എന്റെ ബാറ്റല്ലേ, അപ്പോള്‍ എന്റെ പേര് തന്നെ സ്റ്റിക്കറായി ഒട്ടിക്കട്ടെ; വൈറലായി സഞ്ജുവിന്റെയും ബുംറയുടെയും വീഡിയോ
IPL
എന്റെ ബാറ്റല്ലേ, അപ്പോള്‍ എന്റെ പേര് തന്നെ സ്റ്റിക്കറായി ഒട്ടിക്കട്ടെ; വൈറലായി സഞ്ജുവിന്റെയും ബുംറയുടെയും വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 1st April 2022, 6:25 pm

ഐ.പി.എല്ലില്‍ അടുത്ത മത്സരത്തിനൊരുങ്ങുന്ന രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും പ്രാക്ടീസ് സെഷനുകളില്‍ കാര്യമായി തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

ആദ്യ മത്സരത്തിലെ പരാജയത്തിന് പിന്നാലെ ഗംഭീര തിരിച്ചുവരവിനൊരുങ്ങുന്ന മുംബൈയും വിജയം തുടരാനൊരുങ്ങുന്ന റോയല്‍സും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ മത്സരം തീ പാറുമെന്നുറപ്പാണ്.

മത്സരത്തിന് മുമ്പായി രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജുവിന്റെയും മുംബൈയുടെ ബൗളിംഗ് സെന്‍സേഷനുമായ ജസ്പ്രീത് ബുംറയുടെയും വീഡിയോ ആണ് ട്രെന്റിംഗാവുന്നത്.

റോയല്‍ അണ്‍പ്ലഗ്ഡിന്റെ പുതിയ എപ്പിസോഡില്‍ സഞ്ജു ബുംറയെ കാണുന്നു എന്ന ക്യാപ്ഷനോടെയാണ് രാജസ്ഥാന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

താന്‍ ഉപയോഗിക്കുന്ന ബാറ്റില്‍ തന്റെ പേര് തന്നെ സ്റ്റിക്കര്‍ ആയി വെക്കണമെന്ന് ബുംറ പറയുന്നതും ബുംറയുടെ അഭിപ്രായം കേട്ട് പൊട്ടിച്ചിരിക്കുന്ന സഞ്ജുവുമാണ് വീഡിയോയിലുള്ളത്.

‘ബാറ്റില്‍ ജസ്പ്രീത് ബുംറയുടെ സ്റ്റിക്കര്‍ തന്നെ വേണം. എന്ത് സ്റ്റിക്കറായാലും പ്രശ്‌നമില്ല, അതില്‍ എന്റെ പേര് വേണം. ആ ബാറ്റ് കൊണ്ട് ഞാന്‍ ഇന്ത്യയ്ക്കുവേണ്ടി ഒരു ടെസ്റ്റ് മത്സരം ജയിപ്പിച്ചിട്ടുണ്ട്,’ ബുംറ പറയുന്നു.

ഇന്ത്യ ലോര്‍ഡ്‌സ് പിടിച്ചടക്കിയ ടെസ്റ്റ് മത്സരമാണ് ബുംറ ഉദ്ദേശിച്ചിരിക്കുന്നത്. മുഹമ്മദ് ഷമിക്കൊപ്പം ഒമ്പതാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 89 റണ്‍സായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ നിര്‍ണായകമായത്.

സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം. വിജയം തുടരാനായി രാജസ്ഥാന്‍ റോയല്‍സ് മൈതാനത്തിറങ്ങുമ്പോള്‍ സീസണിലെ ആദ്യ ജയമാണ് മുംബൈ ലക്ഷ്യമിടുന്നത്.

ആദ്യ മത്സരത്തില്‍ മുംബൈയ്‌ക്കൊപ്പമില്ലാതിരുന്ന സൂര്യകുമാര്‍ യാദവ് കൂടെ ടീമിനൊപ്പം ചേരുമ്പോള്‍ മുംബൈ ബാറ്റിംഗ് നിര കൂടുതല്‍ ശക്തമാകും.

മറുവശത്ത് മിന്നുന്ന ഫോമില്‍ തുടരുന്ന സഞ്ജുവും ദേവദത്ത് പടിക്കലും ഹെറ്റ്‌മെയറും കൂടിയാവുമ്പോള്‍ ശനിയാഴ്ച നടക്കുന്നത് ബാറ്റര്‍മാരുടെ മത്സരമാവുമെന്നുറപ്പ്.

Content Highlight: Jasprit Bumrah has a hilarious conversation with Sanju Samson before Mumbai Indians vs Rajasthan Royals