| Friday, 3rd January 2025, 5:57 pm

കോണ്‍സ്റ്റസിന് നന്ദി, ഖവാജയുടെ അന്തകന്‍മാരില്‍ രണ്ടാം സ്ഥാനത്തേക്ക്; 6/6, എല്ലാം ഈ പരമ്പരയില്‍ തന്നെ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം സിഡ്നിയില്‍ തുടരുകയാണ്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറയ്ക്ക് കീഴിലാണ് ഇന്ത്യ അഞ്ചാം മത്സരം കളിക്കുന്നത്.

പരമ്പര നഷ്ടപ്പെടാതെ കാക്കാന്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്. അതേസമയം, സിഡ്നിയില്‍ സമനില നേടിയാല്‍ പോലും ഓസ്ട്രേലിയക്ക് പരമ്പര സ്വന്തമാക്കാന്‍ സാധിക്കും.

മത്സരത്തിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ 176 റണ്‍സിന് പിറകിലാണ്. ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സ് മറികടന്ന് ലീഡ് ഉയര്‍ത്താനെത്തിയ ഓസ്‌ട്രേലിയക്ക് ടീം സ്‌കോര്‍ ഒമ്പതില്‍ നില്‍ക്കവെ തങ്ങളുടെ ആദ്യ വിക്കറ്റ് നഷ്ടമായിരിക്കുകയാണ്.

സ്‌കോര്‍ (ആദ്യ ദിനം അവസാനിക്കുമ്പോള്‍)

ഇന്ത്യ – 185

ഓസ്‌ട്രേലിയ – 9/1

പത്ത് പന്തില്‍ രണ്ട് റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയുടെ വിക്കറ്റാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. ആദ്യ ദിവസത്തെ അവസാന പന്തില്‍ ഹോം ടൗണ്‍ ബോയ് പവലിയനിലേക്ക് തിരിച്ചുനടന്നു. ജസ്പ്രീത് ബുംറയുടെ പന്തില്‍ കെ.എല്‍. രാഹുലിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

ഓസ്‌ട്രേലിയന്‍ യുവ താരം സാം കോണ്‍സ്റ്റസിന്റെ സ്ലെഡ്ജിങ്ങിന് തൊട്ടുപിന്നാലെയാണ് ബുംറ ഖവാജയെ മടക്കിയത്. പന്തെറിയാനെത്തിയ ബുംറയോട് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന കോണ്‍സ്റ്റസ് ദേഷ്യപ്പെട്ട് സംസാരിക്കുകയായിരുന്നു. ബുംറ താരത്തെ ദേഷ്യത്തോടെ തുറിച്ചുനോക്കുകയും ചെയ്തു.

വാക്കുകളിലൂടെയല്ല, പന്തുകൊണ്ടാണ് ബുംറ കോണ്‍സ്റ്റസിനുള്ള മറുപടി നല്‍കിയത്. സ്‌ട്രൈക്കിലുണ്ടായിരുന്ന ഖവാജയെ മടക്കി ബുംറ ഓസ്‌ട്രേലിയയുടെ ആദ്യ രക്തം ചിന്തി.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇത് ആറാം തവണയാണ് ഖവാജ ബുംറയുടെ പന്തില്‍ പുറത്താകുന്നത്. ഇതില്‍ ആറും ഈ പരമ്പരയില്‍ തന്നെയായിരുന്നു എന്നതാണ് രസകരമായ മറ്റൊരു വസ്തുത.

ഇതിന് പുറമെ ടെസ്റ്റില്‍ ഖവാജയെ ഏറ്റവുമധികം തവണ പുറത്താക്കുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറാനും ബുംറയ്ക്കായി.

ടെസ്റ്റില്‍ ഏറ്റവുമധികം തവണ ഉസ്മാന്‍ ഖവാജയെ പുറത്താക്കുന്ന താരങ്ങള്‍

(താരം – ടീം – എത്ര തവണ വിക്കറ്റ് നേടി എന്നീ ക്രമത്തില്‍)

സ്റ്റുവര്‍ട്ട് ബ്രോഡ് – ഇംഗ്ലണ്ട് – 8

ജസ്പ്രീത് ബുംറ – ഇന്ത്യ – 6*

ക്രിസ് വോക്‌സ് – ഇംഗ്ലണ്ട് – 6

കഗീസോ റബാദ – സൗത്ത് ആഫ്രിക്ക – 5

ഗ്രെയം സ്വാന്‍ – ഇംഗ്ലണ്ട് – 5

അതേസമയം, അടുത്ത ദിവസങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്ത് ഓസ്‌ട്രേലിയയെ തളച്ചിടുക എന്ന ലക്ഷ്യം തന്നെയായിരിക്കും ഇന്ത്യയ്ക്കുണ്ടാവുക. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി കൈവിടാതിരിക്കാന്‍ ഇന്ത്യയ്ക്ക് സിഡ്‌നിയിലെ പിങ്ക് ടെസ്റ്റ് വിജയിച്ചേ മതിയാകൂ.

Content highlight: Jasprit Bumrah becomes the second player to dismiss Usman Khawaja most times in Tests

We use cookies to give you the best possible experience. Learn more