ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയാണ് നടക്കാനിരിക്കുന്നത്. സിഡ്‌നിയിലെ ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന നിര്‍ണായക മത്സരത്തില്‍ വിജയം സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. പുതുവര്‍ഷത്തില്‍ വിജയം സ്വന്തമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറ നടത്തിയത്. നിര്‍ണായകമായ രണ്ടാം ടെസ്റ്റില്‍ ഓസീസിനെ തകര്‍ക്കാന്‍ സഹായിച്ചത് ബുംറയുടെ മികച്ച ബൗളിങ്ങാണ്. ഒമ്പത് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിലവില്‍ 12.83 എന്ന ആവറേജില്‍ 30 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്. ഇതോടെ പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരനാകാനും താരത്തിന് സാധിച്ചു. സിഡ്‌നിയിലും ബുംറ മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ഇതിനെല്ലാം പുറമെ താരത്തെ ഒരു തകര്‍പ്പന്‍ റെക്കോഡും സിഡ്ണിയില്‍ കാത്തിരിക്കുന്നുണ്ട്.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടമാണ് ബുംറയെ കാത്തിരിക്കുന്നത്. ഇനിയുള്ള അവസാന ടെസ്റ്റില്‍ മൂന്ന് വിക്കറ്റുകള്‍ നേടിയാല്‍ ബുംറയ്ക്ക് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിക്കും. 2000-2001 വര്‍ഷത്തെ ഇന്ത്യയില്‍ നടന്ന പരമ്പരയില്‍ 32 വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഹര്‍ഭജന്‍ സിങ് ഈ നേട്ടത്തില്‍ എത്തിയത്.