ഐ.സി.സി ടി-20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ രണ്ടാം ലോകകിരീടം സ്വന്തമാക്കിയിരുന്നു. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. വിജയലക്ഷം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
ഇന്ത്യന്‍ ബൗളിങ്ങില്‍ ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ രണ്ടു വീതം വിക്കറ്റും അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഈ ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ നടത്തിയത്.
ഈ ലോകകപ്പില്‍ എട്ട് മത്സരങ്ങളില്‍ നിന്നും 15 വിക്കറ്റുകള്‍ ആണ് ബുംറ നേടിയിട്ടുള്ളത്. ലോകകപ്പ് അവസാനിക്കുമ്പോള്‍ ഒരു ചരിത്ര നേട്ടമാണ് ബുംറ സ്വന്തമാക്കിയത്. ടി-20 ലോകകപ്പിന്റെ ഒരു പതിപ്പില്‍ ഏറ്റവും മികച്ച ആവറേജ് നേടുന്ന താരമെന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്. 8.3 ആവറേജിലാണ് ബുംറ ഈ ലോകകപ്പില്‍ പന്തെറിഞ്ഞത്.
അതേസമയം 59 പന്തില്‍ 76 റണ്‍സ് നേടിയ വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടല്‍ നേടിയത്. ആറ് ഫോറുകളും രണ്ട് സിക്‌സുകളുമാണ് വിരാടിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഇതിനു പിന്നാലെ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും വിരാട് സ്വന്തമാക്കിയിരുന്നു. ഒരു ഫോറും നാല് സിക്സുകളും ഉള്‍പ്പെടെ 31 പന്തില്‍ 47 റണ്‍സ് നേടിയ അക്‌സര്‍ പട്ടേലും മികച്ച പ്രകടനം നടത്തി.
Content Highlight: Jasprit Bumrah Great Record in T20 World Cup