പാളിപ്പോയ 'ഷോ'ട്ട്; ഒമ്പതാം തവണയും ബുംറ റൂട്ടിനെ തൂക്കി
Sports News
പാളിപ്പോയ 'ഷോ'ട്ട്; ഒമ്പതാം തവണയും ബുംറ റൂട്ടിനെ തൂക്കി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 17th February 2024, 12:34 pm

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് രാജ്‌കോട്ടില്‍ പുരോഗമിക്കുകയാണ്. നിലവില്‍ 61 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സിലാണ് ഇംഗ്ലണ്ട്.

ഓപ്പണര്‍ ബെന്‍ ഡക്കറ്റിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ഇംഗ്ലണ്ട് സ്‌കോര്‍ ഉയര്‍ത്തിയത്. 151 പന്തില്‍ രണ്ട് സിക്‌സറും 23 ബൗണ്ടറിയുമടക്കം 153 റണ്‍സാണ് താരം അടിച്ചെടുത്തത്. താരത്തിന്റെ നിര്‍ണായക വിക്കറ്റ് സ്വന്തമാക്കിയത് ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവാണ്.

മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് വളരെ പെട്ടെന്ന് തന്നെ രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായി. ജോണി ബെയര്‍സ്റ്റോ പൂജ്യത്തിന് മടങ്ങിയപ്പോള്‍ മോഡേണ്‍ ഡേ ലെജന്‍ഡ് ജോ റൂട്ട് 18 റണ്‍സിനും പുറത്തായി. റൂട്ടിനെ യശസ്വി ജെയ്സ്വാളിന്റെ കൈകളിലെത്തിച്ച് ജസ്പ്രീത് ബുംറയാണ് വിക്കറ്റ് സ്വന്തമാക്കിയത്. ജോ റൂട്ടിന്റെ റിവേഴ്‌സ് സ്‌കൂപ് ശ്രമം ജെയ്സ്വാളിന്റെ കയ്യിലെത്തിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.

ടെസ്റ്റില്‍ ഇത് ഒമ്പതാം തവണയാണ് ബുംറ റൂട്ടിനെ പുറത്താക്കുന്നത്. ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിലും രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലും ബുംറ റൂട്ടിനെ പുറത്താക്കിയിരുന്നു. നിലവില്‍ ഇന്ത്യന്‍ സ്പിന്‍ മാന്ത്രികന്‍ ആര്‍. അശ്വിന്‍ മത്സരത്തില്‍ നിന്നും പുറത്ത് പേയിരിക്കുകയാണ്. താരത്തിന്റെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് ചെന്നൈയിലേക്ക് പോയിരിക്കുകയാണ് താരം.

എന്നാല്‍ നിര്‍ണായക ടെസ്റ്റില്‍ താരത്തിന്റെ വിടവ് നികത്താന്‍ സ്പിന്‍ ബൗളര്‍ കുല്‍ദീപ് യാദവിന് സാധിച്ചിരിക്കുകയാണ്. ബെന്‍ ഡക്കറ്റിനേയും ബെയര്‍‌സ്റ്റേയേയും കയ്യിലാക്കിയാണ് താരം ബൗളിങ് തുടരുന്നത്.

നിലവില്‍ കളി തുടരുമ്പോള്‍ ബെന്‍ സ്‌റ്റോക്‌സ് 39 (74) റണ്‍സും ബെന്‍ ഫോക്‌സ് 6 (28) റണ്‍സുമെടുത്ത് ക്രീസില്‍ തുടരുന്നുണ്ട്.

 

Content Highlight: Jasprit Bumrah dismissed Joe Root for the ninth time