| Saturday, 21st December 2024, 5:40 pm

ഓസ്‌ട്രേലിയക്കാരനല്ലാത്ത ഏക താരം, അതും ഒന്നാമന്‍; ഓസ്‌ട്രേലിയ കീഴടക്കി ബുംറ

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഡിസംബര്‍ 26ന്, ബോക്‌സിങ് ഡേയില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് പരമ്പരയിലെ നാലാം മത്സരം അരങ്ങേറുന്നത്.

പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഓരോ വിജയവുമായി ഒപ്പത്തിനൊപ്പമാണ്. പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 295 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയപ്പോള്‍ ഡേ – നൈറ്റ് ഫോര്‍മാറ്റില്‍ അഡ്‌ലെയ്ഡില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയും വിജയിച്ചുകയറി. ബ്രിസ്‌ബെയ്‌നിലെ ടെസ്റ്റില്‍ മഴ കളിച്ചതോടെ സമനിലയിലും പിരിഞ്ഞു.

ആദ്യ മൂന്ന് മത്സരങ്ങളിലേതെന്ന പോലെ നാലാം മത്സരത്തിലും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ കരുത്തില്‍ തന്നെയാണ് ഇന്ത്യ മുഴുവന്‍ പ്രതീക്ഷകളും വെച്ചുപുലര്‍ത്തുന്നത്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ മികച്ച ട്രാക്ക് റെക്കോഡുള്ള ബുംറ മെല്‍ബണിലും ഇന്ത്യയുടെ ചാലകശക്തിയാകുമെന്നുറപ്പാണ്.

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഏറ്റവും മികച്ച ടെസ്റ്റ് ശരാശരിയുള്ള ബൗളറാണ് ബുംറ. കങ്കാരുക്കളുടെ തട്ടകത്തില്‍ ഏറ്റവും മികച്ച ആവറേജുള്ള താരങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ സ്വാഭാവികമായും ഓസീസ് താരങ്ങള്‍ തന്നെയാണ് അതില്‍ നിറഞ്ഞുനില്‍ക്കുന്നത്. എന്നാല്‍ അതില്‍ തലപ്പത്ത് നില്‍ക്കുന്നതാകട്ടെ ബുംറയും.

ഇത്തവണത്തെ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്ക് മുമ്പ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ബുംറയുടെ ടെസ്റ്റ് ശരാശരി 19.36 ആയിരുന്നു. എന്നാല്‍ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ അത് 17.15 ആയി മെച്ചപ്പെടുത്തിയിരിക്കുകയാണ് സൂപ്പര്‍ താരം.

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഏറ്റവും മികച്ച ടെസ്റ്റ് ശരാശരിയുള്ള ബൗളര്‍

(താരം – ടീം – ശരാശരി എന്നീ ക്രമത്തില്‍)

ജസ്പ്രീത് ബുംറ – ഇന്ത്യ – 17.15

പാറ്റ് കമ്മിന്‍സ് – ഓസ്‌ട്രേലിയ – 20.05

ഗ്ലെന്‍ മഗ്രാത്ത് – ഓസ്‌ട്രേലിയ – 22.43

ജോഷ് ഹെയ്‌സല്‍വുഡ് – ഓസ്‌ട്രേലിയ – 22.70

ഡെന്നിസ് ലില്ലി – ഓസ്‌ട്രേലിയ – 23.73

ജേസണ്‍ ഗില്ലെസ്പി – ഓസ്‌ട്രേലിയ – 24.68

മിച്ചല്‍ ജോണ്‍സണ്‍ – ഓസ്‌ട്രേലിയ -25.47

മിച്ചല്‍ സ്റ്റാര്‍ക് – ഓസ്‌ട്രേലിയ – 26.07

ഷെയ്ന്‍ വോണ്‍ – ഓസ്‌ട്രേലിയ – 26.39

പരമ്പരയില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ പുറത്തെടുക്കുന്നത്. കളിച്ച മൂന്ന് മത്സരത്തിലെ ആറ് ഇന്നിങ്‌സിലും അവിശ്വസനീയമായ രീതിയിലാണ് താരം പന്തെറിഞ്ഞത്.

ആറ് ഇന്നിങ്‌സില്‍ നിന്നുമായി ഇതിനോടകം തന്നെ 21 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഇന്ത്യന്‍ നിരയിലും ഓസീസ് നിരയിലും മറ്റൊരു ബൗളറും 15 വിക്കറ്റ് തികച്ച് നേടിയിട്ടില്ല എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.

25.14 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലും 10.90 എന്ന അതിലും മികച്ച ശരാശരിയിലുമാണ് ബുംറ പന്തെറിയുന്നത്. ഇതിനോടകം തന്നെ രണ്ട് ഫൈഫറുകളും താരം സ്വന്തമാക്കി.

ഇന്ത്യ ഇതിന് മുമ്പ് ഓസ്‌ട്രേലിയയില്‍ കളിച്ച രണ്ട് മെല്‍ബണ്‍ ടെസ്റ്റിലും മികച്ച പ്രകടനമാണ് ബുംറ പുറത്തെടുത്തത്. 2018ലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍ 2020ല്‍ ആറ് വിക്കറ്റും താരം സ്വന്തമാക്കി. ഇത്തവണയും ബുംറ മാജിക് മെല്‍ബണില്‍ പിറവിയെടുക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content highlight: Jasprit Bumrah has the best test bowling average in Australia

We use cookies to give you the best possible experience. Learn more