സൂപ്പര്‍ താരത്തിന് പരിക്ക്, ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി; റിപ്പോര്‍ട്ടുകള്‍
Cricket
സൂപ്പര്‍ താരത്തിന് പരിക്ക്, ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് വമ്പന്‍ തിരിച്ചടി; റിപ്പോര്‍ട്ടുകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 8th August 2022, 8:46 pm

ഈ മാസം അവാസനം നടക്കുന്ന ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ലോകകപ്പിന് മുന്നോടിയായി ടീമിനെ സജ്ജമാക്കാന്‍ ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്ക് സാധിക്കും.

താരസമ്പന്നമായ ഇന്ത്യന്‍ ടീമില്‍ ആരൊക്കെ കളിക്കുമെന്ന് വ്യക്തമല്ല. എന്നാല്‍ ചില പ്രധാനപ്പെട്ട താരങ്ങള്‍ ഇന്ത്യന്‍ നിരയില്‍ കാണുമെന്നുറപ്പാണ്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യന്‍ പേസ് ബൗളിങ്ങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറ ടീമില്‍ ഉണ്ടാകില്ല.
മുതുകിനേറ്റ പരിക്ക് കാരണമാണ് അദ്ദേഹം പുറത്താകുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘ജസ്പ്രീത് ബുംറയ്ക്ക് മുതുകിന് പരിക്കുണ്ട്, ഏഷ്യാ കപ്പില്‍ കളിക്കില്ല. അദ്ദേഹം ഞങ്ങളുടെ പ്രധാന ബൗളറാണ്, ടി-20 ലോകകപ്പിന് മുമ്പ് അദ്ദേഹം കളിക്കളത്തില്‍ തിരിച്ചെത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഏഷ്യാ കപ്പില്‍ പങ്കെടുപ്പിച്ച് അദ്ദേഹത്തെ അപകടപ്പെടുത്താന്‍ ഞങ്ങള്‍ തയ്യാറല്ല. ഏഷ്യാ കപ്പില്‍ ഇറങ്ങിയാല്‍ പരിക്ക് കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ട്,’ ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ പി.ടി.ഐയോട് പറഞ്ഞു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബുംറക്ക് സമാനമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ആ പരിക്ക് കാരണം കുറച്ചുകാലം അദ്ദേഹം ടീമില്‍ നിന്നും പുറത്തായിരുന്നു.

 

ഇന്ത്യന്‍ ടീമിന്റെ കോര്‍ സ്‌ക്വാഡിലുള്ളയാളാണ് ബുംറ. അദ്ദേഹം ടീമിലില്ലാത്തത് ഇന്ത്യക്ക് വലിയ തിരിച്ചടി തന്നെയായിരിക്കും. യു.എ.ഇയില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ടീമിന്റെ ഏറ്റവും മികച്ച ബൗളറായ ബുംറക്ക് സാധിക്കുമായിരുന്നു. യു.എ.ഇയില്‍ നടന്ന ഐ.പി.എല്ലില്‍ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്.

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള പരമ്പരയിലും സിംബാബ്‌വേക്കെതിരെയുള്ള പരമ്പരയിലും ബുംറക്ക് ടീമില്‍ നിന്നും റെസ്റ്റ് അനുവധിച്ചിരുന്നു.

അദ്ദേഹത്തിന് പകരം ടീമില്‍ വരാന്‍ ഒരുപാട് താരങ്ങള്‍ അവസരം കാത്തുനില്‍ക്കുന്നുണ്ടെങ്കിലും ബുംറയെ പോലെയാകാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ എന്നുള്ളത് കണ്ടറിയണം.

Content Highlights: Jasprit Bumrah Likely to be ruled out of Asia cup due to back injury