Sports News
ഒരു റണ്‍സ് പോലും നേടാതെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്; ഇപ്പോള്‍ നേടിയത് ഐ.സി.സിയുടെ ഇടിവെട്ട് റെക്കോഡും!
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jul 09, 09:31 am
Tuesday, 9th July 2024, 3:01 pm

2007ന് ശേഷം ഇന്ത്യ ടി-20 ലോകകപ്പ് സ്വന്തമാക്കിയിരിക്കുകാണ്. എം.എസ്. ധോണിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു ഇന്ത്യ ആദ്യ ടി-20 കിരീടത്തില്‍ മുത്തമിട്ടത്. പിന്നീട് 17 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് 2024ല്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ രണ്ടാം കിരീടം സ്വന്തമാക്കുന്നത്.

ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബര്‍ഡോസില്‍ നടന്ന ഫൈനലില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനേ പ്രോട്ടിയാസിന് സാധിച്ചുള്ളൂ.

മത്സരം കയ്യില്‍ നിന്ന് നഷ്ടപ്പെട്ട ഒരു ഘട്ടത്തില്‍ ഇന്ത്യയുടെ പവര്‍ ബൗളിങ് യൂണിറ്റാണ് കളിമാറ്റിമറിച്ചത്. ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കാണ് ജസ്പ്രീത് ബുംറ കാഴ്ചവച്ചത്.

ഇപ്പോള്‍ 2024 ടി-20 ലോകകപ്പിലെ മിന്നും പ്രകടനം ജസ്പ്രീത് ബുംറയെ ഐ.സി.സി.യുടെ പ്ലെയര്‍ ഓഫ് ദ മന്തായി തെരഞ്ഞെടുത്തിരിക്കുകയാണ്. ജൂണ്‍ മാസത്തിലെ താരത്തിന്റെ പെര്‍ഫോമന്‍സിന്റെ അടിസ്ഥാനത്തിലാണ് ഈ നേട്ടത്തില്‍ ബുംറയെക്കൊണ്ടെത്തിച്ചത്.

29.4 ഓവറില്‍ 15 വിക്കറ്റുകളാണ് താരം ടൂര്‍ണമെന്റില്‍ സ്വന്തമാക്കിയത്. വെറും 10 ഫോറും രണ്ട് സിക്‌സും മാത്രമാണ് താരം വഴങ്ങിയത്. ഇതോടെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് അവാര്‍ഡും ബുംറയെ തേടിയെത്തിയിരുന്നു.

തന്റെ ശക്തമായ ബൗളിങ്ങിലൂടെ ടൂര്‍ണമെന്റില്‍ ഐതിഹാസികമായ പ്രകടനമാണ് താരം ലോകത്തിനുമുന്നില്‍ കാഴ്ചവച്ചത്. ബാറ്റ് കൊണ്ട് ഒരു റണ്‍സ് പോലും നേടാതെയാണ് താരം ഇതുപോലൊരു വമ്പന്‍ നേട്ടം സ്വന്തമാക്കിയത്

ഫൈനലില്‍ മികച്ച രീതിയില്‍ ഓവര്‍ പൂര്‍ത്തിയാക്കിയ ബുംറ നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി 2 വിക്കറ്റായിരുന്നു നേടിയത്.

 

Content Highlight: Jasprit Bumrah In Great Achievement Of ICC