ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര 2-0ത്തിന് ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. അവസാന ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 95 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ ഏഴ് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. കാണ്‍പൂരില്‍ നടന്ന മത്സരത്തിന്റെ രണ്ട് ദിവസങ്ങള്‍ മഴമൂലം നഷ്ടമായിരുന്നു. എന്നാല്‍ നാലാം ദിവസവും അഞ്ചാം ദിവസവും ഐതിഹാസികമായ പ്രകടനം നടത്തികൊണ്ട് ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.
ബംഗ്ലാദേശിനെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങിലും ഇന്ത്യന്‍ സ്റ്റാര്‍ ബൗളര്‍മാര്‍ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. അതില്‍ രവിചന്ദ്രന്‍ അശ്വിന്‍ 11 വിക്കറ്റും രവീന്ദ്ര ജഡേജ ഒമ്പത് വിക്കറ്റും ജസ്പ്രീത് ബുംറ 11 വിക്കറ്റും നേടി മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു. നേടിയത് 11 വിക്കറ്റുകളാണെങ്കിലും ഇന്ത്യന്‍ പേസ് സ്റ്റാര്‍ ബുംറ ഒരു മിന്നും നേട്ടമാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നേടിയത്.
2018ന് ശേഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ബൗള്‍ഡ് വിക്കറ്റ് നേടുന്ന താരമാകാനാണ് ബുംറയ്ക്ക് സാധിച്ചത്. 47 വിക്കറ്റുകളാണ് താരത്തിന് നേടാന്‍ സാധിച്ചത്. ഈ നേട്ടത്തില്‍ സ്പിന്‍ മാന്ത്രികന്‍ ആര്‍. അശ്വിന്‍ രണ്ടാം സ്ഥാനത്താണ്.
2018ന് ശേഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ബൗള്‍ഡ് വിക്കറ്റ് നേടുന്ന താരം, വിക്കറ്റ്
ജസ്പ്രീത് ബുംറ – 47*
രവിചന്ദ്രന്‍ അശ്വിന്‍ – 46
മിച്ചല്‍ സ്റ്റാര്‍ക്ക് – 43
പാറ്റ് കമ്മിന്‍സ് – 39
മുഹമ്മദ് ഷമി – 37
ആദ്യ ഇന്നിങ്സില്‍ ബാറ്റ് ചെയ്ത ബംഗ്ലാദേശ് 233 റണ്‍സാണ് നേടിയത്. മോമിനുല്‍ ഹഖിന്റെ സെഞ്ച്വറിയാണ് ബംഗ്ലാദേശിന് തുണയായത്. 194 പന്തില്‍ 107 റണ്‍സാണ് മോമിനുല്‍ നേടിയത്. 17 ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. ഇന്ത്യന്‍ ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും ആര്‍. അശ്വിന്‍, ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 285 റണ്‍സിന് ഒമ്പത് വിക്കറ്റ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ത്യക്കായി യശ്വസ്വി ജെയ്‌സ്വാള്‍ 51 പന്തില്‍ 72 റണ്‍സും 43 പന്തില്‍ 68 റണ്‍സും നേടി കെ.എല്‍ രാഹുലും മികച്ച പ്രകടനം നടത്തി. 35 പന്തില്‍ 47 റണ്‍സ് നേടി വിരാട് കോഹ്ലിയും നിര്‍ണായകമായി. ബംഗ്ലാദേശ് ബൗളിങ്ങില്‍ മെഹദി ഹസന്‍ മിറാസ്, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ നാല് വീതം വിക്കറ്റുകള്‍ നേടി തകര്‍പ്പന്‍ പ്രകടനം നടത്തി. ഹസന്‍ മഹമൂദ് ഒരു വിക്കറ്റും സ്വന്തമാക്കി.
രണ്ടാം ഇന്നിങ്സില്‍ ബംഗ്ലാദേശിനെ വെറും 146 റണ്‍സിന് എറിഞ്ഞിട്ടാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കരുത്തുകാട്ടിയത്. ഇന്ത്യക്കായി ബുംറ, അശ്വിന്‍, ജഡേജ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ ബംഗ്ലാദേശ് തകരുകയായിരുന്നു. ആകാശ് ദീപ് ഒരു വിക്കറ്റും നേടി. അര്‍ധസെഞ്ച്വറി നേടിയ ഷാദ്മാന്‍ ഇസ്ലാം മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ പിടിച്ചുനിന്നത്. 101 പന്തില്‍ 50 റണ്‍സാണ് താരം നേടിയത്.
ഇന്ത്യക്കായി ജെയ്‌സ്വാള്‍ 45 പന്തില്‍ 51 റണ്‍സും വിരാട് 37 പന്തില്‍ 29 റണ്‍സും നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു.
ഇനി ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയാണ് ഇന്ത്യയക്ക് ഉള്ളത്. ഒക്ടോബര്‍ ആറിന് മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ആദ്യ മത്സരം ആരംഭിക്കുന്നത്. രണ്ടാം മത്സരം ഒക്ടോബര്‍ ഒമ്പതിന് ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലും അവസാന മത്സരം ഒക്ടോബര്‍ 12ന് ഹൈദരബാദ് രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിലും നടക്കും.
Content Highlight: Jasprit Bumrah In Great Record Achievement In Test Cricket