ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ രണ്ടാം മത്സരം വിശാഖപട്ടണത്ത് നടന്നുകൊണ്ടിരിക്കുകയാണ്.
ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 253 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യന്‍ ബൗളിങ് നിരയില്‍ മിന്നും പ്രകടനമാണ് പേസര്‍ ജസ്പ്രീത് ബുംറ നടത്തിയത്. ഇംഗ്ലണ്ടിന്റെ ആറ് വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. 15.5 ഓവറില്‍ അഞ്ച് മെയ്ഡന്‍ അടക്കം 45 റണ്‍സ് വിട്ടുകൊടുത്താണ് ബുംറ ആറ് വിക്കറ്റ് നേടിയത്. 2.84 എന്ന മിന്നും ഇക്കണോമിയിലാണ് ബുംറ പന്തെറിഞ്ഞത്.
ഒല്ലീ പോപ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ്, ടോം ഹര്‍ട്ലി, ജെയിംസ് ആന്‍ഡേഴ്സണ്‍, എന്നിവരുടെ വിക്കറ്റുകളാണ് ബുംറ പിഴുതെടുത്തത്. ഈ തകര്‍പ്പന്‍ പ്രകടനത്തിനും പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ബുംറയെ തേടിയെത്തിയത്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ നിന്നും 150 വിക്കറ്റുകള്‍ നേടുന്ന ഏഷ്യയിലെ രണ്ടാമത്തെ ഫാസ്റ്റ് ബൗളര്‍ എന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്. 34 മത്സരങ്ങളില്‍ നിന്നുമാണ് ബുംറ 150 വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 27 മത്സരങ്ങളില്‍ നിന്നും 150 ക്രിക്കറ്റുകള്‍ നേടിയ പാകിസ്ഥാന്‍ പേസര്‍ വഖാര്‍ യൂനസ് ആണ് പട്ടികയില്‍ ഒന്നാമതുള്ളത്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കുറച്ച് മത്സരങ്ങളില്‍ നിന്നും 150 വിക്കറ്റുകള്‍ നേടിയ ഏഷ്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍
(താരം, മത്സരങ്ങള്‍ എന്നീ ക്രമത്തില്‍)
വഖാര്‍ യൂനസ്-27
ജസ്പ്രീത് ബുംറ-34
ഇമ്രാന്‍ ഖാന്‍-37
ഷോയിബ് അക്തര്‍-37
ബുംറയെ കൂടാതെ സ്പിന്‍ മാന്ത്രികന്‍ കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകള്‍ നേടി. 17 ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 71 റണ്‍സ് വിട്ടുകൊടുത്താണ് കുല്‍ദീപ് മൂന്ന് വിക്കറ്റ് നേടിയത്. അക്സര്‍ പട്ടേല്‍ ശേഷിക്കുന്ന ഒരു വിക്കറ്റും സ്വന്തമാക്കി.
Content Highlight: Jasprit Bumrah create a new record.