ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിനുള്ള സ്‌ക്വാഡില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഉള്‍പ്പെടുത്തി ബി.സി.സി.ഐ. നേരത്തെ പ്രഖ്യാപിച്ച ഇന്ത്യയുടെ ഒ.ഡി.ഐ സ്‌ക്വാഡില്‍ താരം ഉള്‍പ്പെട്ടിട്ടില്ലായിരുന്നു.
പരിക്ക് ഭേദമായതിന് ശേഷവും കളിക്കാന്‍ പ്രാപ്തനായിട്ടും ബുംറയെ ടീമില്‍ ഉള്‍പ്പെടുത്താത്തതിന് ബി.സി.സി.ഐക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ബി.സി.സി.ഐ അപ്രതീക്ഷിതമായി താരത്തെ ടീമിലേക്ക് തിരിച്ചുവിളിച്ചിരിക്കുന്നത്.
2022 സെപ്തംബര്‍ മുതല്‍ ബുംറ ക്രിക്കറ്റ് മൈതാനത്തില്‍ നിന്നും പുറത്തായിരുന്നു. പുറം വേദനയാണ് താരത്തെ പിന്നോട്ട് വലിച്ചത്.
പരിക്കിന് പിന്നാലെ ഐ.സി.സി ടി-20 ലോകകപ്പില്‍ കളിക്കാന്‍ ബുംറക്ക് സാധിച്ചിട്ടില്ലായിരുന്നു. ഇതിന് പിന്നാലെ താരം എന്‍.സി.എയില്‍ കഴിയുകയായിരുന്നു. അദ്ദേഹം ഉടന്‍ തന്നെ ടീം ഇന്ത്യ ഏകദിന ടീമില്‍ ചേരുമെന്ന് ബി.സി.സി.ഐ വ്യക്തമാക്കി.
ഇന്ത്യ-ശ്രീലങ്ക അപ്‌ഡേറ്റഡ് ഒ.ഡി.ഐ സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ്. ഷമി, മുഹമ്മദ്. സിറാജ്, ഉമ്രാന്‍ മാലിക്, അര്‍ഷ്ദീപ് സിങ്.
ജനുവരി പത്തിനാണ് ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരക്ക് തുടക്കമാവുന്നത്. ഗുവാഹത്തിയാണ് ആദ്യ ഏകദിനത്തിന് വേദിയാകുന്നത്.
ജനുവരി 12ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ച് പരമ്പരയിലെ രണ്ടാം മത്സരവും ജനുവരി 15ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ച് മൂന്നാം മത്സരവും നടക്കും.
അതേസമയം ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പര ജനുവരി മൂന്നിന് ആരംഭിക്കുകയാണ്. മൂന്ന് മത്സരങ്ങളാണ് ടി-20 പരമ്പരയിലും ഉള്ളത്. മുംബൈ വാംഖഡെ സ്റ്റേഡിയമാണ് ആദ്യ മത്സരത്തിന് വേദിയാകുന്നത്.
ജനുവരി അഞ്ചിന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ വെച്ച് പരമ്പരയിലെ രണ്ടാം മത്സരവും ജനുവരി ഏഴിന് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ വെച്ച് മൂന്നാം മത്സരവും നടക്കും.
ഇന്ത്യ ടി-20 സ്‌ക്വാഡ്
ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ് (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, യൂസ്വേന്ദ്ര ചഹല്‍, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്, ശിവം മാവി, മുകേഷ് കുമാര്‍.
Content Highlight: Jasprit Bumrah included in ODI squad for Sri Lanka series