ടീം ഗെയ്മില്‍ ഒരാള്‍ മാത്രം വിചാരിച്ചതുകൊണ്ട് ജയം സ്വന്തമാകില്ല എന്ന് വ്യക്തമാക്കുന്നതാണ് ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ഓരോ മത്സരങ്ങളും. വിരാടും രോഹിത്തും ജഡേജയും പരാജയപ്പെടുമ്പോള്‍ ഇന്ത്യയെന്ന മഹാമേരുവിനെ ജസ്പ്രീത് ബുംറ ഒറ്റയ്ക്ക് തോളിലേറ്റുകളാണ്. ബുംറയ്ക്ക് പിന്തുണ നല്‍കാന്‍ ആര്‍ക്കും സാധിക്കുന്നില്ല എന്നതാണ് ഇന്ത്യയുടെ പരാജയങ്ങള്‍ക്ക് കാരണവും.
ഒടുവില്‍ ഇന്ത്യ പരാജയപ്പെട്ട മെല്‍ബണിലും ബുംറ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്തിയ താരം രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുമായാണ് തന്റെ റോള്‍ ഗംഭീരമാക്കിയത്.
രണ്ടാം ഇന്നിങ്‌സിലെ അഞ്ച് വിക്കറ്റ് നേട്ടത്തിന് പിന്നാലെ ബുംറ 2024 കലണ്ടര്‍ ഇയറില്‍ തന്റെ വിക്കറ്റ് നേട്ടം 71 ആയി ഉയര്‍ത്തുകയും ചെയ്തു. ഈ വര്‍ഷത്തെ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായാണ് ബുംറ ചരിത്രമെഴുതിയത്. 26 ഇന്നിങ്‌സില്‍ നിന്നും 14.92 ശരാശരിയില്‍ പന്തെറിയുന്ന ബുംറ നാല് തവണ നാല് വിക്കറ്റ് നേട്ടവും അഞ്ച് വിക്കറ്റ് നേട്ടം അഞ്ച് തവണയും സ്വന്തമാക്കി.
വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് സൂപ്പര്‍ താരം ഗസ് ആറ്റ്കിന്‍സണ്‍ 52 വിക്കറ്റ് മാത്രമാണ് നേടിയത് എന്ന മനസിലാക്കുമ്പോഴാണ് ബുംറയുടെ ഡോമിനേഷന്‍ എത്രത്തോളമാണെന്ന് വ്യക്തമാവുക.
ടെസ്റ്റ് ഫോര്‍മാറ്റ് ചരിത്രത്തില്‍ ഇത് 18ാം തവണയാണ് ഒരു കലണ്ടര്‍ ഇയറില്‍ ഒരു ബൗളര്‍ 70 വിക്കറ്റ് മാര്‍ക് പിന്നിടുന്നത്. ഇതില്‍ ഏറ്റവും മികച്ച ബൗളിങ് ശരാശരി ബുംറയ്ക്കാണുള്ളത്. ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ മുത്തയ്യ മുരളീധരനെയും മറികടന്നാണ് ബുംറ കുതിക്കുന്നത്.
(താരം – ടീം – ഇന്നിങ്‌സ് – വിക്കറ്റ് – ശരാശരി – വര്‍ഷം എന്നീ ക്രമത്തില്‍)
ജസ്പ്രീത് ബുംറ – ഇന്ത്യ – 26 – 71 – 14.92 – 2024*
മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക – 21 – 90 – 16.90 – 2006
ഷെയ്ന്‍ വോണ്‍ – ഓസ്‌ട്രേലിയ – 19 – 70 – 18.20 -1994
മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക – 17 – 75 – 19.50 – 2000
അലന്‍ ഡൊണാള്‍ഡ് – സൗത്ത് ആഫ്രിക്ക – 26 – 80 – 19.63 – 1998
ഡെയ്ല്‍ സ്റ്റെയ്ന്‍ – സൗത്ത് ആഫ്രിക്ക – 24 – 74 – 20.01 – 2008
മാല്‍ക്കം മാര്‍ഷല്‍ – വെസ്റ്റ് ഇന്‍ഡീസ് – 25 – 73 – 20.15 – 1984
ജോയല്‍ ഗാര്‍ഡ്‌നര്‍ – വെസ്റ്റ് ഇന്‍ഡീസ് – 29 – 79 – 1984
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ നാല് മത്സരത്തില്‍ നിന്നും 30 വിക്കറ്റുമായാണ് ജസ്പ്രീത് ബുംറ പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 20 വിക്കറ്റുമായി ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സാണ് രണ്ടാമന്‍.
12.83 ശരാശരിയിലാണ് ബുംറ ഈ പരമ്പരയില്‍ പന്തെറിയുന്നത്. 28.27 സ്‌ട്രൈക്ക് റേറ്റുള്ള ബുംറയുടെ എക്കോണമി 2.72 മാത്രമാണ്. മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടവും ബുംറ ഈ പരമ്പരയില്‍ സ്വന്തമാക്കിയിട്ടുണ്ട്.
വിജയത്തോടെ ഈ വര്‍ഷത്തെ ടെസ്റ്റ് ക്യാമ്പെയ്ന്‍ അവസാനിപ്പിക്കാന്‍ സാധിച്ചില്ല എന്നത് മാത്രമാണ് ബുംറയുടെ നേട്ടത്തില്‍ അല്‍പമെങ്കിലും നിരാശ ഉണര്‍ത്തുന്നത്. പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ബുംറയുടെ ചിറകിലേറി ഇന്ത്യ വിജയിക്കുമെന്നും പരമ്പര തോല്‍ക്കാതെ കാക്കുമെന്നുമാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content Highlight: Jasprit Bumrah has the best bowling average among bowlers with 70 test wickets in a calendar year