ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചിരുന്നു. കേപ് ടൗണില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 79 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു.
ആദ്യ ഇന്നിങ്‌സിലേതെന്ന പോലെ ഇന്ത്യയുടെ ബൗളര്‍മാര്‍ തന്നെയാണ് മത്സരം സന്ദര്‍ശകര്‍ക്ക് അനുകൂലമാക്കിയത്. ആറ് വിക്കറ്റ് നേടിയ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ ഡ്രൈവിങ് സീറ്റിലിരുത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ 13.5 ഓവറില്‍ 61 റണ്‍സ് വഴങ്ങിയാണ് ബുംറ ആറ് വിക്കറ്റ് നേടിയത്.
നേടിയ ഒമ്പത് ഫൈഫറില്‍ എട്ടെണ്ണവും വിദേശ് പിച്ചുകളിലാണ് ബുംറ നേടിയത്. ഇതില്‍ മൂന്നെണ്ണം സൗത്ത് ആഫ്രിക്കയിലും. 2018ലും 2022ലുമാണ് ബുംറ ഇതിന് മുമ്പ് സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ അഞ്ച് വിക്കറ്റ് നേട്ടം തന്റെ പേരില്‍ കുറിച്ചത്.
2022ല്‍ ജോഹനാസ്‌ബെര്‍ഗിലായിരുന്നു ബുംറ ആദ്യമായി സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്.
ഹാഷിം അംല, ഫാഫ് ഡു പ്ലെസി, ക്വിന്റണ്‍ ഡി കോക്ക്, ആന്‍ഡില്‍ ഫെലുക്വായോ, ലുങ്കി എന്‍ഗിഡി എന്നിവരായിരുന്നു ജോഹനാസ്‌ബെര്‍ഗിലെ ബുംറയുടെ ഇരകള്‍.
ശേഷം 2022ല്‍ കേപ്ടൗണില്‍ നടന്ന മത്സരത്തില്‍ ഡീന്‍ എല്‍ഗര്‍, ഏയ്ഡന്‍ മര്‍ക്രം, കീഗന്‍ പീറ്റേഴ്സണ്‍, മാര്‍കോ യാന്‍സെന്‍, ലുങ്കി എന്‍ഗിഡി എന്നിവരെ പുറത്താക്കിയാണ് ബുംറ സൗത്ത് ആഫ്രിക്കയിലെ രണ്ടാം ഫൈഫര്‍ സ്വന്തമാക്കിയത്.
ഇപ്പോള്‍ കേപ് ടൗണില്‍ മറ്റൊരു ഫൈഫര്‍ കൂടി ബുംറ നേടിയിരിക്കുകയാണ്. സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ ബുംറ നേടിയ ഫൈഫറുകളിലെല്ലാം സ്റ്റാര്‍ പേസര്‍ ലുങ്കി എന്‍ഗിഡിയുടെ വിക്കറ്റും ഉള്‍പ്പെട്ടിട്ടുണ്ട് എന്നതാണ് രസകരമായ ഒരു വസ്തുത.
ഈ ആറ് വിക്കറ്റ് നേട്ടത്തിന് പിന്നാലെ തന്റെ ടെസ്റ്റ് വിക്കറ്റ് നേട്ടം 140 ആയി ഉയര്‍ത്താനും ബുംറക്കായി. കളിച്ച 32 മത്സരത്തിലെ 61 ഇന്നിങ്‌സില്‍ നിന്നുമായി 21.21 ശരാശരിയിലും 46.8 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം പന്തെറിയുന്നത്. 2.71 ആണ് ബുംറയുടെ റെഡ് ബോളിലെ എക്കോണമി.