരം കിട്ടിയാല്‍ ഒരു താരവും നോ പറയാന്‍ ഇടയില്ല. ഞാനും അങ്ങനെതന്നെയാണ്,’ ബുംറ പറയുന്നു.
സ്വാഭാവികമായാണ് താന്‍ ഉത്തരവാദിത്തം ഏറ്റെടുക്കാറുള്ളതെന്നും സഹതാരങ്ങളെ സഹായിക്കുന്നത് അതേ രീതിയിലാണെന്നും ബുംറ പറയുന്നു.
‘ ഈ സാഹചര്യത്തെയും ഞാന്‍ ഇതേ രീതിയിലാണ് നോക്കിക്കാണുന്നത്. ഉത്തരവാദിത്തം ഏറ്റെടുക്കുന്നതും സഹതാരങ്ങളെ സഹായിക്കുന്നതും സ്വാഭാവികമായി തന്നെയാണ്. അങ്ങനെയാണ് ഞാന്‍ ക്രിക്കറ്റിനെ സമീപിക്കുന്നത്,’ ബുംറ പറയുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ടെസ്റ്റ് നായകനായ വിരാട് സ്ഥാനമൊഴിയുന്നത്. ട്വിറ്ററിലൂടെയായിരുന്നു താരം ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.
ദക്ഷിണാഫ്രിക്കയ്ക്കതിരായ പരമ്പരയില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് കോഹ്‌ലി അപ്രതീക്ഷിതമായി നായകസ്ഥാനം രാജിവെക്കുന്നത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന പേരും പെരുമയും നെഞ്ചിലേറ്റിയാണ് താരം വിടവാങ്ങുന്നത്.
2014ലായിരുന്നു വിരാട് ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തെത്തുന്നത്. 2014ല്‍ മെല്‍ബണ്‍ ടെസ്റ്റില്‍ നേടിയ സമനിലയോടെയാണ് സ്ഥാനമൊഴിഞ്ഞ എം.എസ്. ധോണിക്ക് പിന്നാലെയാണ് വിരാട് ടെസ്റ്റ് ക്യാപ്റ്റന്‍സി സ്വീകരിച്ചത്.
നായകസ്ഥാനമേറ്റടുത്ത ശേഷം 68 മത്സരങ്ങളിലാണ് വിരാട് ഇന്ത്യയെ നയിച്ചത്.
കോഹ്‌ലി നയിച്ച 68 മത്സരങ്ങളില്‍ 40ലും ഇന്ത്യ ജയിച്ചിരുന്നു.17 മത്സരങ്ങള്‍ തോല്‍ക്കുകയും 11 മത്സരങ്ങള്‍ സമനിലയില്‍ അവസാനിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍മാരില്‍ ഏറ്റവുമധികം ജയശരാശരിയുള്ളത് വിരാടിനാണ്.