| Wednesday, 25th December 2024, 6:21 pm

അനില്‍ കുംബ്ലെയെ തകര്‍ക്കാന്‍ വെറും ഒരു വിക്കറ്റ് ദൂരം, മെല്‍ബണില്‍ ബുംറയെ കാത്തിരിക്കുന്നത് ഇരട്ട റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്‌സിങ് ഡേ ടെസ്റ്റ് എം.സി.ജിയിലാണ് നടക്കുക. ഡിസംബര്‍ 26 മുതല്‍ 30വരെയാണ് മത്സരം. നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ഇരുവരും വിജയം മാത്രം ലക്ഷ്യംവെച്ചാണ് ഇറങ്ങുന്നത്.

പരമ്പരയില്‍ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറകാഴ്ചവെച്ചത്. 21 വിക്കറ്റുകളാണ് ഇതുവരെ പരമ്പരയില്‍ താരം സ്വന്തമാക്കിയത്. ബുംറയ്ക്ക് മാത്രമാണ് വിക്കറ്റ് ടേക്കിങ്ങില്‍ സ്ഥിരത പുലര്‍ത്താന്‍ സാധിച്ചത്.

ഇതുവരെ ടെസ്റ്റില്‍ 194 വിക്കറ്റുകളാണ് ബുംറ നേടിയത്. 200 ടെസ്റ്റ് വിക്കറ്റുകള്‍ നേടാനുള്ള സുവര്‍ണാവസരമാണ് ബുംറയുടെ മുന്നിലുള്ളത്. വെറും ആറ് വിക്കറ്റുകളാണ് ഇനി ബുംറയ്ക്ക് ഈ നേട്ടത്തിലെത്തിച്ചേരാന്‍ വേണ്ടത്. എന്നാല്‍ ഇതിനോടൊപ്പം മറ്റൊരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിക്കും.

മെല്‍ബണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്താന്‍ ഇനി വെറും ഒരു വിക്കറ്റ് ദൂരം മാത്രമാണ് ബുംറയ്ക്ക്. നിലവില്‍ ഈ നേട്ടത്തില്‍ ഇന്ത്യന്‍ ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെയ്‌ക്കൊപ്പമാണ് ബുംറ. 15 വിക്കറ്റുകളാണ് ഇരുവരും നേടിയത്.

മെല്‍ബണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരം, മത്സരം, വിക്കറ്റ്

അനില്‍ കുംബ്ലെ – മൂന്ന് – 15

ജസ്പ്രീത് ബുംറ – രണ്ട് മത്സരം – 15

ആര്‍. അശ്വിന്‍ – മൂന്ന് – 14

കപില്‍ ദേവ് – മൂന്ന് – 14

ഉമേഷ് യാദവ് – മൂന്ന് – 13

മെല്‍ബണിലും ബുംറ മിന്നും പ്രകടനം കാഴ്ചവെക്കുമെന്ന് ഉറപ്പാണ്. കാരണം മെല്‍ബണ്‍ പിച്ച് പേസര്‍മാര്‍ക്ക് ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Jasprit Bumrah Can Achieve Double Record In M.C.G Test

We use cookies to give you the best possible experience. Learn more