|

ചരിത്ര നേട്ടത്തില്‍ സാക്ഷാല്‍ മുരളീധരനെയും കടത്തിവെട്ടി; ബുംറയ്ക്ക് മുമ്പില്‍ ഇനി വെറും മൂന്ന് പേര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടപ്പോഴും ആരാധകര്‍ക്ക് ആശ്വസിക്കാന്‍ വക നല്‍കിയത് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ മികച്ച പ്രകടനമാണ്.

മത്സരത്തില്‍ അഞ്ച് മെയ്ഡന്‍ അടക്കം 23 ഓവര്‍ പന്തെറിഞ്ഞ താരം നാല് 61 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 2.65 എന്ന മികച്ച എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്. മത്സരത്തിലെ ഏറ്റവും മികച്ച എക്കോണമി നിരക്ക് ബുംറയുടേതായിരുന്നു.

ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജ, നഥാന്‍ മക്‌സ്വീനി എന്നിവര്‍ക്ക് പുറമെ നായകന്‍ പാറ്റ് കമ്മിന്‍സിനെയും മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെയുമാണ് മത്സരത്തില്‍ ബുംറ പുറത്താക്കിയത്.

അഡ്‌ലെയ്ഡില്‍ നേടിയ നാല് വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഒരു റെക്കോഡും താരം സ്വന്തമാക്കി. സേന രാജ്യങ്ങളില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന ഏഷ്യന്‍ ബൗളര്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നിരിക്കുകയാണ് ബുംറ.

125 വിക്കറ്റുകളാണ് ബുംറ സേന രാജ്യങ്ങളില്‍ നിന്നും പിഴുതെറിഞ്ഞത്. 125 വിക്കറ്റുമായി ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരനും നാലാം സ്ഥാനത്തുണ്ടെങ്കിലും അദ്ദേഹത്തേക്കാള്‍ മികച്ച ബൗളിങ് ശരാശരിയുടെ ബലത്തില്‍ ഇന്ത്യന്‍ പേസര്‍ ഒരു പടി മുമ്പിലാണ്.

സേന രാജ്യങ്ങളില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടുന്ന ഏഷ്യന്‍ ബൗളര്‍മാര്‍

(താരം – ടീം – വിക്കറ്റ് – ശരാശരി എന്നീ ക്രമത്തില്‍)

വസീം അക്രം – പാകിസ്ഥാന്‍ – 146 – 24.11

അനില്‍ കുംബ്ലെ – ഇന്ത്യ – 141 – 37.04

ഇഷാന്ത് ശര്‍മ – ഇന്ത്യ – 130 – 36.86

ജസ്പ്രീത് ബുംറ – ഇന്ത്യ – 125 – 22.12*

മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക – 125 – 26.69

മുഹമ്മദ് ഷമി – ഇന്ത്യ – 123 – 32.88

സഹീര്‍ ഖാന്‍ – ഇന്ത്യ – 119 – 31.47

കപില്‍ ദേവ് – ഇന്ത്യ – 117 – 33.07

അതേസമയം, അഡ്‌ലെയ്ഡ് ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലും ഇന്ത്യക്ക് തിരിച്ചടിയേറ്റിരുന്നു. ഒന്നാം സ്ഥാനത്ത് നിന്നും മൂന്നാം സ്ഥാനത്തേക്കാണ് ഇന്ത്യ കാലിടറി വീണത്.

പോയിന്റ് ശതമാനത്തിലും കാര്യമായ ഇടിവ് സംഭവിച്ചു. ഇതോടെ ഫൈനലിലേക്കുള്ള ഇന്ത്യയുടെ പ്രവേശനവും കൂടുതല്‍ സങ്കീര്‍ണമായി.

ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ നിന്നും ഏറ്റവും ചുരുങ്ങിയത് രണ്ട് വിജയവും ഒരു സമനിലയും നേടിയാല്‍ ഇന്ത്യക്ക് ഫൈനലിലെത്താം. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ പി.സി.ടി 60.53 ശതമാനമായി ഉയരും. ഓസ്‌ട്രേലിയ – ശ്രീലങ്ക മത്സരത്തില്‍ കങ്കാരുക്കള്‍ 2-0ന് പരമ്പര നേടിയാലും ഇന്ത്യയെ മറികടക്കാനാകില്ല.

Content Highlight: Jasprit Bumrah equals Muttiah Muralitharan in the record of most test wickets in SENA countries

Latest Stories

Video Stories