ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഓസീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സാണ് നേടിയത്. ഓപ്പണര്‍ സാം കോണ്‍സ്റ്റസ് (8), ഉസ്മാന്‍ ഖവാജ (21), സ്റ്റീവ് സ്മിത് (13), ട്രാവിസ് ഹെഡ് (1), മിച്ചല്‍ മാര്‍ഷ് (0), അലക്‌സ് കാരി (2) എന്നിവരെയാണ് ഓസീസിന് നഷ്ടമായത്.
ഇന്ത്യന്‍ പേസ് മാസ്റ്റര്‍ ജസ്പ്രീത് ബുംറ നാല് വിക്കറ്റ് നേടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്.
സാമിനെ പറഞ്ഞയച്ചാണ് ബുംറ വേട്ടയ്ക്ക് തുടക്കമിട്ടത്. ഖവാജയേയും സ്മിത്തിനേയും പറഞ്ഞയച്ച് സിറാജും മികവ് പുലര്‍ത്തി. നാല് വിക്കറ്റ് വീഴ്ത്തിയ ബുംറ ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്.
ടെസ്റ്റില്‍ 200 വിക്കറ്റ് പൂര്‍ത്തിയാക്കാനാണ് ബുംറയ്ക്ക് സാധിച്ചത്. നിലവില്‍ 202 വിക്കറ്റുകളാണ് താരം നേടിയത്. 2.76 എന്ന തകര്‍പ്പന്‍ എക്കോണമിയും 19. 38 എന്ന കിടിലന്‍ ആവറേജിലുമാണ് ബുംറയുടെ റെഡ് ബോള്‍ പ്രകടനം. നിലവില്‍ ക്രീസിലുള്ളത് മാര്‍നസ് ലബുഷാനും (47*), പാറ്റ് കമ്മിന്‍സും (4) ആണ്.
ഇന്ത്യയുടെ മുന്നിലുള്ള നിര്‍ണായക മത്സരത്തില്‍ വിജയം മാത്രമാണ് ലക്ഷ്യം. എന്നിരുന്നാലും ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങില്‍ 474 റണ്‍സ് നേടിയ ഓസീസ് നിലവില്‍ 200 + റണ്‍സ് നേടിയിട്ടുണ്ട്.
ഒരുവേള ഫോളോ ഓണ്‍ മുമ്പില്‍ കണ്ട ഇന്ത്യയെ നിതീഷ് കുമാര്‍ റെഡ്ഡിയുടെയും വാഷിങ്ടണ്‍ സുന്ദറിന്റെയും കൂട്ടുകെട്ടാണ് ആദ്യ ഇന്നിങ്‌സിലെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. നിതീഷ് കുമാര്‍ സെഞ്ച്വറി നേടിയപ്പോള്‍ അര്‍ധ സെഞ്ച്വറിയുമായാണ് സുന്ദര്‍ തിളങ്ങിയത്.
ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങില്‍ 369 റണ്‍സാണ് നേടിയത്. നിതീഷ് 114 റണ്‍സും സുന്ദര്‍ 50 റണ്‍സും നേടി പുറത്താകുകയായിരുന്നു. ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ 82 റണ്‍സും നേടി ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തിയിരുന്നു.
Content Highlight: Jasprit Bumrah In Great Record Achievement In Test Cricket