| Friday, 6th December 2024, 3:48 pm

കങ്കാരുപ്പടയുടെ ആദ്യ ചോര വീഴ്ത്തി റെക്കോഡും സ്വന്തമാക്കി; ബുംറയുടെ താണ്ഡവം തുടങ്ങി!

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് അഡ്‌ലെയ്ഡ് ഓവലില്‍ നടന്നുകൊണ്ടിരിക്കുകയാണ്. പിങ്ക് ബോളില്‍ നടക്കുന്ന ഡേ- നൈറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് 180 റണ്‍സിനാണ് ഓസീസ് ഇന്ത്യയെ തകര്‍ത്തത്.

നിലവില്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയ 13 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സാണ് നേടിയത്. കങ്കാരുപ്പയുടെ ആദ്യ ചോര വീഴ്ത്തിയത് ഇന്ത്യന്‍ പേസ് മാസ്റ്റര്‍ ജസ്പ്രീത് ബുംറയാണ്. ഓപ്പറണ്‍ ഉസ്മാന്‍ ഖവാജയുടെ വിക്കറ്റ് വീഴ്ത്തിയാണ് താരം തുടങ്ങിയത്.

35 പന്തില്‍ രണ്ട് ഫോര്‍ ഉള്‍പ്പെടെ 13 റണ്‍സാണ് ഖവാജ നേടിയത്. ഖവാജയെ പുറത്താക്കിയതോടെ ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് ബുംറ. ഒരു ഇന്ത്യന്‍ പേസര്‍ എന്ന നിലയില്‍ ടെസ്റ്റില്‍ ഒരു വര്‍ഷംകൊണ്ട് 50 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന നാലാമത്തെ താരമാകാനാണ് ബുംറയ്ക്ക് സാധിച്ചത്. കപില്‍ ദേവും സഹീര്‍ ഖാനുമാണ് നേരത്തെ ഈ റെക്കോഡ് ലിസ്റ്റില്‍ എത്തിയ ബൗളര്‍മാര്‍.

ഒരു ഇന്ത്യന്‍ പേസര്‍ എന്ന നിലയില്‍ ടെസ്റ്റില്‍ ഒരു വര്‍ഷംകൊണ്ട് 50 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന താരം, വര്‍ഷം

കപില്‍ ദേവ് – 1979

കപില്‍ ദേവ് – 1983

സഹീര്‍ ഖാന്‍ – 2002

ജസ്പ്രീത് ബുംറ – 2024*

ഇന്ത്യയെ തകര്‍ത്ത് മിന്നും പ്രകടനം കാഴ്ചവെച്ചത് ഓസ്‌ട്രേലിയയുടെ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ്. ഇന്ത്യയുടെ ആറ് വിക്കറ്റുകളാണ് സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്. ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിനെ ആദ്യ ബോളില്‍ ഗോള്‍ഡന്‍ ഡക്കായാണ് സ്റ്റാര്‍ക്ക് തുടങ്ങിയത്. ശേഷം ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ കെ.എല്‍. രാഹുല്‍ (64 പന്തില്‍ 37), വിരാട് കോഹ്‌ലി (8 പന്തില്‍ 7), ആര്‍. അശ്വിന്‍ (22 പന്തില്‍ 22), ഹര്‍ഷിത് റാണ (3 പന്തില്‍ 0) എന്നിവരെയും സ്റ്റാര്‍ക്ക് കൂടാരം കയറ്റി.

ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ച നിതീഷ് കുമാര്‍ റെഡ്ഡിയെ അവസാന ഘട്ടത്തില്‍ 42 റണ്‍സിനും സ്റ്റാര്‍ക്ക് പുറത്താക്കി തന്റെ ആറാം വിക്കറ്റ് നേടി.

ആദ്യ മത്സരത്തില്‍ നിന്ന് വിട്ടുനിന്ന ശുഭ്മന്‍ ഗില്‍ 31 റണ്‍സിനാണ് മടങ്ങിയത്. 51 പന്തില്‍ അഞ്ച് ഫോര്‍ അടക്കമാണ് താരം മിന്നും പ്രകടനം നടത്തിയത്. സ്‌കോട്ട് ബോളണ്ടിന്റെ മികച്ച എല്‍.ബി.ഡബ്ല്യുവിലാണ് താരം പുറത്തായത്. തുടര്‍ന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ മൂന്ന് റണ്‍സിനും സ്‌കോട് പറഞ്ഞയച്ചു. 21 റണ്‍സ് നേടിയ ഋഷബ് പന്തിനെയും റണ്‍സ് ഒന്നും നേടാതെ പോയ ബുംറയേയും ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് പുറത്താക്കിയത്.

Content Highlight: Jasprit Bumrah In Record Achievement In Test Cricket

We use cookies to give you the best possible experience. Learn more