ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ട്വന്റി-20 മത്സരത്തില്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ കളിക്കാന്‍ ഇറങ്ങിയേക്കും. ക്രിക്ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിതാപകരമായി കിടക്കുന്ന ഇന്ത്യന്‍ ബൗളിങ് നിരക്ക് ബുംറയുടെ വരവ് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നുറപ്പാണ്.
ഏറെ നാളായി പരിക്കിന്റെ പിടിയിലായിരുന്ന ബുംറയുടെ ടീമിലേക്കുള്ള തിരിച്ചുവരവായിരിക്കും രണ്ടാം ട്വന്റി-20. ബുംറ ടീമിലെത്തുന്നതോട് കൂടി ഉമേഷ് യാദവോ ഹര്‍ഷല്‍ പട്ടേലോ ടീമില്‍ നിന്നും പുറത്താകുമെന്നാണ് വിലയിരുത്തലുകള്‍.
ജൂലൈയില്‍ നടന്ന ഇംഗ്ലണ്ട് പരമ്പരക്ക് ശേഷമാണ് അദ്ദേഹം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നത്. മുതുകിനേറ്റ പരിക്ക് കാരണമായിരുന്നു അദ്ദേഹം പുറത്തിരുന്നത്. ഏഷ്യാ കപ്പിലും ബുംറ കളിച്ചില്ലായിരുന്നു. ഏഷ്യാ കപ്പില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഇന്ത്യന്‍ ടീം ഒരുപാട് മിസ് ചെയ്തിരുന്നു.
ഓസ്‌ട്രേലിയക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ പരിക്ക് പൂര്‍ണമായും മാറാത്ത സാഹചര്യത്തിലാണ് ബുംറ പുറത്തിരുന്നത്. ഡെത്ത് ബൗളിങ് സ്‌പെഷ്യലിസ്റ്റ് എന്നറിയപ്പെടുന്ന ബുംറയെ ഇന്ത്യന്‍ ആരാധകര്‍ കഴിഞ്ഞ കുറെ മത്സരത്തില്‍ ആഗ്രഹിച്ചിരുന്നു. ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്ഥാനെതിരെയും ശ്രിലങ്കക്കെതിരെയും ഇന്ത്യ ഡെത്ത് ഓവറുകളിലായിരുന്നു തോറ്റത്.
ഓസീസിനെതിരെയുള്ള ആദ്യ മത്സരത്തിലും ഇന്ത്യ തോറ്റത് ബൗളിങ്ങിലെ പിടുത്തക്കേട് കൊണ്ടായിരുന്നു. വരും മത്സരങ്ങളിലും ലോകകപ്പിലും ബുംറ ടീമിനുള്ളില്‍ ഒരുപാട് ഇംപാക്ടുണ്ടാക്കി ടീമിന്റെ ബൗളിങ്ങിനെ നയിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
അതേസമയം, ആദ്യ മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യ മികച്ച ടോട്ടല്‍ തന്നെ കണ്ടെത്തിയിരുന്നു. തുടക്കം മുതല്‍ അറ്റാക്കിങ് അപ്രോച്ച് വെച്ച് കളിച്ച ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടിയിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ കൊളുത്തി വിട്ട തിരി അവസാനം ഹര്‍ദിക് പാണ്ഡ്യ ഏറ്റെടുക്കുകയായിരുന്നു.
ഇന്ത്യക്കായി ഹര്‍ദിക് പാണ്ഡ്യ 30 പന്തില്‍ 71 റണ്‍സും കെ.എല്‍ രാഹുല്‍ 55 റണ്‍സും സ്വന്തമാക്കി. 46 റണ്‍സുമായി സൂര്യകുമാര്‍ യാദവ് ഇവര്‍ക്ക് മികച്ച പിന്തുണ നല്‍കി. ബാറ്റര്‍മാര്‍ അക്ഷാര്‍ത്ഥത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഇന്ത്യക്ക് പണി കൊടുക്കുകയായിരുന്നു.
ഓസീസിനായി കാമറൂണ്‍ ഗ്രീന്‍ 61 റണ്‍സ് നേടി കളിയിലെ താരമായി. കരിയറില്‍ ആദ്യമായി ഓപ്പണിങ് ഇറങ്ങിയ ഈ 23 വയസുകാരന്‍ ആദ്യ ഓവര്‍ മുതല്‍ തകര്‍ത്തടിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. ഫിനിഷിങ്ങില്‍ മാരക അടി അടിച്ച മാത്യു വെയ്ഡ് 21 പന്തില്‍ 45 റണ്‍സ് നേടിയിരുന്നു. മുന്നാമനായി ഇറങ്ങിയ സ്റ്റീവ് സ്മിത് 35 റണ്‍സ് നേടിയിരുന്നു.
Content Highlight: Jasprit Bumrah Is all set to Comeback In Second T20I against Australia