ടി-20 ഫൈനലില്‍ ഒരുഘട്ടത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരെ പ്രോട്ടിയാസ് തലങ്ങും വിലങ്ങും അടിച്ച് റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ ലോകകപ്പ് ഇന്ത്യയ്ക്ക് നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. 15 ഓവര്‍ പിന്നിട്ടപ്പോള്‍ 30 റണ്‍സായിരുന്നു സൗത്ത് ആഫ്രിക്കയക്ക് വിജയിക്കാന്‍ വേണ്ടത്. എന്നാല്‍ ജസ്പ്രീത് ബുംറ കളത്തിലിറങ്ങിയതോടെ പ്രോട്ടിയാസ് വിറയ്ക്കുകയായിരുന്നു. മികച്ച രീതിയില്‍ ഓവര്‍ പൂര്‍ത്തിയാക്കിയ ബുംറ നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി 2 വിക്കറ്റും നേടിയിരുന്നു.
ഇതോടെ നിര്‍ണായകഘട്ടത്തില്‍ തന്റെ സ്‌പെല്ലിലൂടെ ഇന്ത്യയെ രക്ഷിക്കാന്‍ താരത്തിന് സാധിച്ചു. ഇതോടെ ഇന്ത്യയ്ക്ക് രണ്ടാം ടി-20 കിരീടവും സ്വന്തമാക്കാന്‍ സാധിച്ചു. മാത്രമല്ല ഒരുതകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും ബുംറയ്ക്കും സാധിച്ചിരിക്കുകയാണ്. ടി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവുമധികം വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് ബുംറയ്ക്ക് സാധിച്ചത്. ഈ ലിസ്റ്റില്‍ രവിചന്ദ്രന്‍ അശ്വിനൊപ്പമാണ് ബുംറ നേട്ടം കൊയ്തത്. ലിസ്റ്റില്‍ ഒന്നാമത് ഹര്‍ഭജന്‍ സിങ് ആണ്. സ്പിന്നര്‍മാരുടെ ഈ പട്ടികയില്‍ ഒരു പേസ് ബൗളര്‍ കടന്ന് വന്നതും പ്രശംസനീയമാണ്.
ടി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരം, വിക്കറ്റ്
ഹര്‍ഭജന്‍ സിങ് – 12
ജസ്പ്രീത് ബുംറ – 10*
ആര്‍. അശ്വിന്‍ – 10
ഇന്ത്യന്‍ ബൗളിങ്ങില്‍ ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റും അര്‍ഷ്ദീപ് സിങ് രണ്ടു വിക്കറ്റും അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ലോകകപ്പിലുടനീളം ബുംറ തകര്‍പ്പന്‍ പ്രകടനമായിരുന്നു നടത്തിയത്.
ഈ ലോകകപ്പില്‍ എട്ട് മത്സരങ്ങളില്‍ നിന്നും 15 വിക്കറ്റുകള്‍ ആണ് ബുംറ നേടിയിട്ടുള്ളത്. ലോകകപ്പ് അവസാനിക്കുമ്പോള്‍ ഒരു ചരിത്ര നേട്ടവും ബുംറ സ്വന്തമാക്കിയിരുന്നു. ടി-20 ലോകകപ്പിന്റെ ഒരു പതിപ്പില്‍ ഏറ്റവും മികച്ച ആവറേജ് നേടുന്ന താരമെന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്. 8.3 ആവറേജിലാണ് ബുംറ ഈ ലോകകപ്പില്‍ പന്തെറിഞ്ഞത്.
Content Highlight: Jasprit Bumrah in Record Achievement