| Wednesday, 27th November 2024, 4:05 pm

റബാദയെ വെട്ടി ഇന്ത്യന്‍ ഇടിമിന്നല്‍; ടെസ്റ്റില്‍ ബുംറയുടെ സമ്പൂര്‍ണാധിപത്യം!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടെസ്റ്റ് ബൗളിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നേടി ഇന്ത്യന്‍ പേസ് മാസ്റ്റര്‍ ജസ്പ്രീത് ബുംറ. ഓസ്‌ട്രേലിയക്കെതിരെ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ മിന്നും പ്രകടനം കാഴ്ചവെച്ചാണ് ബൗളിങ് റാങ്കിങ്ങില്‍ ബുംറ ഒന്നാം സ്ഥാനത്ത് എത്തിയത്.

883 റേറ്റിങ് പോയിന്റ് സ്വന്തമാക്കിയാണ് ബുംറ ഒന്നാം സ്ഥാനത്ത് എത്തിയത്. നേരത്തെ 872 പോയിന്റോടെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സൗത്ത് ആഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ കഗീസോ റബാദയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിവിട്ടാണ് ബുംറ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

നിലവില്‍ ഐ.സി.സി പുറത്ത് വിട്ട ടെസ്റ്റ് ബൗളിങ് റാങ്കിങ്

1. ജസ്പ്രീത് ബുംറ (ഇന്ത്യ) – 883 റേറ്റിങ് പോയിന്റ്

2. കഗീസോ റബാദ (സൗത്ത് ആഫ്രിക്ക) – 872 റേറ്റിങ് പോയിന്റ്

3. ജോഷ് ഹേസല്‍വുഡ് (ഓസ്‌ട്രേലിയ) 860 റേറ്റിങ് പോയിന്റ്

4. രവീന്ദ്ര ജഡേജ (ഇന്ത്യ) – 807 റേറ്റിങ് പോയിന്റ്

5. പ്രഭാത് ജയസൂര്യ (ശ്രീലങ്ക) – 801 റേറ്റിങ് പോയിന്റ്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ 295 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 150 റണ്‍സിന് ഓള്‍ ഔട്ടായെങ്കിലും ഓസീസിനെ 104 റണ്‍സിന് തകര്‍ക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 487 റണ്‍സ് നേടി വമ്പന്‍ തിരിച്ചുവരവ് നടത്തിയപ്പോള്‍ 534 റണ്‍സിന്റെ ടാര്‍ഗറ്റിന് ഇറങ്ങിയ കങ്കാരുപ്പട 238ന് പുറത്താകുകയായിരുന്നു. ഇന്ത്യയ്ക്ക് നിര്‍ണായകമായത് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയും ജെയ്‌സ്വാളുമായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും നേടി ബുംറ തിളങ്ങിയിരുന്നു. ഇതോടെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടാനും ബുംറയ്ക്ക് സാധിച്ചിരുന്നു. ഓസീസിന്റെ മുന്‍നിര ബാറ്റര്‍മാരെ ന്യൂബോളില്‍ പുറത്താക്കിക്കൊണ്ട് അമ്പരപ്പിക്കുന്ന പ്രകടനമാണ് താരം കാഴ്ചവെച്ചത്.

നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 41 മത്സരങ്ങളിലെ 79 ഇന്നിങ്‌സില്‍ നിന്ന് 313 മെയ്ഡന്‍ ഓവറുകള്‍ ഉള്‍പ്പെടെ 181 വിക്കറ്റുകള്‍ നേടാന്‍ ബുംറയ്ക്ക് സാധിച്ചിട്ടുണ്ട്. 6/27 എന്ന മികച്ച ബൗളിങ് പ്രകടനവും 2.76 എന്ന കിടിലന്‍ എക്കോണമിയും ഫോര്‍മാറ്റില്‍ താരം സ്വന്തമാക്കിയിട്ടുണ്ട്.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് ഡിസംബര്‍ 6 മുതല്‍ 10 വരെ അഡ്ലെയ്ഡ് ഓവലിലാണ് നടക്കുക. ഡേ- നൈറ്റ് ടെസ്റ്റ് ആയതിനാല്‍ പിങ്ക് ബോളായിരിക്കും ഉപയോഗിക്കുക. അഡ്‌ലെയ്ഡിലും ഇന്ത്യ തങ്ങളുടെ ഡെമിനേഷന്‍ തുടരുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlight: Jasprit Bumrah In First Position At ICC Test Bowling Ranking

We use cookies to give you the best possible experience. Learn more