| Friday, 7th June 2019, 2:37 pm

ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ക്ക് ഇഷ്ടം മലയാളക്കരയുടെ 'മേരി'യെ; ഞെട്ടിത്തരിച്ച് ആരാധകര്‍; നല്ല സുഹൃത്തുക്കളെന്ന് അനുപമ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ ടീമിലെ സ്റ്റാര്‍ ബൗളര്‍ ഇപ്പോള്‍ ആരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. ഓപ്പണിങ് സ്‌പെല്ലുകളിലും ഡെത്ത് ഓവറുകളിലും ഒരേ വീറോടെ പന്തെറിയുന്ന ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ. ക്രിക്കറ്റ് പ്രേമികളുടെ പ്രിയതാരം കൂടിയാണ് ബുംറ ഇന്ന്.

എന്നാല്‍ ബുംറയുടെ പ്രിയതാരം ആരാണെന്നറിഞ്ഞ് ഞെട്ടിയിരിക്കുകയാണു മലയാളികള്‍. ട്വിറ്ററില്‍ 10 ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ബുംറ ഫോളോ ചെയ്യുന്നത് കേവലം 25 പേരെ മാത്രമാണ്. ഇതിലാകട്ടെ ഒരു സിനിമാനടി മാത്രമാണ് ഇടംപിടിച്ചിരിക്കുന്നത്. അതാകട്ടെ, മലയാളികളുടെ പ്രിയപ്പെട്ട ‘മേരി’യും. പ്രേമത്തിലൂടെ അരങ്ങേറി മലയാളക്കര കീഴടക്കിയ അനുപമ പരമേശ്വരന്‍.

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതും സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായതും ഇന്നാണ്. ഗുജറാത്തുകാരനായ ബുംറയും മലയാളിയായ അനുപമയും തമ്മിലുള്ള ബന്ധമെന്താണെന്നാണ് ഇപ്പോഴത്തെ ചൂടേറിയ ചര്‍ച്ച.

തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യത്തിന് അനുപമ പറഞ്ഞ മറുപടി.

തെലുഗു സിനിമകളില്‍ സജീവമായതിനാലാവും അനുപമയെ ഫോളോ ചെയ്തതെന്ന ഒരു വാദം ഉയരുന്നുണ്ടെങ്കിലും ബുംറ ഗുജറാത്തി സിനിമകളും ബോളിവുഡും വിട്ട് തെലുഗു സിനിമ ശ്രദ്ധിക്കാന്‍ ഒരു സാധ്യതയുമില്ലെന്നാണ് മറ്റൊരു വിഭാഗം അവകാശപ്പെടുന്നത്.

പൊതുവേ സിനിമകളോടു താത്പര്യമുള്ള ബുംറയ്ക്ക് ബോളിവുഡ് നടിമാരുമായി അടുത്ത ബന്ധമുണ്ടെന്ന് അടുത്തിടെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പക്ഷേ അപ്പോഴും അനുപമ എന്ന പേര് ഉയര്‍ന്നുവന്നിരുന്നില്ല.

അനുപമയുടെ ട്വീറ്റുകള്‍ ബുംറയും ബുംറയുടെ ട്വീറ്റുകള്‍ അനുപമയും ലൈക്ക് ചെയ്യാറുണ്ടെന്നും ഇതോടകം പലരും കണ്ടെത്തിക്കഴിഞ്ഞു.

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലെ മേരി എന്ന കഥാപാത്രത്തില്‍ക്കൂടിയായിരുന്നു അനുപമ സിനിമയിലേക്കു രംഗപ്രവേശം ചെയ്തത്. പിന്നീട് മലയാളത്തിനേക്കാളേറെ തെലുഗു സിനിമകളിലാണ് അനുപമയെ കണ്ടത്.

മലയാളത്തില്‍ പിന്നീട് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തില്‍ മാത്രമാണ് അനുപമ അഭിനയിച്ചത്.

പ്രേമം തെലുഗില്‍ റിലീസ് ചെയ്തതോടെയാണ് അവിടെ അനുപമ കൂടുതല്‍ ശ്രദ്ധേയയാകുന്നത്. അതിനു മുന്‍പ് ത്രിവിക്രം ശ്രീനിവാസിന്റെ ഒരു സിനിമയില്‍ അനുപമ അഭിനയിച്ചിരുന്നു.

ഇനി തമിഴില്‍ സൂപ്പര്‍ഹിറ്റായ സൈക്കോളജിക്കല്‍ ത്രില്ലര്‍ രാക്ഷസന്റെ തെലുഗു റീമേക്കിലാണ് അനുപമയെത്തുന്നത്. തമിഴില്‍ അമലാ പോള്‍ ചെയ്ത നായികാ കഥാപാത്രമാണ് അനുപമ തെലുങ്കില്‍ ചെയ്യുന്നത്. അതിനിടെ തമിഴ്, കന്നഡ ചിത്രങ്ങളിലും അവര്‍ അരങ്ങേറി.

അതിനിടെ താന്‍ സഹസംവിധായകയാകുന്ന വിവരവും അനുപമ പുറത്തുവിട്ടിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മിക്കുന്ന സിനിമയിലാണ് അനുപമ സഹസംവിധായകയാവുന്നത്. അനുപമ അതില്‍ അഭിനയിക്കുന്നുമുണ്ട്.

We use cookies to give you the best possible experience. Learn more