ജോഹന്നാസ്ബര്‍ഗ്: അരങ്ങേറ്റ വിദേശ പര്യടനത്തിലും അരങ്ങേറ്റ ടെസ്റ്റിലും ശ്രദ്ധേയമായ പ്രകടനം തന്നെയാണ് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ പുറത്തെടുക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടവുമായി തകര്‍പ്പന്‍ പ്രകടനമാണ് ബുറ പുറത്തെടുത്തത്. 54 റണ്‌സ് മാത്രം വഴങ്ങിയായിരുന്നു ബുംറ ഈ നേട്ടം കൈവരിച്ചത്.
അഞ്ച് വിക്കറ്റുകളും വളരെ പ്രധാനപ്പെട്ടതായിരുന്നുവെങ്കിലും ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസിന്റെ വിക്കറ്റ് ഒന്നു വേറെ തന്നെയായിരുന്നു. ഡുപ്ലെസിസിനെ കണ്‍ഫ്യൂഷനാക്കി കളഞ്ഞ ഇന്‍സ്വിങര്‍ എറിഞ്ഞാണ് ബുംറ വിക്കറ്റെടുത്തത്. പന്ത് പുറത്തേക്ക് പോകുമെന്ന് കരുതി ലീവ് ചെയ്യാന്‍ തീരുമാനിച്ച ഡുപ്ലെസിയെ ഞെട്ടിച്ചു കൊണ്ടു ബുംറയുടെ പന്ത് തിരഞ്ഞ് സ്റ്റമ്പിലേക്ക് കയറുകയായിരുന്നു.
അതേസമയം, മൂന്നാം ടെസ്റ്റില്‍ മാനം രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയിറങ്ങിയ ഇന്ത്യ സമനിലയ്ക്കായി പോരാടുകയാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ നാലിന് 107 എന്ന നിലയിലാണ്. നായകന്‍ വിരാട് കോഹ് ലിയും അജിന്‍ക്യാ രഹാനെയുമാണ് ക്രീസില്‍. വിരാട് 33 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യയുടെ ലീഡ് 100 കടന്നിട്ടുണ്ട്.
നേരത്തെ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 187 ന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിനായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ 194 ന് പിടിച്ചു കെട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചിരുന്നു. ഇതോടെ മത്സരം സമനിലയാകാനുള്ള സാധ്യതയാണ് കാണുന്നത്.