ബൗളര്‍മാരിലെ രാജാവായി വീണ്ടും ബുംറ; ഏകദിന റാങ്കിങില്‍ ഒന്നാമതെത്തുന്ന ഇന്ത്യയുടെ രണ്ടാമത്തെ മാത്രം ഫാസ്റ്റ് ബൗളര്‍
ഐ.സി.സിയുടെ റാങ്കിങില്‍ മികച്ച നേട്ടമുണ്ടാക്കി ജസ്പ്രീത് ബുംറ. ഏകദിന ബൗളര്‍മാരുടെ റാങ്കിങിലാണ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഒന്നാം നമ്പറിലെത്തിയത്. ഇംഗ്ലണ്ടുമായുള്ള ആദ്യ ഏകദിനത്തില്‍ ആറ് വിക്കറ്റുകളുമായി കരിയര്‍ ബെസ്റ്റ് പ്രകടനം നടത്തിയതിന് പിന്നാലെയാണ് അദ്ദേഹം ഏകദിനത്തിലെ പുതിയ രാജാവായിരിക്കുന്നത്.
ഓവലില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് ജസ്പ്രീത് ബുംറ കാഴ്ചവെച്ചത്. വെടിക്കെട്ടിന് പേരുകേട്ട ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകര്‍ത്തെറിയുകയായിരുന്നു ഇന്ത്യ. വെറും 110 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിനെ ഇന്ത്യ ബൗള്‍ര്‍മാര്‍ എറിഞ്ഞിട്ടത്.
ഇന്ത്യന്‍ ബൗളിങ് നിരയെ നയിച്ചത് ജസ്പ്രിത് ബുംറയായിരുന്നു. മൂന്ന് ബാറ്റര്‍മാരെ പൂജ്യത്തിന് പുറത്താക്കിയ ബുംറ ആറ് ഇംഗ്ലീഷ് വിക്കറ്റുകളാണ് കൊയ്തത്. 7.2 ഓവറില്‍ വെറും 19 റണ്‍സ് വഴങ്ങിയാണ് ബുംറ ആറ് വിക്കറ്റുകള്‍ നേടിയത്. മത്സരത്തിലെ താരവും ബുംറയായിരുന്നു.
ഈ പ്രകടനത്തോടെയാണ് ഐ.സി.സി റാങ്കിങില്‍ വലിയ കുതിപ്പ് നടത്താന്‍ ബുംറയെ സഹായിച്ചത്. ഒറ്റയടിക്ക് അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് താരം ഒന്നാം റാങ്കിലെത്തിയത്.
ഏകദിന റാങ്കിങില്‍ ഒന്നാമതെത്തിയ ഇന്ത്യയുടെ രണ്ടാമത്തെ മാത്രം ഫാസ്റ്റ് ബൗളറാണ് ബുംറ. നേരത്തേ മുന്‍ ഇതിഹാസ ആള്‍റൗണ്ടര്‍ കപില്‍ ദേവാണ് ഒന്നാം റാങ്കിന് അവകാശിയായ ആദ്യ ഇന്ത്യന്‍ പേസര്‍. സ്പിന്നര്‍മാരായ മനീന്ദര്‍ സിങ്, അനില്‍ കുംബ്ലെ, രവീന്ദ്ര ജഡേജ എന്നിവരാണ് ഏകദിനത്തില്‍ ഒന്നാം റാങ്കിലെത്തിയ മറ്റ് ഇന്ത്യന്‍ ബൗളര്‍മാര്‍.
അതേസമയം, ടി20 ഫോര്‍മാറ്റില്‍ ബാറ്റര്‍മാരുടെ റാങ്കിങില്‍ ഏറ്റവുമുയര്‍ന്ന പൊസിഷനിലുള്ള ഇന്ത്യന്‍ താരമായി സൂര്യകുമാര്‍ യാദവും മാറിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20യിലെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് താരത്തെ ഇതിനു സഹായിച്ചത്.