ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിന് മുമ്പായി ഇന്ത്യന്‍ ടീമിന് ഒരു സന്തോഷവാര്‍ത്ത. ലോകകപ്പിനുള്ള ടീമിനെ തെരഞ്ഞെടുക്കുന്നതിന് മുമ്പായി പരിക്കേറ്റ് പുറത്തായ സൂപ്പര്‍ താരങ്ങള്‍ ഫിറ്റ്‌നെസ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഇന്ത്യയുടെ ഫാസ്റ്റ് ബൗള്‍ ഡിപ്പാര്‍ട്‌മെന്റിന്റെ സ്പിയര്‍ ഹെഡ്ഡായ ജസ്പ്രീത് ബുംറയും ഓള്‍ റൗണ്ടര്‍ ഹര്‍ഷല്‍ പട്ടേലും ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നും ഫിറ്റ്‌നെസ് ടെസ്റ്റ് പൂര്‍ത്തിയാക്കി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഇന്‍സൈഡര്‍ സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, ടീം മാനേജ്‌മെന്റും സെലക്ടര്‍മാരും ഇരുവരുടെയും ആരോഗ്യനിലയെ കുറിച്ച് വിലയിരുത്തുകയും തൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിയിലാണ് ബുംറ അവസാനമായി കളിച്ചത്. ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡില്‍ ബുംറ ഉണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും താരം പരിക്കേറ്റ് പുറത്താവുകയായിരുന്നു.
എന്നാല്‍, ഇപ്പോള്‍ താരത്തിന് ആരോഗ്യപ്രശ്‌നമൊന്നുമില്ലെന്നാണ് വിലയിരുത്തല്‍. ടി-20 ലോകകപ്പിനുള്ള സെലക്ഷനില്‍ ബുംറയും ഹര്‍ഷല്‍ പട്ടേലും ഉണ്ടാകുമെന്നുറപ്പായിരിക്കുകയാണ്.
ലോകകപ്പിന് മുമ്പ് നടക്കാനിരിക്കുന്ന ഓസീസിനെതിരായ പരമ്പരയിലും ഇരുവരും ടീമില്‍ ഉണ്ടായേക്കാം.
സെപ്റ്റംബര്‍ 15, 16 തീയതികളില്‍ നടക്കുന്ന സെലക്ഷന്‍ സമിതിയുടെ യോഗത്തിലാവും ബൈലാറ്ററല്‍ സീരീസിനും ടി-20 ലോകകപ്പിനുമുള്ള ടീമിനെ ഫൈനലൈസ് ചെയ്യുക.
ഏഷ്യാ കപ്പിലെ ടീം സെലക്ഷനില്‍ ധാരാളം വിമര്‍ശനങ്ങള്‍ ബി.സി.സി.ഐക്കും സെലക്ഷന്‍ കമ്മിറ്റിക്കും നേരിടേണ്ടി വന്നിരുന്നു. ഏഷ്യാ കപ്പിലെ പോരായ്മകള്‍ മറികടക്കുന്ന ടീമിനെ തന്നെയായിരിക്കണം ബി.സി.സി.ഐ പ്രഖ്യാപിക്കുക.
Content Highlight: Jasprit Bumrah, Harshal Patel complete fitness test, ready to play in ICC T20 World Cup 2022