ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടരുകയാണ്. മത്സരത്തിന്റെ രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട ആതിഥേയര്‍ ലീഡ് നേടാനുള്ള കഠിനശ്രമത്തിലാണ്.
ആദ്യ ദിനം തന്നെ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയെ (പത്ത് പന്തില്‍ രണ്ട്) നഷ്ടപ്പെട്ട ഓസ്‌ട്രേലിയക്ക് രണ്ടാം ദിവസം ലഞ്ചിന് മുമ്പ് മാര്‍നസ് ലബുഷാന്‍ (എട്ട് പന്തില്‍ രണ്ട്), സാം കോണ്‍സ്റ്റസ് (38 പന്തില്‍ 22), ട്രാവിസ് ഹെഡ് (മൂന്ന് പന്തില്‍ നാല്), സ്റ്റീവ് സ്മിത് (57 പന്തില്‍ 33) എന്നിവരുടെ വിക്കറ്റുകളും നഷ്ടമായി.
ഖവാജയ്ക്ക് പുറമെ ലബുഷാനെയും ജസ്പ്രീത് ബുംറ മടക്കിയപ്പോള്‍ കോണ്‍സ്റ്റസിന്റെയും ഹെഡിന്റെയും അന്ത്യം മുഹമ്മദ് സിറാജിന്റെ കൈ കൊണ്ടായിരുന്നു. പ്രസിദ്ധ് കൃഷ്ണയാണ് സ്മിത്തിനെ പുറത്താക്കിയത്.
ലബുഷാനെ റിഷബ് പന്തിന്റെ കൈകളിലെത്തിച്ച് മടക്കിയതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ബുംറയുടെ പേരില്‍ കുറിക്കപ്പെട്ടത്. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്.
ഇതിഹാസ താരം ബിഷന്‍ സിങ് ബേദിയുടെ റെക്കോഡാണ് ജസ്പ്രീത് ബുംറ മറികടന്നത്. ഈ പരമ്പരയിലെ മത്സരങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പാണ് ബുംറയുടെ റെക്കോഡ് നേട്ടമെന്നതും ശ്രദ്ധേയമാണ്.
(താരം – വിക്കറ്റ് – വര്‍ഷം എന്നീ ക്രമത്തില്‍)
ജസ്പ്രീത് ബുംറ – 32* – 2024-25
ബിഷന്‍ സിങ് ബേദി – 31 – 1977-78
ബി.എസ്. ചന്ദ്രശേഖര്‍ – 28 – 1997-78
ഇ.എസ്.എസ്. പ്രസന്ന – 25 – 1967-68
കപില്‍ ദേവ് – 25 – 1991-92
അതേസമയം, അരങ്ങേറ്റക്കാരന്‍ ബ്യൂ വെബ്‌സ്റ്ററും വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയുമാണ് ഓസ്‌ട്രേലിയക്കായി ക്രീസില്‍ തുടരുന്നത്. വെബ്‌സ്റ്റര്‍ 49 പന്തില്‍ 28 റണ്‍സും കാരി ഒമ്പത് പന്തില്‍ നാല് റണ്‍സുമായാണ് ക്രീസിലുള്ളത്.
മത്സരത്തില്‍ നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ് കോമ്പിനേഷനുകള്‍ മാറി പരീക്ഷിച്ചിട്ടും ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ പതിവ് പല്ലവി തന്നെ ആവര്‍ത്തിച്ചു. 40 റണ്‍സ് നേടി റിഷബ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
രവീന്ദ്ര ജഡേജ 95 പന്ത് നേരിട്ട് 26 റണ്‍സിന് പുറത്തായപ്പോള്‍ 22 റണ്‍സുമായി ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ തന്റെ സംഭാവനയും നല്‍കി.
ഓസ്ട്രേലിയക്കായി സ്‌കോട് ബോളണ്ട് നാല് വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക് മൂന്നും നായകന്‍ പാറ്റ് കമ്മിന്‍സ് രണ്ട് വിക്കറ്റും നേടിയപ്പോള്‍ നഥാന്‍ ലിയോണാണ് ശേഷിച്ച വിക്കറ്റ് സ്വന്തമാക്കിയത്.
പരമ്പരയിലെ ആദ്യ നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 2-1ന് പിന്നില്‍ നില്‍ക്കുന്ന ഇന്ത്യയെ സംബന്ധിച്ച് പരമ്പര നഷ്ടപ്പെടാതെ കാക്കാന്‍ വിജയം അനിവാര്യമാണ്. അതേസമയം, സിഡ്നിയില്‍ സമനില നേടിയാല്‍ പോലും ഓസ്ട്രേലിയക്ക് ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കാന്‍ സാധിക്കും.
Content Highlight: Jasprit Bumrah Now Holds the Record of Most Wickets by Indian in Australia Test Series