|

മൂന്ന് വിക്കറ്റായാലും അതിനിരട്ടിയായാലും ഇവന്‍ ഈ റെക്കോഡും തൂക്കിയെ ഓസ്‌ട്രേലിയ വിടൂ; തകര്‍പ്പന്‍ നേട്ടത്തിനരികില്‍ സാക്ഷാല്‍ ബുംറ

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയാണ് നടക്കാനിരിക്കുന്നത്. സിഡ്നിയിലെ ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന നിര്‍ണായക മത്സരത്തില്‍ വിജയം സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. പുതുവര്‍ഷത്തില്‍ വിജയം സ്വന്തമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. നിലവില്‍ 2-1ന് ഓസ്‌ട്രേലിയയാണ് പരമ്പരയില്‍ മുന്നില്‍.

എന്നിരുന്നാലും ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറ പരമ്പരയിലുടനീളം നടത്തിയത്. പരാജയപ്പെട്ടെങ്കിലും നിര്‍ണായകമായ രണ്ടാം ടെസ്റ്റില്‍ ഓസീസിനെ തകര്‍ക്കാന്‍ സഹായിച്ചത് ബുംറയുടെ മികച്ച ബൗളിങ്ങാണ്. നിലവില്‍ 30 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

പുതു വര്‍ഷത്തില്‍ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനിരിക്കുകയാണ് ബുംറ. ഒരു ഉഭയകക്ഷി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്താനുള്ള അവസരമാണ് ബുംറയ്ക്കുള്ളത്.

1972-73ലെ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ലെഗ് സ്പിന്നര്‍ ബി.എസ്. ചന്ദ്രശേഖര്‍ അഞ്ച് റെഡ് ബോള്‍ മത്സരങ്ങളില്‍ നിന്ന് 35 വിക്കറ്റ് വീഴ്ത്തി. നിലവില്‍ 30 വിക്കറ്റുകള്‍ നേടിയ ബുംറയ്ക്ക് ആറ് വിക്കറ്റുകള്‍ നേടിയാല്‍ ഈ തകര്‍പ്പന്‍ റെക്കോഡ് മറികടക്കാം.

ഒരു ഉഭയകക്ഷി ടെസ്റ്റ് പരമ്പരയില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍, വര്‍ഷം – എതിരാളി

ബി.എസ്. ചന്ദ്രശേഖര്‍ – 35 വിക്കറ്റ് – 1972-73 ഇംഗ്ലണ്ടിനെതിരെ (5 ടെസ്റ്റുകളില്‍ നിന്ന്)

വിനു മങ്കാഡ് – 34 വിക്കറ്റ് – 1951-52ല്‍ ഇംഗ്ലണ്ടിനെതിരെ (5 ടെസ്റ്റുകളില്‍ നിന്ന്)

സുഭാഷ് ഗുപ്‌തെ – 34 വിക്കറ്റ് – 1955-56ല്‍ ന്യൂസിലാന്‍ഡിനെതിരെ (5 ടെസ്റ്റുകളില്‍ നിന്ന്)

കപില്‍ ദേവ് – 32 വിക്കറ്റ് – 1979-80ല്‍ പാകിസ്ഥാനെതിരെ (6 ടെസ്റ്റുകളില്‍ നിന്ന്)

ഹര്‍ഭജന്‍ സിങ് – 32 വിക്കറ്റ് – 2000-01ല്‍ ഓസ്ട്രേലിയയ്ക്കെതിരെ (3 ടെസ്റ്റുകളില്‍ നിന്ന്)

ആര്‍. അശ്വിന്‍ – 32 വിക്കറ്റ് – 2020-21ല്‍ ഇംഗ്ലണ്ടിനെതിരെ (4 ടെസ്റ്റുകളില്‍ നിന്ന്)

ബിഷന്‍ സിങ് ബേദി – 31 വിക്കറ്റ് – 1977-78 ല്‍ ഓസ്ട്രേലിയയ്ക്കെതിരെ (5 ടെസ്റ്റുകളില്‍ നിന്ന്)

ആര്‍. അശ്വിന്‍ – 31 വിക്കറ്റ് – 2015-16ല്‍ സൗത്ത് ആഫ്രിക്കയ്ക്കെതിരെ (4 ടെസ്റ്റുകളില്‍ നിന്ന്)

ജസ്പ്രീത് ബുംറ – 30 വിക്കറ്റ് – 2024-25ല്‍ ഓസ്ട്രേലിയയ്ക്കെതിരെ (4 ടെസ്റ്റുകളില്‍ നിന്ന്)

സിഡ്നിയിലും ബുംറ മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ഇതിനെല്ലാം പുറമെ താരത്തെ മറ്റൊരു തകര്‍പ്പന്‍ റെക്കോഡും സിഡ്‌നിയില്‍ കാത്തിരിക്കുന്നുണ്ട്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടമാണ് ബുംറയെ കാത്തിരിക്കുന്നത്.

ഇനിയുള്ള അവസാന ടെസ്റ്റില്‍ മൂന്ന് വിക്കറ്റുകള്‍ നേടിയാല്‍ ബുംറയ്ക്ക് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിക്കും. 2000-2001 വര്‍ഷത്തെ ഇന്ത്യയില്‍ നടന്ന പരമ്പരയില്‍ 32 വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഹര്‍ഭജന്‍ സിങ് ഈ നേട്ടത്തില്‍ എത്തിയത്.

Content Highlight: Jasprit Bumrah Need 3 Or 6 Wicket To Achieve Great Record In Test Cricket

Video Stories